/sathyam/media/media_files/WLXEWJZNXsgJzCU5Ttxw.jpg)
തിരുവനന്തപുരം: നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തിൽ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും വിചാരണ ചെയ്യപ്പെടുകയാണ് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ രമേശ് നാരായണൻ.
മൊമന്റോ നൽകവെ ആസിഫ് അലിയുടെ കൈ തട്ടി മാറ്റിയത് മനപ്പൂർവമല്ലെന്നും സംവിധായകൻ ജയരാജും കൂടെ അവിടെ വരണമെന്ന ആഗ്രഹം മാത്രമാണുണ്ടായിരുന്നതെന്ന് രമേശ് നാരായണൻ പറഞ്ഞെങ്കിലും വിവാദം തണുത്തിട്ടില്ല. ഒരാളെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും രമേശ് നാരായൺ വ്യക്തമാക്കി.
ഇതുവരെ വിവാദങ്ങളില്ലാത്ത ജീവിതമാണ് രമേശ് നാരായൺ നയിച്ചിട്ടുള്ളത്. ആകാശവാണിയിലെ ഉദ്യോഗസ്ഥനായിരുന്ന രമേശ് നാരായൺ 2019ലാണ് വിരമിച്ചത്. റഫീഖ് അഹമ്മദ് എഴുതി രമേശിന്റെ മകൾ മധുശ്രീ നാരായൺ പാടിയ 'തുഷാര ബിന്ദുവിൽ സൗര മയൂഖം ' എന്ന ഗാനം മകളെ പഠിപ്പിച്ചിട്ടാണ് അദ്ദേഹം ആകാശവാണി കണ്ണൂർ നിലയത്തിന്റെ പടിയിറങ്ങിയത്.
മ്യൂസിക് കമ്പോസർ ആയി 1995 ലാണ് രമേശ് കണ്ണൂർ ആകാശവാണിയിൽ പ്രവേശിച്ചത്. ആകാശവാണിയിൽ അനേകം സംഗീത പരിപാടികൾ അവതരിപ്പിച്ചു. സ്വര മഞ്ജരി, ലളിത സംഗീത പാഠം എന്നിവ വളരെ പ്രശസ്തമായിരുന്നു. അനേകം ലളിത ഗാനങ്ങളും ചിട്ടപ്പെടുത്തി . തദ്ദേശീയരായ അനേകം കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ അവർ ആലപിച്ചു. ഇടക്ക് വച്ച് ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ടും താമസം തിരുവന്തപുരത്തേക്കു മാറ്റിയതിനാലും കണ്ണൂരിൽ തുടരാനാവാതെ വിട്ടു നിൽക്കേണ്ടി വന്നുവെങ്കിലും സ്വരമഞ്ജരിയിൽ പുതിയ ഗാനം ചിട്ടപ്പെടുത്തിയാണ് അദ്ദേഹം പടിയിറങ്ങിയത്.
ആകാശവാണിയിൽ ദേശീയ അവാർഡുകളടക്കം അദ്ദേഹത്തെ തേടിയെത്തി. ഇതിനിടയിൽ അനേകം ചലച്ചിത്രങ്ങൾക്കും രമേശ് സംഗീത സംവിധാനം നിർവഹിച്ചു. ഈ പാട്ടുകളെല്ലാം ജനപ്രിയ ഗാനങ്ങളായി. അന്തർദേശീയ ദേശീയ പുരസ്‌കാരങ്ങളടക്കം അദ്ദേഹം നേടി. ഗർഷോം, മേഘമൽഹാർ, പരദേശി, രാത്രി മഴ , ഇടവപ്പാതി, എന്നു നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടി.
പത്മ വിഭൂഷൺ പണ്ഡിറ്റ് ജസ്‌രാജിന്റെ പ്രിയ ശിഷ്യനായ രമേശ് കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്. ഹിന്ദുസ്ഥാനി സംഗീതത്തെ കൂടുതൽ ജനപ്രിയമാക്കുകയും പുതു തലമുറകൾക്കു ഹിന്ദുസ്ഥാനി സംഗീതം ഗൗരവ പൂർവം പകർന്നു നൽകുകയുമാണ് ഇനിയുള്ള ഉദ്ദേശം. സംഗീതം സമാധാനത്തിനും ശാന്തിക്കും വേണ്ടിയാണെന്ന തിരിച്ചറിവിൽ അദ്ദേഹം രൂപകൽപന ചെയ്ത 'ലോകാ സമസ്ത സുഖിനോ ഭവന്തു ' എന്ന സംഗീത ശിൽപം ഏറെ ശ്രദ്ധ നേടി .
ഗുരു പത്മ വിഭൂഷൺ സംഗീത് മാർത്താണ്ഡ് പണ്ഡിറ്റ് ജസ്‌രാജിന്റെ അനുഗ്രഹവർഷത്തോടെ പത്മ ഭൂഷൺ മോഹൻലാലിന്റെ ആശംസകളോടെ ചെയ്ത ഈ സംഗീത ആൽബം ഏറെ ശ്രദ്ധേയമാണ്. പത്മഭൂഷൻ യേശുദാസ് , എസ് പി ബാലസുബ്രഹ്മണ്യം, കെ.എസ് ചിത്ര, ഹരിഹരൻ ശ്രീനിവാസ് , മക്കളായ മധുവന്തി, മധുശ്രീ തുടങ്ങിയവർ ആൽബത്തിൽ പാടിയിട്ടുണ്ട്. സംഗീതജ്ഞയായ ഡോക്ടർ ഹേമ നാരായൺ ആണ് രമേശ് നാരായണിന്റെ ഭാര്യ.
സംഗീതമല്ലാതെ മറ്റൊന്നിനോടും ഇത്രമേൽ പ്രണയമില്ലെന്ന് രമേശ് ഇടയ്ക്കിടെ പറയും. ചിറ്റൂർ ഗവൺമെന്റ് സംഗീതകോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത്, ഇരുപതാമത്തെ വയസിലാണ് പൂനെയിലുള്ള ജ്യേഷ്‌ഠൻ രാംദാസിന്റെ അടുത്തേക്ക് പോയത്. അവിടെ ഭാരതീയ ഗന്ധർവ മഹാവിദ്യാലയത്തിൽ ചേർന്നു പഠിക്കുകയും പ്രഗത്ഭരും പ്രസ്‌തരുമായ സംഗീതജ്ഞരുടെ ശിക്ഷണം ലഭിയ്‌ക്കുകയും ചെയ്‌തു. പണ്ഡിറ്റ് രവിശങ്കറിന്റെ ശിഷ്യൻ പണ്ഡിറ്റ് സച്ചിദാനന്ദ ഫാട്കയുടെ കീഴിൽ സിത്താറും അഭ്യസിച്ചു. ഏഴു വർഷത്തെ പഠനത്തിന് ശേഷം 1985ലാണ് പണ്ഡിറ്റ് ജസ് രാജിന്റെ ശിഷ്യനാകുന്നത്.
അദ്ദേഹത്തിന്റെ ശിഷ്യനാകാൻ കഴിഞ്ഞത് തന്നെ ജീവിതത്തിലെ മഹാഭാഗ്യമാണ്. രണ്ടു വർഷത്തോളം പരീക്ഷണകാലഘട്ടമായിരുന്നു. ജ്ഞാനസ്ഥനാവുക എന്ന ആഗ്രഹം പൂർണമായും തന്നിലുണ്ടെന്ന് മനസിലായതിന് ശേഷം മാത്രമാണ് ഗുരു തന്നെ എല്ലാ അർത്ഥത്തിലും ശിഷ്യൻ എന്ന പദത്തിന് യോഗ്യനാക്കിയത്. രമേശ് നാരായണിന്റെ വാക്കുകളിലൂടെ:
''1983ൽ എറണാകുളത്ത് ഫൈൻ ആർട്സ് കോളേജിൽ വച്ചുനടന്ന സംഗീത കച്ചേരിയിൽ അപ്രതീക്ഷിതമായാണ് ഗുരു എന്നോട് സദസിൽ പാടാൻ ആവശ്യപ്പെട്ടത്. ഉത്തരേന്ത്യൻ ശാസ്ത്രീയ സംഗീതമായ ഹിന്ദുസ്ഥാനി ആലപിച്ചത് മലയാളത്തിന്റെ പുത്രനാണെന്ന് ഗുരു സദസിന് മുന്നിൽ പരിചയപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്‌തു. ഹിന്ദുസ്ഥാനി സംഗീതത്തിന് അന്ന് വലിയ പ്രചാരമൊന്നും ലഭിച്ചിട്ടില്ലാത്ത കേരളത്തിൽ വച്ചുതന്നെ ആ ഭാഗ്യം ലഭിച്ചു.
ഇപ്പോഴും ഗുരുവിന്റെ ശിഷ്യൻ മാത്രമാണ്. സ്വരഭാവരാഗങ്ങളുടെ അനന്തസാഗരമായ ഹിന്ദുസ്ഥാനി സംഗീതത്തിലെ മുത്തുകൾ സ്വായത്തമാക്കാൻ ഈ ജന്മം മതിയാകില്ല. ഗുരുവിനൊപ്പം അസുലഭമായ പല മുഹൂർത്തങ്ങളും പങ്കു വച്ചിട്ടുണ്ടെങ്കിലും തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന്റെ മൂന്നാം ദിവസം ഗുരു വന്നതും അവിടം സംഗീതത്താൽ പരിപാവനമാക്കുകയും ചെയ്‌തതിൽ പരം പുണ്യം ഈ ജീവിതത്തിൽ ലഭിയ്‌ക്കാനില്ല.
സംഗീതം ജന്മസിദ്ധമായി കൂടെയുണ്ട്. കുട്ടിക്കാലം മുതൽ തനിയെ ഈണം നൽകിയിട്ടുണ്ട്. സംഗീതം കൂടുതൽ അറിഞ്ഞു തുടങ്ങിയപ്പോൾ നൈസർഗികമായ ഈ സിദ്ധി കൂടുതൽ ശക്തിയാർജിച്ചു. സിനിമയല്ല സംഗീതത്തിന്റെ അവസാന വാക്ക്. എന്നാൽ സംഗീതത്തെ കുറിച്ചറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെ ആസ്വദിയ്‌ക്കും എന്നതിനാൽ കലാകാരൻ എന്ന നിലയിൽ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാൻ കഴിയുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.
ടെലിവിഷൻ പരമ്പരകളിലൂടെയാണ് സംഗീതസംവിധാനത്തിന് തുടക്കം കുറിച്ചത്. 1993 ൽ പി.ടി കുഞ്ഞുമുഹമ്മദിന്റെ 'മഗരിബ് " എന്ന ചലച്ചിത്രത്തിൽ റീറെക്കാർഡിംഗ് നിർവഹിച്ചു കൊണ്ടായിരുന്നു സിനിമാമേഖലയിൽ എത്തിയത്. പി. ടി യുടെ 1999ൽ പുറത്തിറങ്ങിയ 'ഗർഷോം" എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്.
റഫീക്ക് അഹമ്മദിന്റെ 'പറയാൻ മറന്ന പരിഭവങ്ങൾ …" എന്ന ഗാനത്തിന്റെ ട്രാക്കും അതിമനോഹരമായി പാടി. ഹരിഹരൻ ഇതാലപിക്കണം എന്ന താത്‌പര്യം സംവിധായകനോട് പറയുകയും അദ്ദേഹം അതംഗീകരിയ്‌ക്കുകയും ചെയ്‌തു.
ചിത്രത്തിൽ ഗാനം ആലപിക്കുന്ന കഥാപാത്രം ചെയ്യാനും കഴിഞ്ഞു. എഴുതിക്കിട്ടുന്ന പാട്ടിന് സംഗീതം നിർവഹിയ്‌ക്കുമ്പോഴാണ് സംഗീത സംവിധായകന്റെ പ്രസക്തിയേറുന്നത്. 2001ൽ പുറത്തിറങ്ങിയ കമൽ ചിത്രമായ 'മേഘമൽഹാറി"ലെ 'ഒരു നറു പുഷ്‌പമായ് എൻനേർക്ക് നീളുന്ന മിഴിമുനയാരുടേതാകാം …." എന്ന ഒ.എൻ.വി യുടെ വരികൾക്ക് വീട്ടിൽ ഇരുന്ന്, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ കാമറയുടെ മുന്നിൽ തത്സമയം ഈണം പകർന്നത് പിരിമുറുക്കമുണ്ടാക്കിയെങ്കിലും നിരവധി അഭിനന്ദനങ്ങൾ നേടിത്തന്ന ഗാനമാണ്.
2005ൽ ജയരാജ് സംവിധാനം ചെയ്ത 'മകൾക്ക്" എന്ന ചിത്രത്തിലെ 'ചാഞ്ചാടിയാടിയൂറങ്ങൂ നീ….ചരിഞ്ഞാടിയാടിയുറങ്ങു നീ …എന്ന അദ്നൻ സമിയുടെ ശബ്‌ദത്തിലൂടെയുള്ള പാട്ടിന്റെ പ്രശസ്‌തി, അതിന് കിട്ടിയ വിമർശനങ്ങളെയും മധുരതരമാക്കുന്നതായിരുന്നു. ഇതേ ചിത്രത്തിൽ കൈതപ്രം രചിച്ച് മഞ്ജരി പാടിയ 'മുകിലിൻ മകളേ" എന്ന പാട്ടും ആസ്വാദകർ ഏറ്റുവാങ്ങി.
പി.ടി കുഞ്ഞുമുഹമ്മദിന്റെ 2007ൽ പുറത്തിറങ്ങിയ 'പരദേശി"എന്ന ചിത്രത്തിലെ 'തട്ടം പിടിച്ചുവലിയ്‌ക്കല്ലേ മൈലാഞ്ചിച്ചെടിയേ…" എന്ന റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം പകർന്നത് സുജാതയുടെ ആലാപനത്തിലൂടെ വേറിട്ടൊരനുഭൂതി പകർന്നു.
2011ൽ പി.ടി കുഞ്ഞുമുഹമ്മദിന്റെ 'വീരപുത്രൻ" എന്ന ചിത്രത്തിലെ 'കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും കാണാ മറയത്തു ഒളിച്ചാലും …"എന്ന റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകി ശ്രേയഘോഷാൽ പാടിയതും വൻഹിറ്റായി മാറി. 'എന്ന് നിന്റെ മൊയ്‌തീനിലെ" ചങ്ങമ്പുഴയുടെ വരികളായ "ശാരദാംബരം ചാരുചന്ദ്രിക…, പി.ജയചന്ദ്രനും ശില്‌പരാജും ചേർന്ന് പാടിയ പാട്ട് സംഗീത സംവിധാനശൈലിയിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന ജനപ്രിയഗാനമാണ്. അടുത്തിടെ ടി.കെ രാജീവ്കുമാർ ചിത്രം കോളാമ്പിയിൽ പശ്ചാത്തല സംഗീതവും സംഗീതവും നിർവഹിച്ചു. പിന്നണി ഗാനങ്ങൾക്ക് പുറമേ നിരവധി ആൽബങ്ങളും ചെയ്‌തിട്ടുണ്ട്.
കർണാടിക് സംഗീതത്തേക്കാൾ രാഗങ്ങൾ കൂടുതലുള്ള ഹിന്ദുസ്ഥാനി സംഗീതം ഭാവത്തേക്കാൾ സ്വരത്തിനാണ് പ്രാധാന്യം നൽകുന്നത്. മാത്രമല്ല ആത്മീയ സാധനയുടെ ഭാഗം കൂടിയാണ് സംഗീതം. മനസിന് മാത്രമല്ല പ്രകൃതിയിലും മാറ്റങ്ങൾ വരുത്താൻ സംഗീതത്തിന് കഴിയും. ചുട്ടുപൊള്ളുന്ന ദുബായിൽ കച്ചേരി നടത്തവേ മഴ പെയ്‌തത് വ്യത്യസ്‌തമായ അനുഭവമായിരുന്നു.
മഴയുടെ രാഗങ്ങൾ ആലപിയ്‌ക്കേ കൊടുംവേനലിൽ കൊച്ചി മഴയിൽ കുതിർന്നത് അന്ന് മാദ്ധ്യമങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്‌തു. ധൂലിയ മൽഹാർ രാഗതരംഗങ്ങളും ഗുരുവിന്റെ അനുഗ്രഹവും പഞ്ചഭൂതങ്ങളിലുള്ള വിശ്വാസവും പരിപാവനമായ സംഗീതവും എല്ലാം ചേർന്നപ്പോൾ അങ്ങനെയൊരു മാറ്റം പ്രകൃതിയിൽ സംഭവിച്ചതാണ്.
1994ൽ സൂര്യ ഫെസ്റ്റിവലിൽ മുപ്പത് മണിക്കൂർ ഒരു കച്ചേരി നടത്തിയിരുന്നു. 2013ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബി ശാന്താറാം ഓഡിറ്റോറിയത്തിൽ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തിൽ ഐസക് ന്യൂട്ടൺ മുതൽ അബ്‌ദുൽകലാം ആസാദ് വരെയുള്ള മഹാത്മാക്കൾക്ക് സമർപ്പിച്ചുകൊണ്ടും ഒരു കച്ചേരി നടത്തിയിരുന്നു. തുടർച്ചയായി മുപ്പത്തിയാറു മണിക്കൂർ നടത്തിയ ആ കച്ചേരി ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനവും പിടിച്ചു.
കണ്ണൂരിലെ കൂത്തുപറമ്പിലെ കർണാടക സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനനം. ഇപ്പോൾ തിരുവനന്തപുരത്ത് തമലത്താണ് താമസം. അമ്മ, നാരായണിയമ്മയാണ് കർണാടിക് സംഗീതത്തിലെ ആദ്യഗുരു. ഡോ.ഹേമയാണ് ഭാര്യ, മക്കൾ മധുവന്തി, മധുശ്രീ. എല്ലാവരും സംഗീതജ്ഞരാണ്. മധുവന്തിയെ വിവാഹം കഴിച്ചിരിക്കുന്നത് പുല്ലാങ്കുഴൽ വിദ്വാനും സംഗീതസംവിധായകനുമായ വിഷ്‌ണു വിജയ് ആണ്.
വിഷ്‌ണുവിന് 'ഗപ്പി" എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. മധുശ്രീക്ക് അച്‌ഛന്റെ സംഗീത സംവിധാനത്തിൽ പാടിയ ഇടവപ്പാതിയിലെ പാട്ടിന്2015 ലെ മികച്ച പിന്നണി ഗായികയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചു. സംഗീത പാരമ്പര്യം നിലനിർത്തിക്കൊണ്ട് പോകാൻ കഴിയുന്നതിലും ഭാവി തലമുറയും സംഗീതത്തിന്റെ വഴിയിൽ സഞ്ചരിക്കുന്നതിലും അഭിമാനമുണ്ട്.