/sathyam/media/media_files/2026/01/10/ravada-chandrasekhar-2026-01-10-19-27-13.jpg)
തിരുവനന്തപുരം: ലഹരിയേയും സൈബർ കുറ്റകൃത്യങ്ങളേയും അകറ്റി നിർത്തുന്നതിൽ വായനയ്ക്ക് പ്രധാന പങ്കെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ.
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 'ചലഞ്ചസ് റിലേറ്റഡ് ടു നർക്കോട്ടിക്‌സ് ആൻഡ് സൈബർ ക്രൈം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുകളിൽ നിന്നാണ് എല്ലാവരും ആദ്യ പാഠങ്ങൾ പഠിക്കേണ്ടത്. രക്ഷിതാക്കൾ കുട്ടികളോട് നിരന്തരം സംവദിക്കണം.
ഇത് അവരെ ലഹരി ഉപയോഗത്തിൽ നിന്ന് പുറത്തു കൊണ്ട് വരാനും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാനും സഹായിക്കും.
വിദ്യാലയങ്ങളിലും കാമ്പസുകളിലും വായനശാലകളിലും ആരോഗ്യപ്രദമായ ചർച്ചകളും സംവാദങ്ങളും നടക്കണം. വായനയ്ക്ക് ഇതിൽ പ്രധാന പങ്കുണ്ട്.
ലഹരി ഉപയോഗത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും മനസിലാക്കാനും അത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കയാണെന്നു അറിയാനും നല്ല വായനക്കാരന് പറ്റും.
ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങളെ ചോദ്യം ചെയ്യാനും അവർക്ക് സാധിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അഭിപ്രായപ്പെട്ടു.
സമൂഹം പരിവർത്തനം ചെയ്യപ്പെടുന്നത് പോലെയാണ് കുറ്റകൃത്യങ്ങളുമെന്ന് ഡിജിപി നിരീക്ഷിച്ചു. ആധുനിക സമൂഹത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യക്ക് വളരെയധികം പ്രാധാന്യമുണ്ട്.
എന്നാൽ ഇതിനെ ഫലപ്രദമായി ഉപയോഗിക്കാൻ പലർക്കും സാധിക്കുന്നില്ല. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെയാണ് സൈബർ കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവും.
ഇവ രണ്ടും ലക്ഷ്യവെക്കുന്നത് യുവജനങ്ങളെയാണ്. ജീവിതത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ് ലഹരി അവശേഷിപ്പിക്കുന്നത്.
വൻ തോതിലുള്ള ലഹരി വസ്തുക്കൾ കച്ചവടം ചെയ്യുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് നാം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്, ഡിജിപി പറഞ്ഞു.
സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ലഹരി മാഫിയ കച്ചവടം നടത്തുന്നത്. നവമാധ്യമങ്ങളിലൂടെയും ഡിജിറ്റൽ ലോകത്തിലൂടെയും പണമിടപാടുകൾ നടത്തി യുവാക്കളെ അവർ കണ്ണികളാക്കുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും വേഗത്തിൽ വളരുന്നതുമായ ക്രൈമുകൾ സൈബർ ക്രൈമുകളാണ്.
ഒരാളുടെ സമ്പത്തിനെയും മാനസിക ആരോഗ്യത്തെയും വ്യക്തിത്വത്തിനെയും വരെ ഹനിക്കാൻ സൈബർ കുറ്റകൃത്യങ്ങളിലൂടെ സാധിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി കൂട്ടിച്ചേർത്തു.
"കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ സൈബർ തട്ടിപ്പുകളിൽ പെട്ടുപോകുന്നുണ്ട്. ഇത് സംബന്ധിച്ച് അനേകം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഒട്ടനവധി അവബോധ ക്ലാസ്സുകളും മുന്നറിയിപ്പുകളും നൽകിയിട്ട് പോലും ആളുകൾ തട്ടിപ്പുകളിൽ വീണ്ടും വീഴുകയാണ്. ഇത് ഗൗരവമായി കാണേണ്ട വസ്തുതയാണ്," അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us