/sathyam/media/media_files/2025/11/13/ration-shop-2025-11-13-18-00-54.jpg)
ചങ്ങനാശേരി: സൗജന്യമായി കിട്ടുന്നതല്ലേ, ലാഭത്തിനു മറിച്ചു വിറ്റേക്കാം. റേഷനരി വാങ്ങി താറാവിന്റെ തീറ്റയാക്കി മറിച്ചു വിറ്റിരുന്ന വ്യാപാരികള്‍ പിടിയില്‍. റേഷന്‍ കാര്‍ഡ് ഉടമകളില്‍നിന്നു സൗജന്യ റേഷനരി വാങ്ങി മറിച്ചുവിറ്റിരുന്നത്.
ചങ്ങനാശേരി മാര്‍ക്കറ്റിലുള്ള 3 പേരെയാണു സൗത്ത് സോണ്‍ ഡെപ്യൂട്ടി റേഷന്‍ കണ്‍ട്രോളറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു തിരിമറി കണ്ടെത്തിയത്. മൂന്നു പേരും അവരുടെ വ്യാപാര സ്ഥാപനത്തിന്റെ മറവിലാണു തട്ടിപ്പ് നടത്തിയത്.
സൗജന്യ അരി വാങ്ങി പകരം പലചരക്കു സാധനങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിയാണു തട്ടിപ്പു നടത്തിയതെന്നും സ്‌ക്വാഡ് കണ്ടെത്തി. റേഷന്‍ അരി വാങ്ങി പകരം സാധനങ്ങള്‍ നല്‍കുന്ന വിഡിയോ ലഭിച്ചതോടെ ആളുകളെ കണ്ടെത്തുകയായിരുന്നു.
ചില കാര്‍ഡ് ഉടമകളുടെ വീട്ടില്‍ പോയി റേഷന്‍ അരി വാങ്ങിയതായും കണ്ടെത്തി. മുന്‍ഗണനാ കാര്‍ഡ് ഉടമകളുടെ പക്കല്‍ നിന്നു സൗജന്യ അരിവാങ്ങും. വാങ്ങിയ അരിക്കു പകരമായി മുട്ട, പാല്‍, തേങ്ങ, ഉഴുന്ന് തുടങ്ങിയവ കൈമാറും.
മൂന്ന് ഇടങ്ങളിലായി 40 ചാക്കുകളാണ് കണ്ടെത്തിയത്. 50 കിലോ തൂക്കം വരെ വരുന്ന ചാക്കുകളായാണ് അരി കെട്ടിവെച്ചിരുന്നത്.
കൂടുതലും കുത്തരിയാണു വാങ്ങുന്നത്. റെയ്ഡില്‍നിന്നു രക്ഷപ്പെടാന്‍ ചില ചാക്കുകളില്‍ കൂത്തരിയോടൊപ്പം പച്ചരിയും ചാക്കരിയും കലര്‍ത്തി. കുത്തരി മാത്രം ചാക്കില്‍ കണ്ടാല്‍ പരിശോധനയില്‍ പിടിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇങ്ങനെ ചെയ്തത്.
സൗത്ത് സോണ്‍ ഡെപ്യൂട്ടി റേഷന്‍ കണ്‍ട്രോളര്‍ സി.വി. മോഹന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 3 പേര്‍ക്കെതിരെയും കേസെടുത്തു. പതിവായി റേഷന്‍ മറിച്ചു വില്‍ക്കുന്ന കാര്‍ഡ് ഉടമകളെക്കുറിച്ചും അന്വേഷിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us