/sathyam/media/media_files/2025/01/13/QIBb1XeRFnCNEKBiOXHM.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവർണർക്കാണെന്നതിൽ രണ്ടഭിപ്രായമില്ലെന്ന് ഡൽഹിയിൽ ഗവർണർ പ്രഖ്യാപിച്ചതോടെ, ഗവർണർക്കെതിരേ യുദ്ധം പ്രഖ്യാപിച്ച് സി.പി.എം.
പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായ അഡ്വ.കെ.അനിൽകുമാറാണ് ഗവർണർക്കെതിരേ രംഗത്ത് വന്നത്. ആർലേക്കറുടെ കാവിമനസ്സ്, പുള്ളിപ്പുലിയുടെ പുള്ളി മായില്ല എന്ന തലക്കെട്ടിൽ അനിൽകുമാർ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഗവർണറോടുള്ള യുദ്ധപ്രഖ്യാപനം.
ഗവർണർ ആർലേക്കർ ആർ എസ് എസുകാരൻ തന്നെ. ഗവർണറായതിനാൽ ആർ.എസ് എസ് എന്ന സംഘടനയിൽ നിന്നു് മാറിനിൽക്കുന്നില്ല. ആർ എസ് എസ് ആയതിനാലാണല്ലോ ഗവർണറായത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പൂർണാധികാരം തനിക്കാണെന്ന് അദ്ദേഹം പറയുന്നു. അത് എവിടുന്നു കിട്ടി സാർ.. നാഗ്പൂരിൽ നിന്നു സൃഷിച്ചതാണോ- അനിൽകുമാർ ചോദിക്കുന്നു.
താങ്കൾ കേരളത്തിലെത്തിയത് ഗവർണറായല്ലേ. അതു ഭരണഘടനയുടെ സൃഷ്ടിയാണ്. ഭരണഘടനയിൽ സംസ്ഥാന സർവ്വകലാശാലകൾ ആർക്ക് ഭരണാധികാരമുള്ളതാണെന്ന് വ്യക്തമല്ലേ.
ഗവർണറും സർവ്വകലാശാലകളും തമ്മിൽ ബന്ധമുണ്ടെന്ന് കാണിക്കുന്ന ഒരുവരി ഇന്ത്യൻഭരണഘടനയിലില്ല സാർ. പിന്നെ എങ്ങനെ താങ്കൾ സർവ്വാധികാരിയാകും. ആ പൂതി കയ്യിലിരിക്കട്ടെ.
ഭരണഘടന പ്രകാരം സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിൽ പെട്ട എല്ലാ സർവ്വകലാശാലകളിലും ഗവർണർ ചാൻസലറായിരിക്കുമെന്ന് ഇന്ത്യൻ ഭരണഘടന പറയുന്നില്ല.
ഗവർണർക്ക് ചാൻസലർ പദവി കിട്ടിയത് കേരള സംസ്ഥാന നിയമസഭ നിയമം നിർമ്മിച്ചതിനാൽ മാത്രം. അത് താങ്കൾ അംഗീകരിക്കുന്നുണ്ടോ?
ഗവർണർ അല്ലാതെ മറ്റൊരാളിനെ ചാൻസലറാക്കാൻ അതേ നിയമസഭക്ക് അധികാരമുണ്ട്. ആരാണ് ചാൻസലർ എന്നു നിശ്ചയിക്കാൻ കേന്ദ്ര സർവ്വകലാശാലകളിൽ പാർലമെൻ്റ് നിയമം പാസ്സാക്കിയിട്ടുണ്ട്.
അതേ അധികാരം സംസ്ഥാന നിയമസഭകൾക്കുണ്ട്. അത് തട്ടിയെടുക്കാൻ ഗവർണർക്കോ രാഷ്ട്രപതിക്കോ സുപ്രിം കോടതി വിധി മൂലമോ അധികാരമില്ല. അതിനാൽ കേരള നിയമസഭ പാസ്സാക്കിയ നിയമം റദ്ദു / വീറ്റോ ചെയ്യാൻ രാഷട്രപതിക്കും അധികാരമില്ല.
ഒരു സർവ്വാധികാരി വന്നിരിക്കുന്നു. ശാഖയിലെ സർവ്വാധികാരിയായി വാഴുന്നതിന് വിരോധമില്ല. കേരളത്തിൽ വേണ്ട. യുജിസി ചട്ടഭേദഗതിയാണോ ഉദ്ദേശിക്കുന്നത്.
അതിനും യു ജിസിക്ക് എന്തധികാരം. സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമത്തിനു മേലെയാണോ യു ജി സി ചെയർമാൻ. വേറെ പണി നോക്കാൻ പറയൂ..
ആർലേക്കേറേ. നമുക്ക് തുടങ്ങാം- അനിൽകുമാറിന്റെ കുറിപ്പിൽ പറയുന്നു.
യൂണിവേഴ്സിറ്റികളിൽ ഗവർണർ ആയിരിക്കും പരമാധികാരിയെന്നും യു.ജി.സിയുടെ കരടുനയം വരുന്നതിന് മുൻപേ കോടതികൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ആർലേക്കർ ഡൽഹിയിൽ പറഞ്ഞതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.
വൈസ്ചാൻസലർ നിയമനങ്ങളിൽ ഗവർണർക്ക് പരമാധികാരവും സർക്കാരിന് ഒരു റോളുമില്ലാത്ത പുതിയ കരടുനയം കഴിഞ്ഞ ദിവസം യു.ജി.സി പുറത്തിറക്കിയിരുന്നു.
ഭരണഘടനയും സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചുമതല ഗവർണർക്കാണ് നൽകിയത്. അവർ ചുമതലകൾ നിർവഹിക്കുന്നുമുണ്ട്. വിദ്യാഭ്യാസ മേഖല സ്വതന്ത്രമാകണം.
ഇക്കാര്യത്തിൽ ആർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ പരിഹരിക്കാം- ആർലേക്കർ വ്യക്തമാക്കി.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്ന് പ്രശംസിച്ച് സർക്കാരിനോടുള്ള തന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കാനും ഗവർണർ മറന്നില്ല.
.