കലിത്തുള്ളി കാലവർഷം; 8 ഇടങ്ങളിൽ യെല്ലോ അലർട്ട്; 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി; കടലാക്രമണത്തിന് സാധ്യത; ജാ​ഗ്രത

New Update
H

തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം കേരളത്തിൽ വീണ്ടും കാലവർഷം കനക്കുകയാണ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പുള്ളത്.

Advertisment

കടലാക്രമണം ശക്തമാകുമെന്നും അപകടമേഖലകളിൽ കഴിയുന്നവർ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വടക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം,ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കോഴിക്കോട് ജില്ലയിൽ കോളജുകൾക്ക് അവധി ബാധകമല്ല. കണ്ണൂർ ജില്ലയിലെ തലശേരി, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ഇന്നലെ രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടമെന്നാണ് റിപ്പോർട്ട്. വയനാട് ചൂരൽമല മുണ്ടക്കൈയിൽ മൂന്നിടങ്ങളിൽ‌ ഉരുൾപൊട്ടി. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സംഭവസ്ഥലത്ത് അ​ഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. സ്ഥലത്ത് നിന്ന് ഒരു മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. രക്ഷപ്രവർത്തനത്തിടയിലും മണ്ണിടിയുന്നത് പ്രതിസന്ധി സൃ‍ഷ്ടിക്കുന്നുണ്ട്.