തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് ഇടവിട്ട തോതിൽ നേരിയ മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.
ചക്രവാതച്ചുഴി ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് എത്തി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തുടർന്ന് ഡിസംബർ 12ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക - തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയുണ്ട്.
ഇന്ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർവരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.