കൊച്ചി: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ മലയോര മേഖലയിലെ കർഷകർ ആശങ്കയിലാണ്.
തോരാതെയുള്ള വ്യാപകമായ മഴ പെയ്തിറങ്ങിയാൽ കാർഷിക വിളകൾ നശിച്ചു പോയേക്കാം കൂടാതെ കർഷക തൊഴിലാളികൾക്ക് ജോലിയും താത്കാലികമായി കിട്ടാതാകും.
ഓണം മുന്നിൽ കണ്ട് പൂക്കൾ കൃഷി ചെയ്തവർ, മാസങ്ങളായി റബ്ബർ മരങ്ങൾ വെട്ടാൻ സാധിക്കാത്തവർ, തോട്ടം തൊഴിലാളികൾ, കെട്ടിട നിർമാണ തൊഴിലാളികൾ അങ്ങനെ നിരവധി പേർ പ്രതീക്ഷകൾ തകരുമോ എന്ന ആശങ്കയിലാണ്.
എട്ടാം തീയതി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴമുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
വടക്കൻ ആന്ധ്രാപ്രദേശിന് മുകളിൽ ഒരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. വ്യാഴാഴ്ചയോടെ ഇത് മധ്യ പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യുന മർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്തിരുന്ന ന്യൂന മർദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. മധ്യ പടിഞ്ഞാറൻ അറബിക്കടലിലെ ന്യൂന മർദം ഒമാൻ തീരത്തിന് സമീപം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തിൽ അടുത്ത ഏഴ് ദിവസം മഴ ശക്തമാകുന്നത്.