/sathyam/media/media_files/2025/12/18/rv-babu-viji-thambi-2025-12-18-17-22-22.jpg)
തിരുവനന്തപുരം: തദ്ദേശത്തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേരളമാകെ അലയടിച്ച 'പോറ്റിയെ കേറ്റിയെ' എന്ന ഗാനത്തിൽ വിവാദം തുടരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന സി.പി.എം വാദത്തോട് വി.എച്ച്.പി യോജിക്കുമ്പോൾ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് ഹിന്ദു ഐക്യവേദി പ്രതികരിക്കുന്നത്.
സംഘപരിവാർ പ്രസ്ഥാനങ്ങൾ തന്നെ പാട്ടിനെ ചൊല്ലി ഭിന്നതയിലായിക്കഴിഞ്ഞു. എന്നാൽ ബി.ജെ.പിയും ആർ.എസ്.എസും ഇതുവരെ തങ്ങളുടെ അഭിപ്രായം തുറന്ന് പറഞ്ഞിട്ടില്ല. സി.പി.എമ്മും യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയും പാട്ടിനെ എതിർത്താണ് രംഗത്ത് വന്നിട്ടുള്ളത്.
കോൺഗ്രസും യു.ഡി.എഫും ആദ്യം മുതൽ തന്നെ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ ഗാനം ഉപയോഗപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് സി.പി.എം ഈ പാരഡി ഗാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
പാരഡി ഗാനത്തിൽ ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തുന്ന ഒരു വരി പോലുമില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബു ഇന്നലെ ചാനൽ ചർച്ചയ്ക്കിടെ വ്യക്തമാക്കിയിരുന്നു.
'സ്വർണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ' എന്ന വരിയാണ് ജനങ്ങളെ ആകെ സ്വാധീനിച്ചതെന്നും ബാബു വ്യക്തമാക്കി. ഇതോടെ ഹിന്ദു ഐക്യവേദിയുടെ പിന്തുണ സി.പി.എമ്മിന് ലഭിച്ചില്ല.
എന്നാൽ വിശ്വ ഹിന്ദു പരിഷത്ത് സി.പി.എം വാദങ്ങളെ പിന്തുണച്ച് രംഗത്തെത്തി. അയ്യപ്പ ഭക്തി ഗാനം വികലമായി പാരഡിക്കായി ഉപയോഗിച്ചെന്നും ഇത് അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി ഉയർത്തുന്ന ആക്ഷേപം.
എന്നാൽ നിലവിൽ പാരഡി ഗാനത്തിനെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും തുടർനടപടികൾ വേഗത്തിൽ വേണ്ടെന്ന തീരുമാനമാണ് പൊലീസിനുള്ളത്. വിഷയത്തിൽ സി.പി.എമ്മിനെയും സർക്കാരിനെയും വിമർശിച്ച് പ്രതിപക്ഷനേതാവും രംഗത്ത് വന്നിട്ടുണ്ട്.
കേസിൽ പ്രതിയാക്കപ്പെട്ട ഗാനരചയിതാവ് അടക്കമുള്ളവരെ നിയമപരമായി ഏതറ്റം വരെയും പോയി രക്ഷിക്കുമെന്ന് രപതിപക്ഷനേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us