/sathyam/media/media_files/2026/02/03/karimanal-2026-02-03-21-45-44.jpg)
കോട്ടയം: റെയര്‍ എര്‍ത്ത് കോറിഡോര്‍ പ്രഖ്യാപനം തുറന്നിടുന്നത് അനന്ത സാധ്യതകള്‍. ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍, പ്രതിരോധം, ഹരിത ഊര്‍ജം എന്നീ മേഖലകളില്‍ അത്യാവശ്യമായ ഈ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കാനായാല്‍ മേഖലയിലെ ചൈനയുടെ കുത്തക തകര്‍ക്കാനാകുമെന്നാണു പ്രതീക്ഷ.
വിഴിഞ്ഞം തുറമുഖത്തുനിന്നു ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ സ്ഥാപിക്കാന്‍ സംസ്ഥാന ബജറ്റില്‍ നിര്‍ദേശമുണ്ട്.
/filters:format(webp)/sathyam/media/media_files/2026/02/03/karimanal-2026-02-03-21-49-22.jpg)
ഇതുമായി ബന്ധപ്പെട്ട കേന്ദ്രം ചവറ കെ.എം.എം.എല്ലിനോട് ചേര്‍ന്നു സ്ഥാപിക്കാന്‍ 100 കോടി രൂപയാണു സംസ്ഥാന ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.
കേന്ദ്രത്തിന്റെ പിന്തുണ ലഭിച്ചാലേ ഇതു പൂര്‍ണമാകുകയുള്ളൂ. ഇരു സര്‍ക്കാരുകളും സഹകരിച്ചുള്ള പദ്ധതിയാകും കേരളത്തിനു ഗുണകരം.
ചവറ കെ.എം.എം.എല്ലില്‍ (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്) ഉപയോഗശേഷം സൂക്ഷിക്കുന്നത് അപൂര്‍വ മൂലകങ്ങള്‍ അടങ്ങിയ ഒന്നേകാല്‍ലക്ഷം ടണ്‍ കരിമണലാണ് .
/filters:format(webp)/sathyam/media/media_files/2026/02/03/karimanal-news-2026-02-03-21-50-21.jpg)
ഇല്‍മനൈറ്റ്, റൂട്ടൈല്‍, സിര്‍കോണ്‍ എന്നിവ വേര്‍തിരിച്ചെടുത്തശേഷം കെ.എം.എം.എല്‍. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിനോട് ചേര്‍ന്നു കോണ്‍ക്രീറ്റ് നിലവറകളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
25 ശതമാനം മോണോസൈറ്റ് അടങ്ങിയ അപൂര്‍വ ധാതുക്കളുടെ കലവറയാണിത്. വേര്‍തിരിച്ചെടുത്താല്‍ ശതകോടികള്‍ മൂല്യമുള്ള ധാതുക്കള്‍ വര്‍ഷങ്ങളായി സൂക്ഷിക്കുകയാണ്.
ഖനനത്തിനോ സംസ്‌കരണത്തിനോ കെ.എം.എം.എല്ലിന് അനുമതിയില്ലാത്തതാണു കാരണം.
1980 മുതല്‍ ശേഖരിച്ചിരിക്കുന്ന ഈ മണലില്‍(മോണോസൈറ്റ് ടെയ്ലിങ്‌സ്)നിന്നു റേഡിയോ ആക്ടീവായ മോണോസൈറ്റും തോറിയവും മറ്റും വേര്‍തിരിച്ചെടുക്കാനാകും.
/filters:format(webp)/sathyam/media/media_files/2026/02/03/karmanal-kollam-2026-02-03-21-52-06.jpg)
കെ.എം.എം.എല്ലില്‍ ഒരുവര്‍ഷം 60,000 ടണ്‍ ഇല്‍മനൈറ്റ് വേര്‍തിരിക്കുന്നുണ്ട്. ഇല്‍മനൈറ്റ്, റൂട്ടൈല്‍ എന്നിവ ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റ് നിര്‍മാണത്തിനുള്ള പ്രധാന അസംസ്‌കൃതവസ്തുക്കളാണ്.
കൂടാതെ ബഹിരാകാശ, പ്രതിരോധ മേഖലകളില്‍ ഉപയോഗിക്കുന്ന ടൈറ്റാനിയം സ്‌പോഞ്ച് നിര്‍മാണത്തിനും ഇവ വേണം. ഇതിനു പുറമേ സിലിമനൈറ്റ്, സിര്‍ക്കോണ്‍ എന്നീ മൂലകങ്ങളും വേര്‍തിരിച്ചെടുക്കുന്നുണ്ട്.
അവശേഷിക്കുന്ന മണലില്‍ അപൂര്‍വ ധാതുവായ മോണാസൈറ്റും തോറിയം, ലന്താനം തുടങ്ങിയ അപൂര്‍വ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്.
ഇത് പ്രയോജനപ്പെടുത്താന്‍, കേന്ദ്ര ബജറ്റില്‍ പറയുന്ന, 'അപൂര്‍വ ധാതു ഇടനാഴി' സഹായകമാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കൊല്ലം നീണ്ടകരമുതല്‍ ആലപ്പുഴ തോട്ടപ്പള്ളിവരെയുള്ള തീരപ്രദേശങ്ങളില്‍ മൂന്നേകാല്‍ക്കോടി ടണ്‍ കരിമണല്‍ നിക്ഷേപമുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us