തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കും. മദ്ധ്യ, വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുന്നത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം, അറബിക്കടലിലെ ന്യൂനമർദ്ദപാത്തി എന്നിവ കാരണമാണ് മഴ ലഭിക്കുന്നത്.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചവരെ വിവിധ ജില്ലകളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നോ വരും ദിവസങ്ങളിലോ ഒരു ജില്ലകളിലും ഓറഞ്ച്, റെഡ് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
വരും മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുകയാണ്. മലയോര ജില്ലകളിലടക്കം മഴ ശക്തമായി തുടരുകയാണ്.