/sathyam/media/media_files/h2PqYfnP1J2Chf8LT5lF.jpg)
തൃശൂര്‍: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍.
ലോകപ്രശസ്തനായ ചലച്ചിത്രപ്രതിഭയാണെന്ന് സമ്മതിച്ചു.പക്ഷേ അതുകൊണ്ട് വിവേകത്തോടെ സംസാരിക്കാന്‍ കഴിയണമെന്നില്ലെന്ന് ചരുവില്‍ പറഞ്ഞു.
'കക്ഷിരാഷ്ട്രീയം വേണ്ട; പക്ഷേ ലോകത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചും ഒരു സാമാന്യധാരണ എല്ലാ കലാപ്രവര്‍ത്തകര്‍ക്കും ആവശ്യമുണ്ട്.
ഇവിടെ അതു കണ്ടില്ല. ശബ്ദങ്ങള്‍ സൂക്ഷ്മമായി പിടിച്ചെടുത്ത് സര്‍ഗ്ഗാത്മകമായി ഉപയോഗിക്കുന്ന ഇദ്ദേഹം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരച്ചില്‍ കേള്‍ക്കുന്നില്ല' - അശോകന്‍ ചരുവില്‍ പറഞ്ഞു.
കേരള ചലച്ചിത്ര മേളയുടെ സമാപനദിവസത്തിന്റെ തലേന്നാണ് അദ്ദേഹം ഐഎഫ്എഫ്‌കെ വേദിയിലെത്തിയത്. പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.
ആറു ചിത്രങ്ങളുടെ പ്രദര്‍ശനം ചലച്ചിത്ര അക്കാദമി തന്നെ ഉപേക്ഷിച്ചത് രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങളില്‍ വിള്ളലുണ്ടാവുമെന്ന് കേന്ദ്രം അറിയിച്ചതിനാലാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വിദേശനയവുമായി ബന്ധപ്പെട്ട് അനുമതി തരാത്തതിനെ എതിര്‍ക്കുന്ന നിങ്ങള്‍ ഇന്ത്യക്കാരനാണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
'ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദേശനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊണ്ട് സിനിമകള്‍ക്ക് അനുമതി തരുന്നില്ല എന്ന് പറയുമ്പോള്‍ എന്തടിസ്ഥാനത്തിലാണ് എതിര്‍ക്കേണ്ടത്. ആ എതിര്‍ക്കുന്ന നിങ്ങള്‍ ഇന്ത്യക്കാരനാണോ. അങ്ങനെയാണോ നമ്മള്‍ ചെയ്യേണ്ടത്', റസൂല്‍ പൂക്കുട്ടി ചോദിച്ചിരുന്നു. ഇതിനെതിരെയാണ് എഴുത്തുകാരൻ അശോകൻ ചരുവിൽ രം​ഗത്ത് എത്തിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us