തിരുവനന്തപുരം: നീറ്റ് പിജി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആഗസ്റ്റ് 5-ന് മുന്‍പ് പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമാം വിധത്തിലും കഴിവതും അവരുടെ താമസ മേഖലകളിലും നീറ്റ് പി ജി പരീക്ഷാ കേന്ദ്രങ്ങള്‍ ഉറപ്പാക്കണമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ വഴി നടപടിയുണ്ടാകണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദയോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് ഉറപ്പ് ലഭിച്ചതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
ജൂലായ് അവസാന വാരം കേരളത്തിലെത്തിയപ്പോള്‍ നിരവധി കുടുംബങ്ങളും വിദ്യാര്‍ത്ഥികളും ഈ ആവശ്യവുമായി എന്നെ സമീപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതുമൂലം നേരിടുന്ന ബുദ്ധിമുട്ട് അവര്‍ ചൂണ്ടിക്കാട്ടി.
പിന്നാലെ ഞാന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ പി നദ്ദയെ സമീപിക്കുകയും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അനുകൂലമായ ഇടപെടല്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
തുടര്‍ന്നാണ് കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് ഉറപ്പാക്കാന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രിയുടെ ഉറപ്പ് ലഭിച്ചത്.
ഇത് സംബന്ധിച്ച വിശദമായ തീരുമാനം ആഗസ്റ്റ് 5 തിങ്കളാഴ്ചയ്ക്കകം വിദ്യാര്‍ത്ഥികളെ അറിയിക്കുമെന്ന ഉറപ്പ് ലഭിച്ചുവെന്ന് രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ അറിയിച്ചു.