/sathyam/media/media_files/2025/05/23/Gdk2oueTZDipcyy1GxmV.jpg)
പത്തനംതിട്ട: ശക്തമായ മഴയിലും കാറ്റിലും തിരുവല്ലയില്‍ വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ മഴക്കൊപ്പം വീശിയടിച്ച കാറ്റാണ് നാശം വിതച്ചത്.
പെരിങ്ങര പതിമൂന്നാം വാര്‍ഡില്‍ പുത്തന്‍പുരയില്‍ ഓമനക്കുട്ടന്റെ നിര്‍മാണം നടക്കുന്ന വീടിന് മുകളിലേക്ക് ആഞ്ഞിലി മരവും പുളിമരവും മറിഞ്ഞുവീണു. ഇതേ തുടര്‍ന്ന് വീടിന്റെ ഒരു ഭാഗവും പിന്‍വശത്തെ ഷെഡും തകര്‍ന്നു.
തിരുവല്ല- അമ്പലപ്പുഴ സംസ്ഥാനപാതയില്‍ നെടുമ്പ്രത്ത് വാളകത്തില്‍ പാലത്തിന് സമീപം റോഡിന് കുറുകെ മരം മറിഞ്ഞ് വീണതിനെ തുടര്‍ന്ന് വൈദ്യുത പോസ്റ്റും ഒടിഞ്ഞുവീണു. ഇതേ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം അഗ്‌നിരക്ഷാസേന എത്തിയാണ് പുനഃസ്ഥാപിച്ചത്.
തുകലശ്ശേരി യോഗക്ഷേമ സ്‌കൂളിന് സമീപം അയൽപക്കത്തെ പുരയിടത്തില്‍ നിന്നിരുന്ന മരം റോഡിലേക്ക് വീണു. പെരിങ്ങര ചോളമണ്‍ മന ട്രാന്‍സ്‌ഫോര്‍മറിന് സമീപവും റോഡിന് കുറുകെ മരം മറിഞ്ഞുവീണു. മരം നാട്ടുകാര്‍ ചേര്‍ന്ന് വെട്ടിമാറ്റി.
സൈക്കിള്‍ മുക്കിലെ ജലവിഭവ വകുപ്പിന്റെ പമ്പ് ഹൗസിന് മുകളിലേക്ക് പുളിമരം മറിഞ്ഞു വീണ് കെട്ടിടം ഭാഗികമായി തകര്‍ന്നു. പല ഭാഗങ്ങളിലായി മരങ്ങള്‍ വീണ് വൈദ്യുതി ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് കെ എസ് ഇ ബി മണിപ്പുഴ സെക്ഷന്‍ പരിധിയില്‍ നിലച്ച വൈദ്യുതി രാത്രി തന്നെ പുനഃസ്ഥാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us