New Update
/sathyam/media/media_files/2024/11/04/8nD9ydS6WkbVp4giPYuT.jpg)
തിരുവനന്തപുരം: മില്ലേനിയലുകള്‍ക്കായുള്ള ഇന്ത്യയിലെ മികച്ച 50 തൊഴിലിടങ്ങളുടെ (മിഡ്-സൈസ് വിഭാഗം) പട്ടികയില്‍ ഇടം നേടി ടെക്നോപാര്‍ക്കിലെ ആഗോള ഐടി സൊല്യൂഷന്‍സ് സേവന ദാതാവായ റിഫ്‌ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. മികച്ച തൊഴിലിട സംസ്‌കാരമുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കുന്ന ആഗോള അതോറിറ്റിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് (ജിപിറ്റിഡബ്ല്യു) പട്ടികയിലാണ് കമ്പനി ഇടം പിടിച്ചത്.
തുടര്‍ച്ചയായ രണ്ട് വര്‍ഷം ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് (ജിപിറ്റിഡബ്ല്യു) സര്‍ട്ടിഫിക്കേഷന്‍ കമ്പനിയ്ക്ക് ലഭിച്ചിട്ടുണ്ട്. മികച്ച തൊഴിലിട സംസ്‌കാരമുള്ള ഇന്ത്യയിലെ 50 ഇടത്തരം കമ്പനികളുടെ പട്ടികയിലെത്താനും റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് സാധിച്ചു.
മില്ലേനിയലുകള്‍ക്കായുള്ള ഇന്ത്യയിലെ മികച്ച 50 തൊഴിലിടങ്ങളുടെ (മിഡ്-സൈസ് വിഭാഗം) ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കിന്‍റെപട്ടികയില്‍ ഇടം നേടിയത് ജീവനക്കാരെ പിന്തുണയ്ക്കുന്നതിനും മികച്ച തൊഴിലിട അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതായി റിഫ്‌ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ മേധാവി ഉഷ ചിറയില്‍ പറഞ്ഞു. ജീവനക്കാരെ വിലമതിക്കുന്നതിനൊപ്പം നേതൃത്വഗുണം വളര്‍ത്തിയെടുക്കുന്നതിനും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതിനുമുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കമ്പനികളിലെ ജീവനക്കാര്‍ക്കിടയില്‍ നടത്തുന്ന അഭിപ്രായ സര്‍വേയെ അടിസ്ഥാനമാക്കിയാണ് ജിപിറ്റിഡബ്ല്യു സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുക. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന സര്‍വേ രീതിയായ ട്രസ്റ്റ് ഇന്‍ഡക്‌സ്, കള്‍ച്ചര്‍ ഓഡിറ്റ് എന്നിവയുടെ സ്‌കോര്‍ പരിഗണിച്ചാണ് കമ്പനിക്ക് അംഗീകാരം ലഭിച്ചത്.
ജീവനക്കാര്‍ക്ക് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന മികച്ച അനുഭവങ്ങള്‍, സേവനങ്ങളുടെ ഗുണനിലവാരം തുടങ്ങിയവയ്ക്ക് പുറമേ മില്ലേനിയല്‍സ് ജീവനക്കാരുടെ തൊഴിലിട അനുഭവവും ട്രസ്റ്റ് ഇന്‍ഡക്‌സ്, കള്‍ച്ചര്‍ ഓഡിറ്റ് സര്‍വേയില്‍ പഠനവിധേയമാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ സാങ്കേതിക നവീകരണത്തില്‍ പങ്കാളിയാകുന്ന നിര്‍മ്മിതബുദ്ധി അധിഷ്ഠിത നൂതന ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയാണ് 2008-ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. ഡിജിറ്റല്‍ പരിവര്‍ത്തനം, കൃത്രിമ ബുദ്ധി, വിവരസുരക്ഷ എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ആഗോള സാങ്കേതിക നവീകരണ സേവന ദാതാവാണിത്.
മികച്ച തൊഴിലിട സംസ്‌കാരമുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കുന്ന ആഗോള അതോറിറ്റിയാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്. ജീവനക്കാര്‍ക്കിടയില്‍ മികച്ച പോസിറ്റീവ് അനുഭവങ്ങളും നേതൃത്വവും നല്കുന്ന നേതൃനിരയിലുള്ളവര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിലൂടെ അംഗീകാരം ലഭിക്കുന്നു. ബിസിനസും ജീവിതവും സമൂഹവും മെച്ചപ്പെടുത്തുന്നതിനും അതിനു സഹായകമായ സംസ്‌കാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും ഇത് സഹായകമാണ്.