/sathyam/media/media_files/2026/01/08/pinarai-vijayan-ramesh-chennithala-2026-01-08-13-59-50.jpg)
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വ്യക്തിവിവരങ്ങള്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ചോര്‍ത്തിയത് പോരാഞ്ഞ് ഇപ്പോള്‍ സ്ത്രീസുരക്ഷാ പദ്ധതിയില്‍ പേര് ചേര്‍ത്തവരുടെയും വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തിയിരിക്കുകയാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രമല്ല കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് ഇതുവഴി സര്‍ക്കാര്‍ ചോര്‍ത്തിയിരിക്കുന്നത്. ഇതിനു പിന്നിലും പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്.
ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ 35 നു മുകളില്‍ പ്രായമുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി നല്‍കിയ കത്ത് പ്രകാരം ചോര്‍ത്തിയെടുത്തത്.
ഇതിന്റെ തെളിവായി മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യുട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് 070226/osd/01 എന്ന നമ്പരില്‍ തീയതിവെച്ച് എഴുതിയ മറ്റൊരു കത്ത് പുറത്തു വിടുന്നു.
/filters:format(webp)/sathyam/media/media_files/2026/02/27/ramesh-chennithala-5-2026-02-27-14-04-35.jpg)
ഇതോടെ കേരളത്തിലെ പാവപ്പെട്ട സ്ത്രീകളുള്‍പ്പെടെയുള്ള ലക്ഷക്കണക്കിനാളുകളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി യാതൊരു മുന്‍കരുതലുമില്ലാതെ സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറി തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ ഡാറ്റ ലഭിച്ച സ്വകാര്യ ഏജന്‍സികള്‍ ഇവ എത്രമാത്രം ദുരുപയോഗം ചെയ്യാനിടയുണ്ട് എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.
8 ലക്ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, 72 ലക്ഷം ക്ഷേമ പെന്‍ഷന്‍കാര്‍, 3 ലക്ഷം ചെറുകിട സംരംഭകര്‍, സ്ത്രിസുരക്ഷാ പദ്ധതിയില്‍ പേരു ചേര്‍ത്തവര്‍ തുടങ്ങി ഒരുകോടിയില്‍പരം വ്യക്തികളുടെ ഫോണ്‍ നമ്പര്‍, പേര്, പ്രായം, ലിംഗം, ജില്ല, താലൂക്ക്, വാര്‍ഡ്, തദ്ദേശസ്ഥാപനം എന്നിങ്ങനെയുള്ള കോടിക്കണക്കിന് രൂപയുടെ വാണിജ്യമൂല്യമുള്ള ഗവണ്‍മെന്റ് വെരിഫൈഡ് വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കു കൈമാറാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്.
ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്ത മുഖ്യമന്ത്രി രാജി വെച്ച് ഒഴിയണം. ഈ വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തണം.
ഈ വ്യക്തിവിവരങ്ങള്‍ പുറത്തുപോകുമ്പോള്‍ സൈബര്‍ തട്ടിപ്പുകളടക്കമുള്ള വന്‍കുറ്റകൃത്യങ്ങള്‍ അരങ്ങേറാനുള്ള അവസരം സര്‍ക്കാര്‍ തന്നെ ഒരുക്കിക്കൊടുക്കുകയാണ്. സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ കയ്യില്‍ ഈ പാവപ്പെട്ട സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ എത്തിയാല്‍ ഗുരുതരമായ പ്രത്യഘാതമാണുണ്ടാവുക.
No 100226/OSD/12 എന്ന തീയതി വെക്കാത്ത, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി സാംബശിവ റാവു കെ-സ്മാര്‍ട്ടിന് അയച്ച കത്ത് കഴിഞ്ഞ ദിവസം ഞാന്‍ പുറത്തു വിട്ടിരുന്നു.
ഇത് പ്രകാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ സേവനങ്ങള്‍ നല്‍കുന്ന കെ-സ്മാര്‍ട്ട് ഡാറ്റാബേസ് ഒന്നടങ്കം മിഷന്‍ ഡയറക്ടര്‍ക്ക് ഫെബ്രുവരി 12 നകം എന്നാണ് കത്തിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കെ-സ്മാര്‍ട്ടില്‍ ഉള്ളത് ഗവണ്‍മെന്റ് വെരിഫൈഡ് ഡാറ്റയാണ്. ഡാറ്റകളില്‍ ഏറ്റവും മൂല്യമുള്ളത്. ഇതു കൂടാതെയാണ് ഇപ്പോള്‍ സ്ത്രീസുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ഡീറ്റെയില്‍സ് എടുത്തിരിക്കുന്നത്.
ഈ ഡാറ്റയെല്ലാം ഐടി മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിക്ക് കൈമാറാനായിരുന്നു നിര്‍ദേശം. ഇയാളുടെ കരാര്‍ ജോലി ഐടി മിഷനിലാണെങ്കിലും യഥാര്‍ഥത്തില്‍ ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്.
ഇപ്രകാരം ലഭിച്ച വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചാണ് മുഖ്യമന്ത്രി ഫെബ്രുവരി 19 മുതല്‍ 21 വരെ ഒരു കോടിയോളം പേര്‍ക്ക് വാട്സാപ്പ് സന്ദേശം അയച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ബിസിനസ്സ് അക്കൗണ്ടില്‍ നിന്നാണ് ഈ വാട്സാപ്പ് സന്ദേശങ്ങള്‍ അയച്ചിട്ടുള്ളത്. ഈ നടപടി തീര്‍ത്തും അനധികൃതവും, അങ്ങേയറ്റം നിയമ വിരുദ്ധവുമാണ്.
ഇതു കൂടാതെ ഐടി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ എന്ന പേരില്‍ പത്തോളം സ്വകാര്യ ഏജന്‍സികളെ എംപാനല്‍ ചെയ്യുന്നതിനായി മുഖ്യമന്ത്രിയടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുടെ പേരില്‍ സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ, 2023 ലെ ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത ഏകോപന യോഗത്തിലെ മിനിട്സിനെ അവലംബിച്ചാണ് 2026 ഫെബ്രുവരി 11 ന് GO(Ms) No.4/2026/ITD എന്ന നമ്പരില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആ ഉത്തരവിന്റെ കോപ്പിയും ഞാന്‍ പുറത്തു വിടുന്നു.
എന്തിനാണ് അടിയന്തിരമായി ഇത്രയേറെ സ്വകാര്യ ഏജന്‍സികളെ എംപാനല്‍ ചെയ്യുന്നത് എന്നത് ദുരൂഹമാണ്. ഐടി വകുപ്പ് കണ്ടെത്തുന്ന ഈ മാന്‍പവര്‍ പ്രൊവൈഡേഴ്സ് വഴി മാത്രമേ എല്ലാ വകുപ്പുകളും ഐടി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാവു എന്നും ഉത്തരവില്‍ പറയുന്നു.
എല്ലാ വകുപ്പുകളില്‍ നിന്നും വന്‍തോതില്‍ ഡാറ്റ വാങ്ങിയതിനു പിന്നാലെ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് യാതൊരു മുന്‍കരുതലുകളും എടുക്കാതെ ബിസിനസ് വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കാന്‍ പാകത്തിന് ഡാറ്റ നല്‍കി എന്നത് പകല്‍പോലെ വ്യക്തമാണ്. അത് ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഇറങ്ങിയോ എന്നാണ് ഇനി കണ്ടെത്തേണ്ടത്.
സാംബശിവ റാവുവിന് മുമ്പ് 2020-21ല്‍ ഐടി വകുപ്പിന്റെ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു എം ശിവ ശങ്കരന്‍. അന്ന് സ്പ്രിംഗ്ലര്‍ കമ്പനിക്ക് കോവിഡിന്റെ മറവില്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ മുഴുവന്‍ ഏകപക്ഷീയമായി യാതൊരു കരാറും മുന്‍കരുതലുകളും കൂടാതെ ലഭ്യമാക്കാനുള്ള തീരുമാനം ഹൈക്കോടതിയിലെ നിരവധി നിയമനടപടികളിലൂടെ ഞാനടക്കമുള്ളവരാണ് പരാജയപ്പെടുത്തിയത്.
അതേ നടപടി ക്രമത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമാണ് അധികാരത്തില്‍ നിന്ന് പുറത്തു പോകുന്നതിന് ഏതാനും ദിവസം മുമ്പ് മാത്രം സാംബശിവറാവുവിനെ കൊണ്ട് മുഖ്യമന്ത്രി എടുപ്പിച്ചിരിക്കുന്നത്.
കോടിക്കണക്കിന് പൗരന്‍മാരുടെ വിശദമായ വ്യക്തിഗത വിവരങ്ങള്‍, അവരുടെ യാതൊരു തരത്തിലുള്ള അറിവും സമ്മതവും ഇല്ലാതെ സമ്പാദിക്കുകയും, അങ്ങനെ അവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകളിലേക്ക്, തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് കൊണ്ട് വാട്സാപ്പ് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തത്,
(a) ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി (റിട്ട) Vs യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സുപ്രീം കോടതിയുടെ 2017 ലെ, ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള 9 അംഗ ബെഞ്ചിന്റെ ചരിത്ര പ്രധാനമായ വിധിപ്രകാരം, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 എന്ന മൗലികാവകാശത്തിന്റെ നഗ്നമായ ലംഘനമാണ്.
സ്വകാര്യത മൗലികാവകാശമാണ് എന്നതിനാല്‍ ഈ അവകാശത്തിന്റെ ലംഘനം മൗലികാവകാശത്തിന്റെ ലംഘനമാണ് എന്നാണ് സുപ്രീം കോടതി മേല്‍പ്പറഞ്ഞ വിധിയിലൂടെ ഉത്തരവിട്ടത്.
(b) 11.8.2023 ന് പ്രെസിഡന്റിന്റെ അംഗീകാരം ലഭിച്ച ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട് 2023 വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ്. 2023 ലെ സെക്ഷന്‍ 4 ഉം 6 ഉം അടക്കമുള്ള വകുപ്പുകളുടെ നഗ്നമായ ലംഘനമാണ്.
2017 ലെ പുട്ടസ്വാമിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിന്യായം 303 ആം ഖണ്ഡികയില്‍ 'informational privacy' എന്നതും വിശദീകരിക്കുന്നുണ്ട്.
ആ തത്വത്തില്‍ വ്യക്തമാക്കിയിരിക്കുന്ന 3 മുന്‍ ഉപാധികളും നഗ്നമായി ലംഘിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു കോടിയില്‍ പരം പേരുടെ വ്യക്തിഗത വിവരങ്ങള്‍, ആ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ അവര്‍ ഏല്‍പ്പിച്ച സര്‍ക്കാര്‍, അവര്‍ അറിയാതെ കൈക്കലാക്കിയത്.
ഈ നടപടി ഒരു കോടിയില്‍ പരം മനുഷ്യരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്, ഒളിഞ്ഞുനോട്ടമാണ്.
2023 ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം വ്യക്തിഗത ഡാറ്റയുടെ സംസ്‌കരണം അറിവോടും സമ്മതത്തോടും ഒപ്പം, ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
ഈ ലക്ഷ്യത്തിന് വിരുദ്ധമായാണ് ഇവിടെ ഒരു കോടിയി പ്പരം പേരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.
ഒരു വ്യക്തിയുടെ വ്യക്തിഗത ഫോണ്‍ നമ്പര്‍ ആ വ്യക്തിയുടെ വ്യക്തിഗത വിവരങ്ങള്‍, അതായത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, അക്കൗണ്ട് വിശദാംശങ്ങള്‍, ഡിജിറ്റല്‍ പേയ്മെന്റ് സിസ്റ്റം, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍, കമ്മ്യൂണിക്കേഷന്‍ രേഖകള്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശാലമായ വിവരങ്ങളുടെ ഒരു സഞ്ചയമാണ്.
ഇത്തരത്തില്‍ നിയമ വിരുദ്ധമായും അനധികൃതമായും മുഖ്യമന്ത്രിയുടെ ഓഫീസ് കടന്നുകയറിയതു വഴി, ആ വ്യക്തിഗത വിവരങ്ങള്‍ എന്തിനു വേണ്ടിയാണോ സര്‍ക്കാരിനെ ഏല്‍പ്പിച്ചത് അതിനു കടകവിരുദ്ധമായി വ്യക്തിയുടെ എല്ലാ തരം വിവരങ്ങളും ചോര്‍ത്തിയെടുക്കപ്പെടുന്ന അതിഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
കോവിഡിന്റെ കാലത്ത് സ്പ്രിങ്ക്‌ളര്‍ ഇടപാടിന്റെ ഭാഗമായി ലക്ഷക്കണക്കിന് ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അവരുടെ അനുവാദം ഇല്ലാതെ അമേരിക്കയിലുള്ള ഒരു വിദേശ കമ്പനിക്ക് കൈമാറിയത് ഭരണകൂടമായിരുന്നു.
എന്നാല്‍ ഇവിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍, മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കോടിക്കണക്കിന് വ്യക്തികളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ കൈമാറുന്നത് ഒരു സ്വകാര്യ കമ്പനിക്കാണ്: അതും രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാന്‍.
മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നിയമ വിരുദ്ധമായി ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് അതിഗുരുതരമായ ഭരണഘടനാ ലംഘനത്തിനും, പൗര സ്വകാര്യതക്കും, സ്വയം ഭരണാവകാശത്തിനും എതിരാകുന്നു.
ഈ പശ്ചാത്തലത്തില്‍ ഒരു കോടിയില്‍ പരം പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍, അവരുടെ അനുവാദമോ സമ്മതമോ ഇല്ലാതെ കൈക്കലാക്കി, ആ വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറുകയും, ആ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരംതാണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ രാജി വെക്കണമെന്ന് മാത്രമല്ല, ക്രിമിനല്‍ നടപടികള്‍ക്ക് വിധേയനാവുകയും വേണം.
മാത്രമല്ല, ഈ അനധികൃത ഇടപാടില്‍ ഭാഗഭാക്കായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കുകയും വേണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us