തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കു പടിഞ്ഞാറേ ബംഗാൾ ഉൾക്കടലിനു മുകളിലുണ്ടായിരുന്ന അതിതീവ്ര ന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്. ശ്രീലങ്ക തീരം തൊടുന്ന ചുഴലിക്കാറ്റ് പിന്നീട് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും എവിടെയും അലേർട്ടുകൾ നൽകിയിട്ടില്ല. അതേസമയം ശനിയും ഞായറും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 30 ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഡിസംബർ ഒന്ന് ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട്.
കേരള തീരത്ത് 28 - 11 - 2024 മുതൽ 29 - 11 - 2024 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലുണ്ടായിരുന്നു അതിതീവ്രന്യുനമർദ്ദം ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാലാണ് ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് അറിയിപ്പ്.