മഴയ്ക്ക് ശമനമില്ല; 7 ജില്ലകളിലേയും നിലമ്പൂർ, ചേർത്തല, കുട്ടനാട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
rain

കോട്ടയം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

Advertisment

എറണാകുളം: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതിശക്തമായ മഴ തുടരുന്നതിനാല്‍ ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും ജൂണ്‍ 30 വരെ നിരോധിച്ചിട്ടുണ്ട്.

തൃശ്ശൂര്‍: ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്സി, ഐസിഎസ് സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഒഴികെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അംഗനവാടികള്‍, സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാലയങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, എല്ലാ കോളേജുകളും (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ) അവധിയായിരിക്കും.

വയനാട്: വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ കളക്റ്റർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മദ്രസ്സകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.

പാലക്കാട്: അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വെള്ളിയാഴ്ച അവധിയാണെന്ന് കളക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

പത്തനംതിട്ട: അംഗണവാടികള്‍, സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.

ചേർത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആലപ്പുഴ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാലും ചേർത്തല, കുട്ടനാട് താലൂക്കുകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാലും വെള്ളിയാഴ്ച ചേർത്തല, കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

നിലമ്പൂർ താലൂക്കിലും അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്റസകൾക്കും ജൂൺ 27-ന് ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും റസിഡൻഷ്യൽ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും ജൂണ്‍ 26 മുതല്‍ 28 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂണ്‍ 26 മുതല്‍ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 26, 27 തീയതികളില്‍ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.

Advertisment