കൊല്ലം: കനത്ത മഴയില്‍ കൊല്ലം ശാസ്താംകോട്ടയില്‍ കട ഇടിഞ്ഞു ഭൂമിയിലേക്ക് താഴ്ന്നു. പള്ളിക്കശ്ശേരി ശ്രീമംഗലത്ത് കൃഷ്ണന്‍കുട്ടിയുടെ കടകളാണ് ഇടിഞ്ഞുതാണത്.
23 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ക്രീറ്റില്‍ നിര്‍മിച്ച കടകളാണ് തകര്‍ന്നത്. കടയില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
ശക്തമായ മഴയില്‍ പുനലൂര്‍ മൂവാറ്റുപുഴ ദേശീയപാതയില്‍ പത്തനാപുരം അലുമുക്കില്‍ ലോറിക്ക് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണു.പ്രദേശത്ത് വൈദ്യുത ബന്ധം തകര്‍ന്നു.
അലിമുക്ക് ജംഗ്ഷനില്‍ സിമന്റ് ഇറക്കുന്നതിനായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഫയര്‍ഫോഴ്‌സും നാട്ടുകാരും മണിക്കൂറുകള്‍ പണിപ്പെട്ടാണ് ആഞ്ഞിലിമരം വെട്ടി മാറ്റിയത്.
ഇടുക്കി മെഡിക്കൽ കോളജിന്റെ പുതിയ കെട്ടിടത്തിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലുണ്ടായി. നിലവില്‍ ഗതാഗതം തടസ്സപ്പെട്ടവസ്ഥയാണ്. ക്യാഷ്വാലിറ്റി താല്ക്കാലികമായി പഴയ കെട്ടിടത്തിൽ പ്രവർത്തിക്കും. വഴിയിലെ മണ്ണ് മാറ്റാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു.
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട്.
എറണാകുളം ജില്ലയിൽ ശക്തമായ മഴ രാത്രിയിലും തുടരുമെന്ന സാഹചര്യം നിലവിലുള്ളതിനാൽ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറക്കി.