/sathyam/media/media_files/2025/03/12/32ZqqdCkgJ8rxxLkgaNE.jpg)
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ വെറും റബർ സ്റ്റാംമ്പ് ആകില്ലെന്ന് പ്രഖ്യാപിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.
ഒരേ ദിവസം തന്നെ കേരള സർവകലാശാലയുടെ സെനറ്റ് യോഗത്തിൽ പങ്കെടുത്തും മുഴുവൻ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചുമാണ് കലാശാലകളുടെ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ചാൻസലറായിരിക്കും താനെന്ന് ഗവർണർ പ്രഖ്യാപിച്ചത്.
സർവകലാശാലകൾ അക്കാദമിക കലണ്ടർ കൃത്യമായി പാലിക്കണമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും വൈസ് ചാൻസലർമാരുടെ യോഗത്തിൽ ഗവർണർ കർശന നിർദ്ദേശം നൽകി.
പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയെല്ലാം കൃത്യമായി നടത്തണമെന്നാണ് ഗവർണർ നിർദ്ദേശിച്ചത്. സർവകലാശാലകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ അതിപ്രസരമാണെന്നും ഇത് അക്കാദമിക് കാര്യങ്ങളെ ദോഷകരമായി ബാധിക്കാൻ അനുവദിക്കരുതെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾക്കുളള തടസം നീക്കാൻ നിയമോപദേശം തേടണമെന്നും ഗവർണർ ആവശ്യപ്പെട്ടു. നിയമോപദേശത്തിന് ഗവർണറുടെ നിയമസഹായ സംവിധാനം ഉപയോഗിക്കാമെന്നും ഗവർണർ വൈസ് ചാൻസലർമാരെ അറിയിച്ചു.
പ്ളാൻ ഫണ്ടിനത്തിലും ഗ്രാന്റിനത്തിലും സർവകലാശാലകൾക്ക് സർക്കാരിൽ നിന്ന് ലഭിക്കാനുളള പണം നേടിയെടുക്കാൻ രാജ്ഭവൻ ഇടപെടാമെന്നും ഗവർണർ വൈസ് ചാൻസലർമാർക്ക് ഉറപ്പ് നൽകി.
യഥാസമയം പണം ലഭിക്കാത്തത് മൂലം സർവകലാശാലകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ വിസിമാർ ഉന്നയിച്ചപ്പോഴാണ് ഗവർണർ ഈ ഉറപ്പ് നൽകിയത്.
ഓരോ സർവകലാശാലയും സർക്കാരിൽ നിന്ന് ലഭിക്കാനുളള പണത്തിൻെറ വിശദാംശങ്ങൾ രാജ് ഭവനെ അറിയിച്ചാൽ മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ച് പരിഹാരം ഉണ്ടാക്കാമെന്നാണ് ഗവർണറുടെ ഉറപ്പ്.
എല്ലാ സർവകലാശാലയിലും നടക്കുന്ന അക്കാദമിക് പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വി.സിമാരുടെ യോഗത്തിൽ ഗവർണർ ആവശ്യപ്പെട്ടിരുന്നു. കലാമണ്ഡലം ഒഴികെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിൽ നിന്നുമുളള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
സർവകലാശാലകളിലെ അധ്യാപക നിയമനം നടക്കാത്ത പ്രശ്നങ്ങൾ സംബന്ധിച്ച് നേരത്തെ വിവരം ശേഖരിച്ചാണ് രാജ് ഭവൻ എല്ലാ വൈസ് ചാൻസലർമാരുടെയും യോഗം വിളിച്ചത്.
എല്ലാ സർവകലാശാലകളിലും അധ്യാപകരുടെ ഒഴിവുകളുണ്ട്. വിരമിച്ചതും മരണം സംബന്ധിച്ചതും മൂലമുളള ഒഴിവുകൾ ഇപ്പോൾ തന്നെ നടത്താവുന്നതേയുളളു എന്നാണ് രാജ് ഭവൻ കാണുന്നത്.
അധ്യാപക നിയമനത്തിന് അതാത് സർവകലാശലകളിലെ വൈസ് ചാൻസലർമാർ തന്നെ മുൻകൈ എടുക്കണമെന്നാണ് ഗവർണറുടെ നിർദ്ദേശം.
അധ്യാപകരെ കണ്ടെത്തുന്നതിന് വിഷയ വിദഗ്ധരെ നിയോഗിക്കുന്നതിലും മറ്റും വിസിമാർക്ക് മേൽക്കൈ ഉണ്ട്. ഇതുവഴി അധ്യാപക നിയമനങ്ങളിൽ രാജ് ഭവൻെറ താൽപര്യം നടപ്പിലാക്കാൻ ഒരുപരിധി വരെ കഴിയുകയും ചെയ്യും.
കേരളത്തിന് പുറത്ത് ഡൽഹിയിലെ ജെ.എൻ. യുവിലും മറ്റും അധ്യാപക നിയമനത്തിൽ ഇടത് അനുഭാവികൾക്ക് ഉണ്ടായിരുന്ന മേൽക്കൈ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാരിന് കഴിയുകയും ചെയ്തിരുന്നു.
അതേ തന്ത്രമാണ് അധ്യാപക നിയമനത്തിൽ ഇടപെടൽ നടത്തിക്കൊണ്ട് ഗവർണർ രാജേന്ദ്ര അർലേക്കർ കേരളത്തിലും പയറ്റുന്നതെന്നാണ് ആക്ഷേപം.
സർവകലാശാലകളിൽ ചാൻസലർ എന്ന നിലയിലുളള ഗവർണറുടെ അധികാരം ഇല്ലാതാക്കാൻ നിയമ നിർമ്മാണം നടത്തി സർക്കാർ കാത്തിരിക്കുമ്പോഴാണ് എന്തൊക്ക അധികാരം പ്രയോഗിക്കാൻ കഴിയുമെന്ന് രാജേന്ദ്ര അർലേക്കർ കാട്ടിക്കൊടുക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
പുതിയ ഗവർണറുമായി ഏറ്റുമുട്ടലിന് നിൽക്കാതെ രമ്യതയിൽ പോകണമെന്ന് തീരുമാനിച്ചിട്ടുളളതിനാൽ ഇതിനെതിരെ പ്രതിഷേധിക്കാനാവാത്ത സ്ഥിതിയിലാണ് സംസ്ഥാന സർക്കാർ.
സർവകലാശാലകളിലെ ഇടപെടലിൻെറ പേരിൽ ആരിഫ് മുഹമ്മദ് ഖാനെതിരെ വാളെടുത്തിരുന്ന സർക്കാർ രാജേന്ദ്ര അർലേക്കർ നടത്തുന്ന ഇടപെടലുകളിൽ മൗനത്തിലാണ്. സർവകലാശാല വിഷയങ്ങളിലുളള സി.പി.എമ്മിൻെറ പ്രതിഷേധം ഇപ്പോൾ എസ്.എഫ്.ഐ തലത്തിൽ മാത്രമേയുളളു എന്നതും ശ്രദ്ധേയമാണ്.
കേരള സർവകലാശാലയുടെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
സർവകലാശാല കവാടത്തിൽ ഗവർണർക്കെതിരെ ബാനർ സ്ഥാപിക്കാനുളള എസ്.എഫ്.ഐയുടെ ശ്രമം ആദ്യം പൊലീസ് തടഞ്ഞെങ്കിലും പിന്നീട് ബാനർ ഉയർത്തുക തന്നെ ചെയ്തു.
ഗവർണർ സെനറ്റിൽ പങ്കെടുത്ത് മടങ്ങിയശേഷമാണ് ''വി നീഡ് ചാൻസിലർ നോട്ട് ഗാന്ധി അസാസിൻ സവർക്കർ'' എന്നെഴുതിയ ബാനർ ഉയർത്തിയത്.
എന്നാൽ സർവകലാശാല ആസ്ഥാനത്ത് സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെയും അംബേദ്കറുടെയും ചിത്രങ്ങളുളള ഫ്ളക്സ് ബോർഡുകൾ പൊലീസ് എടുത്തുമാറ്റി.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ ഇടപെടലിനെതിരെ പ്രതികരിക്കുന്ന മന്ത്രി ആർ.ബിന്ദുവും മറ്റ് സി.പി.എം നേതാക്കളും പ്രതികരിക്കാത്തത് ശ്രദ്ധേയമായി.