കന്യാസ്ത്രീകളുടെ അറസ്റ്റ്: സംഭവം മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ആയിരുന്നില്ല. രണ്ട് കന്യാസ്ത്രീകളും പുറത്തെത്തുന്നതുവരെ ബിജെപി അവര്‍ക്കൊപ്പമുണ്ടാകും. വിഷയത്തേക്കുറിച്ച് ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചുവെന്ന് രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്നും വിമർശനം

New Update
rajeev chandrasekhar and bjp

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംഭവം മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ആയിരുന്നില്ലെന്ന് ബിജെപിക്ക് വിശ്വാസമുണ്ടെന്നും രണ്ട് കന്യാസ്ത്രീകള്‍ക്കുമൊപ്പം ബിജെപിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

പാര്‍ട്ടി പ്രതിനിധി അനൂപ് ആന്റണി രാവിലെ അവിടെ എത്തുകയും കൂടിക്കാഴ്ചയും പത്രസമ്മേളനവും നടത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകളും പുറത്തെത്തുന്നതുവരെ ബിജെപി അവര്‍ക്കൊപ്പമുണ്ടാകും. വിഷയത്തേക്കുറിച്ച് ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. 


തെറ്റിദ്ധാരണമൂലമുണ്ടായ വിഷയമാണെന്ന് നൂറുശതമാനം ഉറപ്പുണ്ട്. പ്രൈവറ്റ് പ്ലേസ്‌മെന്റ് റെഗുലേഷന്‍ നിയമപ്രകാരം, പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നു. അത് ചെയ്തിട്ടില്ല എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവിടെ മതപരിവര്‍ത്തന നിരോധനനിയമം ഉള്ളതെന്നും രാജീവ് പറഞ്ഞു. അവിടെ മനുഷ്യക്കടത്തുണ്ട്. അതിനാലാണ് പ്രൈവറ്റ് പ്ലേസ്‌മെന്റ് റെഗുലേഷന്‍ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് സമുദായമാണെങ്കിലും നമ്മുടെ മലയാളി സമുദായത്തില്‍ ആരാണെങ്കിലും അവരുടെ പ്രശ്‌നങ്ങളും വിഷമങ്ങളും പരിഹരിക്കാന്‍ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

മറ്റ് പാര്‍ട്ടികള്‍ ഇവരുടെ വിഷമവും വേദനയും ഉപയോഗിച്ച് അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്. കോണ്‍ഗ്രസിന്റേത് അവസരവാദ രാഷ്ട്രീയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Advertisment