തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ മരുന്ന് മാറി നൽകിയെന്ന മാധ്യമ വാർത്ത തെറ്റ്. ഗ്ലോബൽ ഫാർമ വിതരണം ചെയ്ത ടെമോസോളോമൈഡ് ബാച്ചിൽ തെറ്റായ ലേബലിംങ്, മരുന്ന് വിതരണം നിർത്തി; രോഗികൾക്ക് അപകടമില്ലെന്ന് ആർസിസി

New Update
rcc

തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ ഗ്ലോബൽ ഫാർമ പ്രൈവറ്റ് ലിമിറ്റഡ് വിതരണം ചെയ്ത ടെമോസോളോമൈഡ് 100 മില്ലിഗ്രാം മരുന്നിന്റെ ഒരു ബാച്ചിൽ തെറ്റായ ലേബലിംഗുണ്ടായതിനെ തുടർന്ന് വിതരണം നിർത്തി. രോഗികൾക്ക് തെറ്റായ മരുന്ന് നൽകിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആർസിസി അധികൃതർ വ്യക്തമാക്കി.

Advertisment

ആർസിസിയുടെ പർച്ചേസ്, ടെണ്ടർ നടപടികൾ (2024–25) അനുസരിച്ച് ഗ്ലോബൽ ഫാർമയാണ് ടെമോസോളോമൈഡ് 250 മില്ലിഗ്രാം, 100 മില്ലിഗ്രാം, 20 മില്ലിഗ്രാം മരുന്നുകൾ വിതരണം ചെയ്യുന്നത്. 25 മാർച്ച് 2025-ന് എത്തിച്ച 92 പാക്കറ്റ് ടെമോസോളോമൈഡ് 100 മില്ലിഗ്രാം (ബാച്ച് നമ്പർ GSC24056, നിർമ്മാണ തീയതി 08/2024, ഇൻവോയിസ് നമ്പർ 2451201) മരുന്നിലാണ് ആശയക്കുഴപ്പം ഉണ്ടായത്. 

ഓരോ ബാച്ച് എത്തുമ്പോഴും രേഖകളും ബാച്ച് നമ്പറും പരിശോധിച്ചാണ് സ്റ്റോക്ക് എടുക്കുന്നത്. മുൻ ബാച്ച് ബാക്കി ഉണ്ടായിരുന്നതിനാൽ പുതിയ ബാച്ച് 27 ജൂൺ 2025-നാണ് ഫാർമസിയിൽ ഉപയോഗത്തിന് എത്തിച്ചത്.

ജൂലൈ 12-ന് രോഗികൾക്ക് വിതരണം ചെയ്യാനായി പാക്കറ്റുകൾ തുറന്നപ്പോൾ 10 പാക്കറ്റുകളിൽ രണ്ടിൽ Etoposide 50mg എന്ന ലേബൽ ഫാർമസി ജീവനക്കാർ ശ്രദ്ധയിൽപ്പെടുത്തി. 

പാക്കറ്റുകൾ തുറന്ന് പരിശോധിച്ചപ്പോൾ ഉള്ളിലെ ബോട്ടിലുകളിൽ ടെമോസോളോമൈഡ് 100mg എന്നാണ് രേഖപ്പെട്ടിരുന്നത്. ഇതോടെ മരുന്ന് വിതരണം ഉടൻ നിർത്തുകയും സംഭവം കമ്പനിയെയും അധികൃതരെയും അറിയിക്കുകയും ചെയ്തു.

തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ആർസിസി ഡ്രഗ് കമ്മിറ്റി ജൂലൈ 30-ന് ചേർന്ന് സംഭവം കേരള ഡ്രഗ് കൺട്രോളറെ അറിയിക്കാൻ തീരുമാനിച്ചു. ഗ്ലോബൽ ഫാർമയിൽ നിന്നുള്ള ടെമോസോളോമൈഡും എറ്റോപോസൈഡും ഇനി വാങ്ങേണ്ടതില്ലെന്നും പുതിയ കരാറിൽ ഏർപ്പെടേണ്ടതില്ലെന്നും കമ്മിറ്റിയിൽ തീരുമാനമായി.

ആഗസ്റ്റ് 16-ന് ആർസിസിയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ 6-ന് ഡ്രഗ് കൺട്രോളർ ഓഫ് കേരള ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി സംശയാസ്പദമായ മുഴുവൻ പാക്കറ്റുകളും കണ്ടെടുത്തു. നിയമപരമായ തുടർനടപടികൾ ഡ്രഗ് കൺട്രോളർ സ്വീകരിക്കുമെന്ന് അറിയിച്ചു.

Advertisment