സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ ഉത്തർ പ്രദേശിന് മുകളിൽ തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യം തുടരുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ വരും മണിക്കൂറിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏഴ് ദിവസം മഴ തുടരുമെന്ന മുന്നറിയിപ്പാണുള്ളത്. നേരിയ - ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്.
മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ തീരദേശ ബംഗ്ലാദേശിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം ഇന്നോടെ ശക്തി കുറയാൻ സാധ്യതയുണ്ട്. കർണാടക മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യൂനമർദ്ദപാത്തി ചുരുങ്ങി. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത കൂടുതലാണ്.