തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറായ റവാഡയെ അടുത്തിടെ കേന്ദ്ര സർക്കാർ സെക്യൂരിറ്റി സെക്രട്ടറിയായി നിയമിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ് അദ്ദേഹം. യുപിഎസ്‌സി അംഗീകാരം നൽകി സംസ്ഥാന സർക്കാരിന് കൈമാറിയ ചുരുക്കപ്പട്ടികയിൽ റവാഡയുടെ പേര് രണ്ടാമതായി ഉൾപ്പെട്ടിരുന്നു.
റവാഡ ചന്ദ്രശേഖറിനൊപ്പം, സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണർ നിതിൻ അഗർവാൾ, ഫയർഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരും മൂന്നംഗ പട്ടികയിൽ ഇടംപിടിച്ചിരുന്നു.
1991 ബാച്ച് ഐപിഎസ് ഓഫീസറായ റവാഡയ്ക്ക് 2026 വരെ സർവീസ് ശേഷിക്കുന്നുണ്ട്. പൊലീസ് മേധാവിയായി നിയമിക്കപ്പെടുന്ന പക്ഷം, ഒരു വർഷം അധികം സേവനം ലഭിക്കും. കേരളത്തിലേക്ക് തിരിച്ചെത്താൻ താൽപ്പര്യമുണ്ടെന്ന് റവാഡ ചന്ദ്രശേഖർ നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു.