തിരുവനന്തപുരം: കേരളത്തിലെ വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളെ സുന്ദരമായി നിലനിര്‍ത്താനുള്ള ആശയങ്ങളുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. 73-ാമത് നാഷണല്‍ ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനേഴ്സ് (ഐടിപിഐ) സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച എക്സ്പോയിലാണ് പ്ലാനിംഗ് വിദ്യാര്‍ത്ഥികളുടെ വിവിധ ആശയങ്ങള്‍ ശ്രദ്ധേയമാകുന്നത്.
'ഇന്‍റലിജന്‍റ്, ഡിജിറ്റല്‍ സ്പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവേണന്‍സ്' എന്ന വിഷയത്തിലൂന്നിയുള്ള പ്രദര്‍ശനത്തില്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരം, ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂര്‍, ടികെഎം എഞ്ചിനീയറിംഗ് കോളേജ് കൊല്ലം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് എന്നിവിടങ്ങളിലെ പ്ലാനിംഗ് വിദ്യാര്‍ത്ഥികള്‍ നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതന പദ്ധതികളും പരിഹാരങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് ശക്തിപ്പെടുത്തുന്നതിനും ഇന്‍റലിജന്‍റ്, ഡിജിറ്റല്‍ സ്പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവേണന്‍സിന്‍റെ വികസനത്തിന് സംഭാവനകള്‍ നല്‍കുന്നതിനും പ്രയോജനകരമായ വിധത്തിലാണ് എക്സ്പോ ക്രമീകരിച്ചിരിക്കുന്നത്.
ഓരോ പ്രദേശത്തേയും കേന്ദ്രീകരിച്ചുള്ള പരിസ്ഥിതി സൗഹൃദപരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അത്തരം പ്രദേശങ്ങളിലെ ടൂറിസം വികസന സാധ്യതകളും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
കതിര്‍വഞ്ചി എന്ന പേരില്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂരിലെ അര്‍ബന്‍ ഡവലപ്മെന്‍റ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച 'ഫാം-ടൂറിസം സര്‍ക്യൂട്ട്' ആശയം കൃഷിഭൂമിയെ നിലനിര്‍ത്തിക്കൊണ്ട് ലഭ്യമായ വിഭവങ്ങളെ പ്രയോജനപ്പെടുത്തി പ്രദേശിക തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്ന ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.