സംസ്ഥാന സർക്കാരിന് ശ്വാസം വീണു. അതിദാരിദ്ര്യ മുക്തമെന്ന പ്രഖ്യാപനം കാരണം 5.94ലക്ഷം പാവങ്ങളുടെ മഞ്ഞക്കാർഡ് വെട്ടില്ലെന്ന് കേന്ദ്രം. കേരളത്തിന് നൽകുന്ന റേഷൻ കുറയ്ക്കില്ല. അന്ത്യോദയ റേഷനും തമ്മിൽ ബന്ധമില്ലെന്നും കേന്ദ്രം. ചോദ്യം ചോദിച്ച യു.ഡി.എഫ് എം.പിമാർക്ക് കേരളത്തെ ദ്രോഹിക്കാനുള്ള ദുഷ്ടലാക്കെന്ന് മന്ത്രി എം.ബി.രാജേഷ്. മഞ്ഞക്കാർഡ് കേന്ദ്രം വെട്ടിയെങ്കിൽ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം പൊളിഞ്ഞേനെ

New Update
CM YELLOW CARD

തിരുവനന്തപുരം:അതിദാരിദ്ര്യ മുക്തമായി കേരളത്തെ പ്രഖ്യാപിച്ചതു കാരണം 5.94ലക്ഷം പാവങ്ങളുടെ മഞ്ഞക്കാർഡ് വെട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ കേരളത്തിന് ആശ്വാസം.

Advertisment

അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചാൽ അന്ത്യോദയ റേഷൻ മുടങ്ങിയേക്കുമെന്ന് സർക്കാരിനു പോലും ആശങ്കയുണ്ടായിരുന്നു.

ഇന്ന് പാർലമെന്റിൽ എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.


അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം അന്ത്യോദയ റേഷനെ ബാധിക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയത്.


അന്ത്യോദയ പദ്ധതിക്ക് കേന്ദ്രത്തിന് കൃത്യമായ പദ്ധതിയുണ്ട്. കേരളത്തിന്റെ പ്രഖ്യാപനം തടസ്സമാകില്ല. കേരളത്തിന് നിലവിൽ നൽകുന്ന ഭക്ഷ്യധാന്യത്തിന്റെ അളവിൽ കുറവുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

5.94 ലക്ഷം മഞ്ഞക്കാർഡുകളാണ് കേരളത്തിൽ ഉള്ളത്. അതിദരിദ്ര മുക്തം പോലെയുള്ള പ്രഖ്യാപനം നടത്തുന്നത് കേരളത്തിന് വിദേശ സാമ്പത്തിക ഏജൻസികളിൽനിന്ന് വായ്പയെടുക്കാൻ സഹായിക്കുമോയെന്നും യുഡിഎഫ് എംപിമാർ ചോദ്യമുന്നയിച്ചു.


അന്ത്യോദയ എന്നത് ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെയോ മാനദണ്ഡങ്ങളുടെയോ അടിസ്ഥാനത്തിലുള്ള അതിദാരിദ്ര്യം നിർണയിക്കാനുള്ള ഒരു പദ്ധതിയല്ലെന്നാണ് സർക്കാർ വിശദീകരണം.


പൊതുവിതരണ സമ്പ്രദായത്തെ പരിമിതപ്പെടുത്താനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച വിഭജനത്തിന്റെ ഭാഗം മാത്രമാണത്. ദേശീയതലത്തിൽ കുറഞ്ഞ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണം ചുരുക്കാനായി മാത്രം ഉണ്ടാക്കിയ പട്ടികയാണത്.

നിശ്ചിത എണ്ണം ആൾക്കാർക്ക് റേഷൻ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്നതിനായി ദാരിദ്ര്യരേഖ പട്ടികയിൽ ഏറ്റവും പുറകിൽ നിന്ന് മുന്നോട്ട് എന്ന രീതിയിലാണ് അന്ത്യോദയ അന്നയോജന പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്.


 അർഹതപ്പെട്ട എല്ലാവർക്കും എന്നല്ല, ഏറ്റവും പുറകിലുള്ള ഇത്ര പേർക്ക് എന്നതാണ് അതിന്റെ സമീപനം. റേഷൻ ആവശ്യത്തിന് മാത്രമുള്ള അന്ത്യോദയ പട്ടികയെ സമഗ്രവും സങ്കീർണവുമായ മാനദണ്ഡങ്ങളിലൂടെ നടത്തിയ അതിദാരിദ്ര്യ നിർണയവുമായി താരതമ്യപ്പെടുത്തുന്നതുതന്നെ അശാസ്ത്രീയമാണ്.


അന്ത്യോദയ പട്ടികയിൽ പോലും ഉൾപ്പെടാത്ത, റേഷൻകാർഡ് പോലും ഇല്ലാത്ത ആൾക്കാർ അതിദാരിദ്ര്യ കുടുംബ പട്ടികയിലുണ്ട്. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയും അന്ത്യോദയ റേഷനും തമ്മിൽ ബന്ധമില്ല എന്നാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ കൊടുത്ത മറുപടിയിലും വ്യക്തമാക്കുന്നത്.

യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾ ഇവയായിരുന്നു. കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം കേന്ദ്രം അറിഞ്ഞിരുന്നോ, പ്രഖ്യാപനത്തെ തുടർന്ന് അന്ത്യോദയ കാർഡുകൾ റദ്ദാക്കുമോ, പ്രഖ്യാപനത്തെ തുടർന്ന് കേരളത്തിനുള്ള ഭക്ഷ്യവിഹിതം വെട്ടിക്കുറയ്ക്കുമോ, പ്രഖ്യാപനം വഴി കേരളത്തിന് വിദേശ സാമ്പത്തിക ഏജൻസികൾ വഴി വായ്പ എടുക്കാനാവുമോ?

yellow ration cards

കേരളത്തെ പ്രതിനിധീകരിക്കുന്ന, ഇവിടെയുള്ള അതിദരിദ്രരും റേഷൻ വാങ്ങുന്നവരുമെല്ലാം വോട്ട് ചെയ്തു വിജയിപ്പിച്ച എം പി മാരാണ് ഈ ചോദ്യങ്ങൾ ഉന്നയിച്ചതെന്നാണ് മന്ത്രി എം.ബി രാജേഷിന്റെ വിമ‌ർശനം.

കേരളത്തെ ദ്രോഹിക്കാനുള്ള ദുഷ്ടലാക്കോടെയാണെങ്കിലും പാർലമെന്റിൽ ചോദ്യം ചോദിച്ച് റേഷൻ മുടങ്ങുമെന്ന നുണ പൊളിക്കാൻ സഹായിച്ച രണ്ട് എം പി മാർക്കും നന്ദി.

എന്തായാലും ഈ പച്ചക്കള്ളവും അൽപായുസായി ഒടുങ്ങിരിക്കുകയാണ്. നിങ്ങൾക്ക് ഇനി എന്ത് പറയാനുണ്ട്? ഇതാണ് രാജേഷിന്റെ മറുചോദ്യം

Advertisment