Advertisment

റെയിൽവേ മന്ത്രിയായുള്ള രണ്ടാമൂഴത്തിൽ അശ്വനി വൈഷ്ണവ് കേരളത്തിന് സമ്മാനം നൽകുക വന്ദേ മെട്രോയും വന്ദേഭാരത് സ്ലീപ്പറും. കേരളത്തിന് പരിഗണിക്കുന്നത് 10 വന്ദേമെട്രോ ട്രെയിനുകൾ. ഒ. രാജഗോപാൽ കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ എന്ന പോലെ കേരളത്തിൽ കൂടുതൽ ട്രെയിനുകൾ നൽകി വരുന്ന തിരഞ്ഞെടുപ്പുകളിൽ തരംഗമാവാൻ ബിജെപി. ടൂറിസം, ഫിഷറീസ് മേഖലകളിലും കേന്ദ്രപദ്ധതികൾ ഒഴുകും. കേരളം പിടിക്കാൻ പദ്ധതികൾ മെനഞ്ഞ് ബിജെപി

New Update
modi suresh gopi two.jpg

തിരുവനന്തപുരം: ഒ.രാജഗോപാൽ കേന്ദ്രമന്ത്രി ആയിരുന്ന കാലത്തേതു പോലെ കേരളത്തിന് മുന്തിയ പരിഗണന നൽകി വരുന്ന തിരഞ്ഞെടുപ്പുകളിൽ വിജയം കൊയ്യാനുള്ള പദ്ധതി തയ്യാറാക്കുകയാണ് ബിജെപി. റെയിൽവേ, ടൂറിസം, ഫിഷറീസ് വകുപ്പുകളിൽ കേന്ദ്രപദ്ധതികൾ ഇനി കേരളത്തിലേക്ക് ഒഴുകിയെത്തും. ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 11 മണ്ഡലത്തിൽ ഒന്നാമതും 9ഇടത്ത് രണ്ടാമതും എത്തിയതിന്റെ ആവേശത്തിലാണ് ബി.ജെ.പി കേരളത്തിലേക്ക് വികസന പദ്ധതികൾ ഒഴുക്കുന്നത്.

Advertisment

റെയിൽവേ മന്ത്രിയായുള്ള രണ്ടാമൂഴത്തിൽ അശ്വനി വൈഷ്ണവ് കേരളത്തിന് സമ്മാനം നൽകുക വന്ദേ മെട്രോയും വന്ദേഭാരത് സ്ലീപ്പറും ആയിരിക്കും. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ യാത്രയ്ക്ക് 10 വന്ദേമെട്രോ ട്രെയിനുകളാവും കേരളത്തിന് അനുവദിക്കുക എന്നാണ് സൂചന. എല്ലാ പ്രധാന സ്റ്റോപ്പിലും നിർത്തുന്ന എ.സി ട്രെയിനാണിത്. 100-130 കിലോമീറ്റർ വേഗത്തിലോടും. ടിക്കറ്റ് ബുക്കിംഗ് സൗകര്യമുണ്ടാകില്ല.

നിലവിലെ മെമു ട്രെയിനുകൾക്ക് പകരമായിരിക്കും വന്ദേമെട്രോ വരിക. എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്കായിരിക്കും ആദ്യ സർവ്വീസ്. തിരുവനന്തപുരം - എറണാകുളം, കോഴിക്കോട്- പാലക്കാട്, കോട്ടയം - പാലക്കാട്, എറണാകുളം- കോയമ്പത്തൂർ, മധുര- ഗുരുവായൂർ, കൊല്ലം- തിരുനെൽവേലി, കൊല്ലം - തൃശ്ശൂർ, കോഴിക്കോട്- മംഗലാപുരം, നിലമ്പൂർ - മേട്ടുപ്പാളയം എന്നിവയാണ് മറ്റു സർവീസുകൾ.

ഇന്ത്യൻ റെയിൽവേയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി ട്രാക്കിലിറക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും കേരളത്തിന് കിട്ടിയേക്കും. രാജ്യത്തെ വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ജൂലായ് മാസത്തോടെ നടത്തും. ഈ വർഷം തന്നെ 50 പുഷ്-പുൾ അമൃത് ഭാരത് ട്രെയിനുകൾ പുറത്തിറക്കാൻ കേന്ദ്രസർക്കാരിന് പദ്ധതിയുണ്ട്.

രണ്ടുവശത്തും എൻജിനുകളുള്ള ട്രെയിനാകും ഇത്. യൂറോപ്യൻ രാജ്യങ്ങളിൽ സർവീസ് നടത്തുന്ന രീതിയിലുള്ള കോൺ ആകൃതിയിലുള്ള ട്രെയിനുകളും അടുത്തവർഷം ട്രാക്കിൽ ഇറക്കാൻ ഇന്ത്യൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. പുതിയ 50 ട്രെയിനുകളാണ് വന്ദേ മെട്രോ, വന്ദേഭാരത് സ്ലീപ്പർ വിഭാഗത്തിൽ പുറത്തിറക്കുക. വന്ദേഭാരത് വൻ ഹിറ്റായി ഓടുന്ന കേരളത്തിന് പുതിയ ട്രെയിനുകളുടെ റൂട്ട് പ്രഖ്യാപിക്കുമ്പോൾ പരിഗണന ലഭിക്കും.

 വന്ദേമെട്രോയുടെ ഒരു കോച്ചിന് 10 കോടിയാണ് നിർമ്മാണച്ചെലവ്. കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിലും പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലുമായി 400 ട്രെയിനുകളാണ് ഈ വർഷം പുറത്തിറക്കുക. പരമാവധി 250 കിലോമീറ്റർ ദൂരം കണക്കാക്കിയാണ് സർവ്വീസ്.  

ടൂറിസത്തിലെ പശ്ചാത്തല വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സുരേഷ് ഗോപിക്ക് കഴിയും. ഇത് രാഷ്ട്രീയമായി ബിജെപിക്ക് വലിയ മുതൽക്കൂട്ടാകും. യുവാക്കൾക്ക് ഉൾപ്പെടെ തൊഴിലവസരം വർദ്ധിക്കുമെന്നതിനാൽ സംസ്ഥാന സർക്കാരിനെ ഒപ്പം നിർത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാകില്ല.

 ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട സ്ഥലമാക്കി കേരളത്തെ മാറ്റാൻ കഴിയുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ഏറ്റെടുത്ത് പ്രവർത്തിച്ചാൽ വലിയ മാറ്റത്തിന് സാദ്ധ്യതയുണ്ട് ടൂറിസം രംഗത്ത്. ഫിഷറീസ് വകുപ്പിൽ ജോർജ്ജ് കുര്യനും വലിയ പദ്ധതികൾ കൊണ്ടുവന്നേക്കും. ഇതുവഴി ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം കൂട്ടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

 

Advertisment