/sathyam/media/media_files/2025/08/01/untitledtrsignraj-2025-08-01-11-41-14.jpg)
തിരുവനന്തപുരം: നിർബന്ധിത മതപരിവർത്തനമാരോപിച്ച് രണ്ട് കന്യാസ്ത്രീകൾ ഛത്തീഗഡിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ടുള്ള അതൃപ്തി മാറ്റാൻ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ തീവ്രശ്രമം.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയിൽ നിന്നും അകന്ന ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണ കൂടി ഉറപ്പിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് സീറോ മലബാർ സഭയിലെ മേലധികാരികളെ സന്ദർശിച്ച് അതൃപ്തി ഇല്ലാതാക്കാനുള്ള അനുനയശ്രമങ്ങൾ നടത്തുന്നത്.
കർദ്ദിനാൾ മാർ റഫേൽ തട്ടിൽ, സി.ബി.സി.ഐ അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് എന്നിവരെയാണ് അദ്ദേഹം രണ്ട് ദിവസങ്ങളായി സന്ദർശിച്ചിട്ടുള്ളത്.
കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
പ്രശ്‌നങ്ങൾ പരിഹരിക്കാൻ സജീവ ഇടപെടലുകൾ സംസ്ഥാന ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടായി എന്ന കാര്യമാണ് സഭാ നേതൃത്വത്തെ രാജീവ് ചന്ദ്രശേഖർ അറിയിച്ചിട്ടുള്ളത്. വിഷയത്തിൽ രാജീവ് ചന്ദ്രശേഖർ ഇടപെട്ടെങ്കിലും തൃശ്ശൂർ എം.പിയായ സുരേഷ് ഗോപിയുടെ അസാന്നിധ്യം ചർച്ചയായിക്കഴിഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം പാർട്ടിക്ക് ലഭിച്ച ക്രൈസ്തവ വോട്ടുകൾ കൈവിട്ടു പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഊർജ്ജിതമായി നടപ്പാക്കുന്നത്.
എന്നാൽ കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് കാസയടക്കമുള്ള സംഘടനകൾ വിലയിരുത്തുന്നത്. നിർബന്ധിത മതപരിവർത്തന കുറ്റമാരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് സഭാവിശ്വാസകൾക്കിടയിൽ വലിയ അമർഷത്തിനാണ് വഴിവെച്ചിരിക്കുന്നത്.