രാജീവ്‌ നാഥിൻ്റെ 50 വർഷത്തെ സിനിമ ജീവിതത്തിന് ആദരം

മോഹൻലാൽ അഭിനയിച്ച ‘പകൽ നക്ഷത്രങ്ങൾ’, ഹിന്ദി ചിത്രമായ ‘അനുഭവ്: ആൻ ആക്ടർസ് ടെയ്ൽ, ഹെഡ് മാസ്റ്റർ  ഉൾപ്പെടെ വൈവിധ്യമാർന്ന പരീക്ഷണങ്ങൾ അദ്ദേഹം സിനിമയിൽ നടത്തി.

New Update
rajeev nath

തിരുവനന്തപുരം: പ്രഗത്ഭ ചലച്ചിത്ര സംവിധായകനും മുൻ കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സണുമായ ടി രാജീവ്‌ നാഥിന്റെ 50 വർഷത്തെ സിനിമാജീവിതത്തിന് ഐ എഫ് എഫ് കെ ആദരമർപ്പിക്കും.

Advertisment

ഇതിൻ്റെ ഭാഗമായി മേളയിൽ 2000-ത്തിലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്ത ‘ജനനി’ സിനിമയുടെ പ്രത്യേക പ്രദർശനം നടക്കും. 

‎1951-ൽ ചങ്ങനാശ്ശേരിയിൽ ജനിച്ച രാജീവ്‌ നാഥ്, 1978-ൽ  ‘തണൽ’ എന്ന സിനിമ സംവിധാനം ചെയ്താണ് മലയാള സിനിമാരംഗത്തേക്ക് എത്തിയത്. 

മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. എം ജി സോമന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും 'തണലി'ലെ അഭിനയത്തിന് ലഭിച്ചു.

‎സാഹിത്യകാരൻ ഒ വി വിജയന്റെ കഥ ആസ്പദമാക്കിയ കടൽത്തീരത്ത് ഉൾപ്പെടെ, അഹം, പകൽ നക്ഷത്രങ്ങൾ, ഡേവിഡ് ആൻഡ് ഗോലിയാത്ത്, രസം, സൂര്യന്റെ മരണം എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. 

മോഹൻലാൽ അഭിനയിച്ച ‘പകൽ നക്ഷത്രങ്ങൾ’, ഹിന്ദി ചിത്രമായ ‘അനുഭവ്: ആൻ ആക്ടർസ് ടെയ്ൽ, ഹെഡ് മാസ്റ്റർ  ഉൾപ്പെടെ വൈവിധ്യമാർന്ന പരീക്ഷണങ്ങൾ അദ്ദേഹം സിനിമയിൽ നടത്തി.

‘ജനനി’: ആത്മീയതയും മാതൃത്വവും ചോദ്യചിഹ്നമാകുന്ന കഥ

‎മേളയിൽ പ്രദർശിപ്പിക്കുന്ന ‘ജനനി’, ഏഴ് കത്തോലിക്ക സന്യാസിനിമാരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു അനാഥശിശുവിന്റെ പരിപാലന പ്രശ്നത്തിലൂടെയാണ് ആരംഭിക്കുന്നത്. 

janani

പ്രതിജ്ഞകളും ആത്മീയവിശ്വാസങ്ങളും മാതൃത്വത്തെക്കുറിച്ചുള്ള ധാരണകളും തമ്മിൽ പൊരുത്തപ്പെടാത്ത മുഹൂർത്തങ്ങളിൽ നടക്കുന്ന ഹൃദയസ്പർശിയായ നാടകീയതയാണ് സിനിമയുടെ ആകർഷണം.

‎രാജീവ്‌ നാഥ്  സംവിധാനവും നിർമാണവും നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ സക്കറിയയും രഞ്ജി പണിക്കരും ചേർന്നാണ്  തയ്യാറാക്കിയത്. 

സുരേഷ് പി നായരുടെ ഛായാഗ്രഹണവും ബീനാ പോളിന്റെ എഡിറ്റിങും  ഔസേപ്പച്ചൻ്റെ സംഗീതവും ചിത്രത്തെ മികച്ചതാക്കി. ഓസ്ലോ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. 

സിനിമയിൽ ‎സിദ്ദിഖ് ഫാദർ റോസ്ലിനായും ശാന്തകുമാരി സിസ്റ്റർ വിക്ടോറിയയായും  മികച്ച അഭിനയം കാഴ്ച വെച്ചു.

മലയാള സിനിമയ്ക്കുള്ള ദീർഘകാല സേവനത്തിന് അംഗീകാരം

‎കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർപേഴ്സണായിരുന്ന രാജീവ്‌ നാഥ്, മലയാള സിനിമയുടെ വളർച്ചയ്ക്കും അന്താരാഷ്ട്ര വേദികളിലെ പ്രതിച്ഛായ ഉയർത്തുന്നതിനും നിർണായക പങ്ക് വഹിച്ചു.

അദ്ദേഹത്തിന്റെ അമ്പത് വർഷത്തെ സമ്പന്നമായ സൃഷ്ടിജീവിതത്തെയാണ് ഈ വർഷം ഐഎഫ്എഫ്കെ  പ്രത്യേകം ആദരിക്കുന്നത്.

Advertisment