/sathyam/media/media_files/2025/03/02/5vxX8QD5erHld0HJkfLz.jpeg)
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം സിറ്റിയില്‍ വൈകുന്നേരം വരെ 40 മില്ലീ മീറ്റര്‍ മഴ പെയ്‌തെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഉള്ളൂരില്‍ റോഡിലേക്കും വെള്ളം കയറിയത് ഗതാഗത കുരുക്കുണ്ടാക്കി.
ശാസ്തമംഗത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനായ യുവാവിന് തോട്ടില്‍ വീണ് പരുക്കേറ്റു. ശാസ്തമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള തുറവൂര്‍ ലൈനിനടുത്താണ് യുവാവ് ബൈക്കുമായി വീണത്.
മഴ തുടര്‍ന്നതോടെ നല്ല ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക് വീണ ശ്യാം എന്ന യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് ബൈക്ക് തോട്ടില്‍ നിന്നും കരയിലെത്തിച്ചത്.
അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വര്‍ക്കരുമാരുടെ സമരം മഴയത്തും തുടരുകയാണ്. ഇവരുടെ സമരപ്പന്തല്‍ രാവിലെ പൊലീസ് എത്തി അഴിപ്പിച്ചിരുന്നു. ഇതോടെ കുടകളും മഴക്കോട്ടുകളും അണിഞ്ഞാണ് പ്രതിഷേധം നടത്തുന്നത്.
കനത്ത മഴ കണക്കിലെടുത്ത് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇന്ന് വൈകുന്നരം മൂന്നരയോടെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ 10 സെ.മി വീതം (ആകെ 50 സെ.മി) ഉയര്‍ത്തുമെന്ന് അറിയിച്ചു. ഡാമിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.