/sathyam/media/media_files/2025/09/26/untitled-2025-09-26-13-34-45.jpg)
തിരുവനന്തപുരം: തലസ്ഥാനം മഴയില്‍ മുങ്ങിയിരിക്കവേ, ജില്ലാ കളക്ടര്‍ അനുകുമാരി സോഷ്യല്‍ മീഡിയയിലെ ട്രോള്‍ മഴ നനയുകയാണ്. ഇന്ന് രാവിലെ ആറരയോടെയാണ് ജില്ലാ കളക്ടര്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചത്. തലസ്ഥാനത്ത് കേന്ദ്രീയ വിദ്യാലയങ്ങളില്‍ അടക്കം ഏഴുമണിക്ക് ക്ലാസ് തുടങ്ങുന്ന സ്‌കൂളുകളുണ്ട്.
കുട്ടികള്‍ സ്‌കൂളില്‍ പോവാന്‍ ഒരുങ്ങിയിറങ്ങി പാതിവഴിയെത്തിയ ശേഷമാണ് കളക്ടറുടെ അവധി പ്രഖ്യാപനം വരുന്നത്. നിരവധി സ്‌കൂള്‍ ബസുകള്‍ സ്‌കൂളിലും പാതിവഴിയിലുമൊക്കെയെത്തി തിരിച്ചു പോവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കളക്ടര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായത്.
ഇന്നലെ മുതല്‍ തിരുവനന്തപുരത്ത് കനത്ത മഴയായിരുന്നു. തലസ്ഥാന നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇന്നലെ വൈകിട്ടോടെ വെള്ളത്തില്‍ മുങ്ങി. ഇന്നും കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് ഇന്നലെത്തന്നെ അവധി പ്രഖ്യാപിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല.
ഇന്ന് രാവിലെ ആറരയ്ക്കാണ് കളക്ടറുടെ അവധി അറിയിപ്പ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി പുറത്തുവരുന്നത്. കളക്ടറുടെ ഫെയ്സ്ബുക്ക് പേജില്‍ രക്ഷിതാക്കള്‍ വന്‍തോതില്‍ പ്രതിഷേധമറിയിക്കുന്നുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഇന്ന് അവധി.
അവധി പ്രഖ്യാപനം വൈകിയതിനെതിരെ രൂക്ഷമായ ഭാഷയിലാണ് രക്ഷിതാക്കള്‍ പ്രതികരിച്ചത്. 'കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നല്ലോ. ഇന്നലെ മുതല്‍ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവന്‍ മഴ ആയിരുന്നു. കുട്ടികള്‍ എല്ലാം റെഡി ആയിട്ടു എന്തിനാ ഇപ്പൊ ഒരു അവധി. 'മാഡം ഇപ്പോഴാണോ ഉണര്‍ന്നത്' എന്ന് ഒരു രക്ഷിതാവ് ഫേയ്സ്ബുക്കില്‍ കുറിച്ചു.
സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ തയാറായതിനും ഇറങ്ങിയതിനും ശേഷമാണോ അവധി പ്രഖ്യാപിക്കുന്നതെന്നാണ് കൂടുതല്‍ പേരും ആക്ഷേപം ഉന്നയിച്ചത്. അവധി പ്രഖ്യാപനത്തിലെ സമയം വൈകിയതാണ് രക്ഷിതാക്കളെ ചൊടിപ്പിച്ചത്.
'ഒരു ഉച്ച ആകുമ്പോള്‍ പ്രഖ്യാപിച്ചാല്‍ കുറച്ചുകൂടി സൗകര്യത്തില്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. രാവിലെ ആറേകാലിന് നോക്കിയിട്ടും അവധി പ്രഖ്യാപനമുണ്ടായില്ല, സ്‌കൂള്‍ ബസ് വരുന്നതിന് കൃത്യം അഞ്ച് മിനിറ്റ് മുന്‍പ് അപ്ഡേറ്റ്- ഇതായിരുന്നു മറ്റൊരു രക്ഷിതാവിന്റെ രോഷം. അവധി അറിയിപ്പിലെ കാലതാമസം കാരണം കുട്ടികളെ ഒരുക്കിയതിന് ശേഷം അവധി പ്രഖ്യാപിക്കേണ്ടി വന്നതാണ് രക്ഷിതാക്കള്‍ വിമര്‍ശനം ഉന്നയിക്കാന്‍ കാരണം.
അതേസമയം, കലക്ടര്‍ക്ക് മുന്‍പേ അവധി വിവരം ഫേയ്സ്ബുക്ക് പേജില്‍ പങ്കുവച്ച വിദ്യാഭ്യാസ മന്ത്രിയെ പരാമര്‍ശിച്ചും കളക്ടറെ വിമര്‍ശിച്ചവരുണ്ട്. കളക്ടറുടെ ഫേയ്സ്ബുക്കില്‍ അവധി വിവരം വരുന്നതിനും 12 മിനിറ്റ് മുന്‍പേ വിവരം അറിയിച്ചാണ് മന്ത്രി കൈയ്യടി നേടിയത്.
സാധാരണ മഴ പെയ്യുമ്പോള്‍ അവധി പ്രഖ്യാപിക്കാത്തതിന് വിദ്യാര്‍ഥികളുടെ വിമര്‍ശനം നേരിടാറുള്ള കലക്ടര്‍ക്ക്, അവധി നല്‍കിയിട്ടും താമസിച്ചതിന് രക്ഷിതാക്കളുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു.
കനത്ത മഴയില്‍ റണ്‍വേ കാണാനാകാതെ വന്നതോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനത്തിന്റെ ലാന്‍ഡിംഗ് വൈകി. കുവൈത്ത് എയര്‍വേയ്‌സിന്റെ വിമാനത്തിന്റെ ലാന്‍ഡിംഗാണ് വൈകിയത്. ഇന്നു രാവിലെ 5.45 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനത്തിനാണ് മഴ വില്ലനായത്.
നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് പൈലറ്റിന് റണ്‍വെ കാണാനായില്ല. ഇതിനു പിന്നാലെ ഒരു മണിക്കൂറോളം വൈകിയാണ് വിമാനം ലാന്‍ഡ് ചെയ്തത്..
രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും കനത്തമഴ കാരണം റണ്‍വേ കാണാനായില്ല. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിമാനം വട്ടമിട്ടുപറന്നു. ഇതിനുശേഷമാണ് ലാന്‍ഡ് ചെയ്തത്.
പൊന്‍മുടി ഇക്കോ ടൂറിസം അടച്ചിട്ടു. കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഒന്ന് മുതല്‍ അഞ്ചു വരെയുള്ള ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതം (ആകെ 100 സെന്റീമീറ്റര്‍ ) ഉയര്‍ത്തി. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.