ഡല്‍ഹിക്ക് പുറത്ത് ഇതുവരെ കേന്ദ്രം അനുവദിക്കാത്ത റാപ്പിഡ് റെയില്‍ കേരളത്തിന് കിട്ടുമോ? ഡല്‍ഹിയെ സമീപ സംസ്ഥാനങ്ങളിലെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റാപ്പിഡ് റെയില്‍ കേരളത്തിനും വേണമെന്ന് ആവശ്യം. വിവാദങ്ങള്‍ മറികടന്ന് വികസനം തിരഞ്ഞെടുപ്പില്‍ പ്രചാരണമാക്കാനുള്ള തന്ത്രം. വികസിത കേരളം മുദ്രാവാക്യമുയര്‍ത്തുന്ന ബിജെപിയെ എതിരിടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് സി.പി.എം

സ്ഥലദൗര്‍ലഭ്യം കണക്കിലെടു ത്ത് റാപ്പിഡ് റെയിലിന് ഉയരപ്പാതയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതാണ് പദ്ധതിച്ചെലവ് ഉയര്‍ത്തിയത്.

New Update
Untitled

തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍കോട് പാതയില്‍ അതിവേഗ ട്രെയിന്‍ യാത്ര സാദ്ധ്യമാക്കുന്ന റാപ്പിഡ് റെയിലിന് കേന്ദ്രം അനുമതി നല്‍കിയാല്‍ അത് തിരഞ്ഞെടുപ്പില്‍ വികസനമെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടാമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 

Advertisment

മാത്രമല്ല, ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്ന സില്‍വര്‍ലൈനിന് ബദലായി പുതിയ പദ്ധതി കൊണ്ടുവന്നു എന്ന് അവകാശപ്പെടുകയും ചെയ്യാം. അതേസമയം, കേന്ദ്രം അനുമതി നല്‍കിയില്ലെങ്കില്‍ കേരളത്തിന്റെ വികസനത്തിന് ഇടങ്കോലിടുന്നു എന്ന് കേന്ദ്രത്തിനും ബിജെപിക്കുമെതിരേ ആരോപണവും ഉന്നയിക്കാം. ഇത്തരത്തില്‍ പലവിധ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ റാപ്പിഡ് റെയില്‍ പദ്ധതിക്കായി രംഗത്തിറങ്ങിയത്.


കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിക്ക് ഒട്ടും യോജിച്ചതല്ല റാപ്പിഡ് റെയില്‍ പദ്ധതി.  63,941 കോടി രൂപയാണ് സില്‍വര്‍ലൈനിന് കണക്കാക്കിയതെങ്കില്‍ റാപ്പിഡ് റെയിലിന് ഇതിന്റെ മൂന്നിരട്ടി തുകയായ 1,92,780 കോടി ചെലവുണ്ടാവും. ഈ പണം എങ്ങനെ കണ്ടെത്തുമെന്ന് അവ്യക്തമാണ്. 

സ്ഥലദൗര്‍ലഭ്യം കണക്കിലെടു ത്ത് റാപ്പിഡ് റെയിലിന് ഉയരപ്പാതയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതാണ് പദ്ധതിച്ചെലവ് ഉയര്‍ത്തിയത്. പദ്ധതിച്ചെലവിന്റെ 60 ശതമാനം വായ്പയായി കണ്ടെത്തുമെന്നും ശേഷിക്കുന്ന 40 ശതമാനം സംസ്ഥാനവും കേന്ദ്രവും തുല്യമായി പങ്കിടുമെന്നുമാണ് ഇപ്പോഴത്തെ പ്രതീക്ഷ. എന്നാല്‍ ഡല്‍ഹിക്ക് പുറത്ത് റാപ്പിഡ് റെയില്‍ അനുവദിക്കുന്നതില്‍ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്നതാണ് കേരളത്തിനുള്ള വെല്ലുവിളി.

ഡല്‍ഹി മീററ്റ് റാപ്പിഡ് റെയില്‍ മാതൃകയാക്കിയാണ് സംസ്ഥാനസര്‍ക്കാര്‍ നീങ്ങുന്നത്. എന്നാല്‍ ഇതുവരെയുള്ള റാപ്പിഡ് റെയിലുകളെല്ലാം ഡല്‍ഹിയെ സമീപ സംസ്ഥാനങ്ങളിലെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ്. 

തിരുവനന്തപരും- കാസര്‍കോട് 588 കിലോമീറ്റര്‍ പാതയെ ട്രാവന്‍കൂര്‍ ലൈന്‍ (തിരുവനന്തപുരം -തൃശ്ശൂര്‍ 284 കി.മീ.), മലബാര്‍ ലൈന്‍ (തൃശ്ശൂര്‍-കോഴിക്കോട്), കണ്ണൂര്‍ ലൈന്‍ (കോഴിക്കോട്-കണ്ണൂര്‍), കാസര്‍കോട് ലൈന്‍ (കണ്ണൂര്‍-കാസര്‍കോട്) എന്നിങ്ങനെ നാലായി തിരിച്ചാണ് നിര്‍മാണം. ഇതില്‍ 284 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ട്രാവന്‍കൂര്‍ ലൈന്‍ 2033-ല്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.


'വികസിത കേരളം' മുദ്രാവാക്യമുയര്‍ത്തി തദ്ദേശതിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് ലഭിച്ച സ്വീകാര്യതകൂടി കണക്കിലെടുത്താണ് അതിവേഗ റെയില്‍ പദ്ധതി ഊര്‍ജിതമാക്കുന്നത്. വന്ദേഭാരത് വന്നതോടെ അതിവേഗയാത്രയ്ക്ക് പ്രിയമേറിയിട്ടുണ്ട്. പദ്ധതിക്ക് അനുമതിനല്‍കേണ്ടത് നഗരവികസന മന്ത്രാലയമാണെങ്കിലും റെയില്‍വേയുടെ സാങ്കേതികാനുമതിയടക്കം വേണ്ടിവരും.  


ഡല്‍ഹിയില്‍ ദേശീയപാതയ്ക്ക് മുകളിലൂടെ റാപ്പിഡുണ്ടെങ്കിലും വളവുകളുള്ളതിനാല്‍ കേരളത്തിലെ ദേശീയപാതയില്‍ ഇത് സാദ്ധ്യമാവില്ല. അതേസമയം, മെട്രോ ആക്ടിന്റെ കീഴില്‍വരുന്ന ആര്‍ആര്‍ടിഎസ് പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.

Advertisment