/sathyam/media/media_files/2025/06/30/jayarajan-ravada1-2025-06-30-23-51-47.jpg)
തിരുവനന്തപുരം: രവാഡ എ. ചന്ദ്രശേഖറെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ.
രവാഡ എ.ചന്ദ്രശേഖറെ പൊലീസ് മേധാവിയായി നിയമിച്ചതിൽ തെറ്റില്ലെന്നും കൂത്തുപറമ്പ് വെടിവെയ്പിന് കാരണക്കാരൻ അദ്ദേഹമാണെന്ന് കണ്ടെത്തിയിട്ടില്ലെന്നുമാണ് എം.വി.ജയരാജൻെറ ന്യായീകരണം.
വെടിവെയ്പിൽ രവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നിരിക്കെ അദ്ദേഹത്തെ പൊലിസ് മേധാവിയക്കയതിന് പിന്നാലെ കൂത്തുപറമ്പ് വെടിവെയ്പ്പിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും എം.വി.ജയരാജൻ കുറ്റപ്പെടുത്തി.
രവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിച്ചതിനു പിന്നാലെ സി.പി.എമ്മിൽ ഭിന്ന സ്വരങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പാർട്ടി സംസ്ഥാന സെന്ററിൻെറ ചുമതലക്കാരൻ കൂടിയായ എം.വി.ജയരാജൻ ന്യായീകരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്.
കായംകുളത്ത് സി.പി.എം പരിപാടിയിലായിരുന്നു എം.വി.ജയരാജൻെറ ന്യായീകരണം. രവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുളള മന്ത്രിസഭാ തീരുമാനം പുറത്തുവന്നതിന് പിന്നാലെ കൂത്തുപറമ്പ് വെടിവെയ്പിലെ അദ്ദേഹത്തിൻെറ സാന്നിധ്യം ഓർമിപ്പിച്ച് കണ്ണൂരിൽ നിന്നുതന്നെയുളള മുതിർന്ന നേതാവ് പി ജയരാജൻ രംഗത്തെത്തിയിരുന്നു.
ഇതാണ് വെടിവെയ്പ് നടക്കുമ്പോൾ ഡി.വൈ.എഫ്.ഐ നേതാവായിരുന്ന എം.വി.ജയരാജൻ ന്യായീകരിക്കാൻ കളത്തിലിറങ്ങിയത്. ''എം.വി.രാഘവൻ, ഡി.വൈ.എസ്.പി ഹക്കിം ബത്തേരി, ഡെപ്യൂട്ടി കളക്ടർ ടി.ടി.ആൻറണി, എ.എസ്.പി രവാഡ ചന്ദ്രശേഖർ എന്നിവർ ചേർന്ന് നടത്തിയതായി പറയുന്ന ഗൂഢാലോചനക്ക് തെളിവായി രേഖകളൊന്നുമില്ല.
രവഡാ ചന്ദ്രശേഖർ ഈ സംഭവത്തിന് മുൻപ് എം.വി.രാഘവനെ ബന്ധപ്പെടുകയോ കണ്ടതായോ പോലും പരാതിക്കാർ വാദിച്ചിട്ടില്ല. ഇദ്ദേഹത്തിന് എം.വി.രാഘവനുമായി മുൻപരിചയമുണ്ടെന്ന് തെളയിക്കുന്ന രേഖകളൊന്നുമില്ല.
തെളിവുകൾ കാണിക്കുന്നത് ഡെപ്യൂട്ടി കളക്ടർ ടി.ടി ആന്റണിയും ഡി.വൈ.എസ്.പി ഹക്കീം ബത്തേരിയുമാണ് പ്രകടനക്കാർക്ക് നേരെയുളള ലാത്തിചാർജിനും വെടി വെയ്പിനും ഉത്തരവാദികളെന്നാണ്.
എ.എസ്.പിയുടെ നേതൃത്വത്തിലുളള പൊലീസ് പാർട്ടിയല്ല ലാത്തി ചാർജിന് തുടക്കമിട്ടതെന്നും മറിച്ച് മന്ത്രിയുടെ എസ്കോർട്ടിലുളള ഡി.വൈ.എസ്.പിയാണ് ലാത്തിചാർജിന് തുടക്കമിട്ടതെന്നുമാണ് തെളിവുകൾ കാണുന്നത്.'' കൂത്തുപറമ്പ് വെടിവെയ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് പത്മനാഭൻ നായർ കമ്മീഷൻ റിപോർട്ട് ഉദ്ധരിച്ചുകൊണ്ട് എം.വി.ജയരാജൻ പറഞ്ഞു.
ഇങ്ങനെ അസന്ദിഗ്ധമായി കമ്മീഷൻ റിപോർട്ട് രവഡാ ചന്ദ്രശേഖർ എന്നുപറയുന്ന ഉദ്യോഗസ്ഥന് കൂത്ത് പറമ്പ് വെടിവെയ്പുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടും എങ്ങനെ ആ ഉദ്യോഗസ്ഥനെ ഡി.ജി.പി ആക്കിയെന്നും പറഞ്ഞ് മുതലക്കണ്ണീർ ഒഴുക്കുന്നത് അതിശയകരം ആണെന്ന് എം.വി.ജയരാജൻ വിമർശിച്ചു.
അന്ന് ഡി.വൈ.എസ്.പി ഹക്കീം ബത്തേരിയുടെ ലാത്തിയടിക്ക് ആദ്യം വിധേയനാകുന്നത് താനാണെന്നും ലാത്തികൊണ്ടുളള പരിക്കിൽ തലക്ക് പത്ത് പന്ത്രണ്ട് സ്റ്റിച്ച് ഉണ്ടായിരുന്നു.
അന്ന് തങ്ങളെ മർദ്ദിച്ച ഹക്കീം ബത്തേരി പിന്നീട് സർവീസിൽ ഉണ്ടാകാൻ പാടില്ലെന്ന് ഒരു മാധ്യമങ്ങളും എഴുതിയില്ല.
അന്ന് 5 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ആ സംഭവത്തെ കുറിച്ചുളള ഉൽകണ്ഠയല്ല ഇപ്പോൾ ചില മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നതെന്നും എം.വി.ജയരാജൻ പറഞ്ഞു.
കൂത്ത്പറമ്പ് വെടിവെയ്പിനെ കുറിച്ച് അന്വേഷിച്ച പത്മനാഭൻ നായർ കമ്മിഷൻെറ ശുപാർശ അനുസരിച്ച് പൊലിസ് കേസെടുത്തപ്പോൾ ആ കേസിൽ അന്നത്തെ കണ്ണൂർ എസ്.പിയായിരുന്ന കെ.പത്മകുമാറും പ്രതിയായിരുന്നു.
ഐ.ജിയായിരുന്ന ജേക്കബ് പുന്നൂസും ഡി.ഐ.ജി ശേഖരൻ മിനിയോടനും പത്മകുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേ പത്മകുമാർ പിന്നീട് ഡി.ജി.പിയായപ്പോൾ ഒരു മാധ്യമങ്ങളും ശബ്ദമുയർത്തിയില്ല.
കൂത്തുപറമ്പ് വെടിവെയ്പ് കേസിലെ പ്രതിയായ പത്മകുമാറിനെ ഡി.ജി.പിയായി നിയമിക്കുന്നു എന്നൊന്നും ഒരു മാധ്യമവും പറഞ്ഞില്ല. അതാണ് മാധ്യമങ്ങളുടെ ഇരട്ടത്താപ്പെന്നും എം.വി.ജയരാജൻ വിശദീകരിച്ചു.
കൂത്തുപറമ്പ് വെടിവെയ്പിന് കാരണക്കാരനെന്ന് പറയാവുന്ന എം.വി.രാഘവൻെറ പാർട്ടിയിലെ ഒരുവിഭാഗം പിന്നീട് സി.പി.എമ്മിൽ ലയിച്ചിരുന്നു.
രാഘവൻെറ മരണശേഷം അദ്ദേഹത്തിൻെറ മകൻ എം.വി.നികേഷ് കുമാറിനെ പാർട്ടി ചിഹ്നത്തിൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ നിന്ന് സി.പി.എം നിയമസഭയിലേക്ക് മത്സരിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ സി.പി.എമ്മിൻെറ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ നികേഷ് സംസ്ഥാന തലത്തിൽ പാർട്ടിയുടെ നവമാധ്യമ വിഭാഗത്തിൻെറ തലവനാണ്.
5 പേരുടെ ചോരചിന്തിയ വെടിവെയ്പിന് ആധാരമായവരെ എല്ലാം മാറോടണച്ച് കഴിഞ്ഞതിനാൽ അതിൽപ്പെട്ട ഉദ്യോഗസ്ഥരെയും ന്യായീകരിക്കേണ്ട ഗതികേടിലാണ് സി.പി.എം