തിരുവനന്തപുരം: കഴിഞ്ഞ ദിവസം മലപ്പുറത്ത് സമസ്തയുടെ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥിയായെത്തിയ രമേശ് ചെന്നിത്തല ലീഗ് നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്ത ആര് സൃഷ്ടിച്ചുവെന്ന് അന്വേഷിക്കാൻ എ.ഐ.സി.സി.
നിലവിൽ യു.ഡി.എഫിൽ ഉഭയകക്ഷി തർക്കങ്ങളോ മറ്റ് വിഷയങ്ങളോ ഉടലെടുത്തിട്ടുള്ളതായി അറിവില്ല. ഒരു കാലത്തുമില്ലാത്ത വിധത്തിൽ കോൺഗ്രസ് ലീഗുമായി ദൃഡബന്ധമാണ് പുലർത്തുന്നത്.
തങ്ങൾക്ക് തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന് യു.ഡി.എഫിൽ ഇരു കക്ഷികളും പരാതിപ്പെട്ടിട്ടുമില്ല. വാർത്ത സൃഷ്ടിക്കാൻ വേണ്ടി കൂടിക്കാഴ്ച്ചയെ മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും കോൺഗ്രസിൽ പരക്കെ അഭിപ്രായമുയർന്നിട്ടുണ്ട്
നിലവിൽ കെ.പി.സി.സി, യു.ഡി.എഫ് നേതൃത്വങ്ങൾ ഇത്തരം ചർച്ച നടത്താൻ ആരെയും നിയോഗിച്ചിട്ടില്ലെന്നാണ് വിവരം. പാർട്ടിയുടെ അവസാന വാക്കായ കെപി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും ഔദ്യോഗികമായി ഈ ചർച്ചയെപ്പറ്റി അറിവുള്ളതായി വ്യക്തമാക്കിയിട്ടുമില്ല.
ഐക്യത്തോടെ നീങ്ങുന്ന പാർട്ടിയിലും മുന്നണിയിലും ഭിന്നതയുണ്ടെന്ന് വരുത്താൻ മാദ്ധ്യമങ്ങൾ വഴി കോൺഗ്രസിൽ നിന്ന് ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്നും എ.ഐ.സി.സി പരിശോധിക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി എ.ഐ.സി.സി ചുമതലയുള്ളവർ ആശയവിനിമയം നടത്തിയേക്കും.
നിലവിൽ യു.ഡി.എഫ് വിപുലീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകളുണ്ടെങ്കിലും ഏതൊക്കെ കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ചർച്ചകൾ തുടങ്ങിയിട്ടില്ല.
കേരളകോൺഗ്രസ് (എം), ആർ.ജെ.ഡി ബി.ജെ.പിക്കൊപ്പം നിൽക്കുന്ന ബിഡി.ജെ.എസ് എന്നിവരുമായി കെ.പിസി.സി അദ്ധ്യക്ഷനോ പ്രതിപക്ഷ നേതാവോ അറിഞ്ഞ് ഒരു നേതാവും ചർച്ച നടത്തിയിട്ടില്ല.
മാദ്ധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുന്നതിൽ ഏതെങ്കിലും നേതാക്കൾക്ക് പങ്കുണ്ടോയെന്ന് എ.ഐ.സി.സി അന്വേഷിക്കണമെന്ന് കോൺഗ്രസിലെ മുതിർന്ന നേതാവ് വ്യക്തമാക്കുന്നു.
മുമ്പ് കെ.പി.സി.സിയിൽ നടന്ന ഓൺലൈൻ യോഗത്തിൽ പ്രതിപക്ഷനേതാവിനെതിരെ അദ്ദേഹത്തിന്റെ അഭാവത്തിൽ വിമർശനമുയരുകയും അത് പത്ര-ദൃശ്യ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി വാർത്തയാക്കിയതിനുമെതിരെ ചില കെ.പി.സി.സി ഭാരവാഹികൾക്ക് എ.ഐ.സിസി താക്കീത് നൽകിയിരുന്നു
അതിന് ശേഷം രമേശ് ചെന്നിത്തലയെ മന്നം ജയന്തി സമ്മേളനത്തിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് കോൺഗ്രസിൽ നേതൃതർക്കമെന്ന നിലവിലെ വാർത്തകൾ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
മാത്രമല്ല, രമേശ് ചെന്നിത്തലയുടെ സമസ്ത വേദിയിലെ പ്രസംഗവും അതിനെ പുകഴ്ത്തി ലീഗ് അധ്യക്ഷൻ സാദിഖാലി തങ്ങൾ ഇട്ട ഫേസ്ബുക്ക് പോസ്റ്റും ചേർത്ത് കോട്ടയം ആസ്ഥാനമായുള്ള ദിനപ്പത്രത്തിൽ അവരുടെ പൊളിറ്റിക്കൽ റിപ്പോർട്ടറെ സ്വാധീനിച്ച് തിങ്കളാഴ്ച മറ്റൊരു 'രമേശ് ഹൈപ്പ് ' വാർത്ത വരുത്താനുള്ള ശ്രമവും അണിയറയിൽ തയ്യാറാകുന്നുണ്ട്.
ഇക്കാര്യങ്ങളുയർത്തി കോൺഗ്രസിൽ തമ്മിലടിയെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലടക്കം സി.പി.എം നടത്തുന്ന പ്രചാരണത്തിന് ഇത്തരം 'വ്യാജ ചർച്ചാ' വാർത്തകൾ ഊർജ്ജം പകരുകയും ചെയ്തിട്ടുണ്ട്.
നിരന്തരം ഇത്തരത്തിൽ വാർത്തകൾ സൃഷ്ടിക്കുന്നതിൽ നിന്ന് നേതാക്കൾക്ക് തടയിട്ടില്ലെങ്കിൽ തുടർന്ന് പാർട്ടിയിലുണ്ടാകുന്ന അനൈക്യത്തിലൂടെ മൂന്നാം എൽ.ഡി.എഫ് ഭരണത്തിന് കേരളം വേദിയാകുമെന്നും എ.ഐ.സി.സിക്ക് ലഭിക്കുന്ന റിപ്പോർട്ടുകളിലുണ്ട്
രണ്ടു ചാനലുകളാണ് പ്രധാനമായും 'വ്യാജ ചർച്ചാ' വാർത്തകൾക്ക് പിന്നിലുള്ളത്. പാലക്കാട് ഉപ തെരെഞ്ഞെടുപ്പിനിടെ കോൺഗ്രസ് നേതൃത്വവുമായി ഉടക്കിയ ചാനലാണ് ഇതിലൊന്ന്.
പുകഴ്ത്തിയാല്‍ ആരും മുഖ്യമന്ത്രിയാവില്ലെന്ന് മുരളീധരന്‍
ഇതിനിടെ ആരുടെയെങ്കിലും പുകഴ്ത്തൽ കൊണ്ട് മുഖ്യമന്ത്രിയാവാൻ ആർക്കും കഴിയില്ലെന്ന വിമർശനവുമായി കെ. മുരളീധരൻ രംഗത്ത് വന്നത് പാർട്ടിക്കുള്ളിലെ അതൃപ്തിയെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
മന്നം ജയന്തി സമ്മേളനത്തിൽ എത്തിയ ചെന്നിത്തലയെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പുകഴ്ത്തിയിരുന്നു.
മലപ്പുറത്തെ പരിപാടിക്ക് ശേഷം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങളും അദ്ദേഹത്തെ ശ്ലാഘിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടതിന് പിന്നാലെയാണ് മുരളീധരന്റെ വിമർശനം
പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയ ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ചയിലേക്ക് പാർട്ടി കടക്കൂയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ തീരുമാനിക്കും. അതിവിടെ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.