/sathyam/media/media_files/OWpd0nShhMLsCZgQYsLl.jpg)
തൃശൂർ: തൃശൂരിൽ മണലിപുഴ കരകവിഞ്ഞൊഴുകി ആമ്പല്ലൂരിലും പരിസരത്തും വീടുകളിൽ വെള്ളം കയറി. ആമ്പല്ലൂർ കനാലിന് സമീപത്തും കേളി പ്രദേശത്തും വീടുകളിൽ കുടുങ്ങിയ നിരവധി പേരെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ആമ്പല്ലൂർ കമ്മ്യൂണിറ്റി ഹാളിന് മുന്നിലെ റോഡിലും, കല്ലൂർ പാടം വഴിയിലും വെള്ളം കയറിയതോടെ വരന്തരപ്പിള്ളി, കല്ലൂർ റോഡിൽ റോഡിൽ ഗതാഗതം സ്തംഭിച്ചു. പുലർച്ചെ രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് വലിയ തോതിൽ വെള്ളം ഒഴുകിയെത്തിയത്. ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനത്തിനും തടസം നേരിട്ടു.
നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വീടിനുള്ളിൽ വെള്ളം കയറിയതോടെ ആളുകൾ ടെറസ്സിനു മുകളിൽ അഭയം തേടി. ഫയർഫോഴ്സിൻ്റെ ഡിങ്കി ബോട്ടെത്തിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കേളിതോട് പ്രദേശത്തുള്ള 25 ഓളം കുടുംബങ്ങളെ പുതുക്കാട് സെൻ്റ് സേവിയേഴ്സ് കോൺവെൻ്റ് സ്കൂളിലെ ക്യാമ്പിലേക്കും, ആമ്പല്ലൂർ പ്രദേശത്തെ നിരവധി കുടുംബങ്ങളെ അളഗപ്പനഗർ പഞ്ചായത്ത് സ്കൂളിലെ ക്യാമ്പിലേക്കും മാറ്റി. നെൻമണിക്കര പഞ്ചായത്തിലെ പുലക്കാട്ടുകര പ്രദേശം ഒറ്റപ്പെട്ടു.