ചെന്നിത്തല 'മഞ്ഞുരുക്കി'യത് സുകുമാരൻ നായരുമായി തെറ്റുകുറ്റങ്ങൾ പറഞ്ഞ് പരിഹരിച്ച്. മന്നം ജയന്തി വേദിയിൽ രമേശ് ചെന്നിത്തല മുഖ്യാതിഥിയാകുമ്പോൾ കെട്ടടങ്ങുന്നത് 2013ൽ ഉടലെടുത്ത താക്കോൽ സ്ഥാന വിവാദം. എൻ.എസ്.എസുമായുള്ള 11 വർഷത്തെ അകലം ഇല്ലാതാവുന്നത് പുതിയ രാഷ്ട്രീയ തന്ത്രങ്ങൾക്കുള്ള ഒരുക്കമോ ?

New Update
s

തിരുവനന്തപുരം: താക്കോൽ സ്ഥാന വിവാദത്തിലൂടെ എൻ.എസ്.എസുമായുള്ള ഊഷ്മള ബന്ധം നഷ്ടമായ ചെന്നിത്തല വീണ്ടും മന്നം ജയന്തി വേദിയിൽ.

Advertisment

ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി തെറ്റുകുറ്റങ്ങൾ പറഞ്ഞ് പരിഹരിച്ച് മഞ്ഞുരുക്കിയാണ് ചെന്നിത്തല മന്നം ജയന്തി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്താനെത്തുന്നത്.


വർഷങ്ങൾക്കു ശേഷം ചെന്നിത്തല - എൻഎസ്എസ് ബന്ധം ദൃഢമാകുമ്പോൾ പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ ഒരുങ്ങുന്നതിനുള്ള സൂചനയും വ്യക്തമാകുന്നു. യു.ഡി.എഫ് രാഷ്ട്രീയത്തിലും ഇതിന്റെ അലയൊലികളുണ്ടായേക്കും.


ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ.വെങ്കിടരമണി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ കോട്ടയം എം.പി ഫ്രാൻസിസ് ജോർജും പങ്കെടുക്കും . 

2013ൽ ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രിസ്ഥാനം നൽകാൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നടത്തിയ താക്കോൽ സ്ഥാന പരാമർശമാണ് കേരള രാഷ്ട്രീയത്തിൽ പിന്നീട് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

nss


അന്ന് കെ.പി.സി. സി അദ്ധ്യക്ഷനായ രമേശ് ചെന്നിത്തലയെ യു.ഡി.എഫ് സർക്കാരിന്റെ താക്കോൽ സ്ഥാനത്ത് എത്തിച്ചില്ലെങ്കിൽ അധികാരത്തിൽ തുടരാൻ ഭൂരിപക്ഷ ജനവിഭാഗം അനുമതി നൽകില്ലെന്ന ജി. സുകുമാരൻ നായരുടെ പ്രസംഗമാണ് കേരളത്തിലെ യു.ഡി.എഫ് രാഷ്ട്രീയത്തിൽ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്.



എന്നാൽ തുടർന്ന് വാർത്താസമ്മേളനം നടത്തിയ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുകയായിരുന്നു.

തന്റെ നിലപാടുകൾ സുവ്യക്തമായിരിക്കെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി നടത്തിയ പ്രസംഗത്തിൽ തന്നെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലെന്ന് കൂടി അദ്ദേഹം വ്യക്തമാക്കിയതോടെയാണ് ചെന്നിത്തലയുമായി എൻ.എസ്.എസ് നേതൃത്വം കടുത്ത അകൽച്ചയിലായത്.


പിന്നീട് നടന്ന ഒരു എൻ എസ് എസ് പരിപാടികളിലേക്കും ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. കഴിഞ്ഞ തവണ ശശി തരൂർ എം.പി മന്നം ജയന്തി സമ്മേളനത്തിൽ സംസാരിച്ചിരുന്നു. അന്നും ചെന്നിത്തലയെ നേതൃത്വം ഗൗനിച്ചിരുന്നില്ല.


ഇത്തവണ ജയന്തി സമ്മേളനത്തിന് മുമ്പ് തന്നെ ജി.സുകുമാരൻ നായരുമായി ചിലരുടെ സഹായത്തോടെ ചെന്നിത്തല ആശയവിനിമയം നടത്തിയതിനെ തുടർന്നാണ് പഴയകാര്യങ്ങൾ വിസ്മരിച്ച് അദ്ദേഹത്തെ ജയന്തി സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

Advertisment