കൊച്ചി-മുസിരിസ് ബിനാലെക്ക് പിന്തുണയുമായി പ്രശസ്ത കലാസ്വാദകയും പേട്രണുമായ ആരതി ലോഹ്യ

New Update
kochi muzaris

കൊച്ചി: പ്രശസ്ത ആര്‍ട്ട് പേട്രണും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ആരതി ലോഹ്യ കൊച്ചി-മുസിരിസ് ബിനാലെയുടെ(കെഎംബി) ആറാം പതിപ്പിന്‍റെ പ്ലാറ്റിനം പേട്രണായി.  കെഎംബിയ്ക്ക് ഒരു വര്‍ഷത്തെ ഗ്രാന്‍റ് നല്‍കിയാണ് അവര്‍ കലയോടുള്ള തന്‍റെ പ്രതിബദ്ധത അറിയിച്ചത്.

2025 ഡിസംബര്‍ 12-നാണ് രാജ്യാന്തരതലത്തില്‍ പ്രശസ്തി നേടിയ കൊച്ചി ബിനാലെ ആരംഭിക്കുന്നത്. പ്രശസ്ത കലാകാരന്‍ നിഖില്‍ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ ആറാം ലക്കം 110 ദിവസത്തെ കലാ പ്രദര്‍ശനത്തിനു ശേഷം മാര്‍ച്ച് 31 ന് അവസാനിക്കും.

സമകാലീന കലയ്ക്കുള്ള പ്രധാന ആഗോള വേദിയായി ബിനാലെയെ പരിപോഷിപ്പിക്കുന്നതില്‍ ആരതി ലോഹ്യയ്ക്കുള്ള പ്രതിബദ്ധതയാണ് ഈ ഗ്രാന്‍റെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) പറഞ്ഞു.

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കലാ പേട്രണാണ് ഇന്ത്യന്‍ വംശജയായ ആരതി ലോഹ്യ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കേവലം ധനസഹായത്തില്‍ ഒതുക്കാതെ സമൂഹത്തില്‍ സൗന്ദര്യ ബോധവും ആത്മാഭിമാനവും വളര്‍ത്തുന്ന മാധ്യമമായാണ് അവര്‍ കാണുന്നത്.

ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരും അപ്രശസ്തരുമായ കലാകാരډാരുടെ സാന്നിധ്യം ആഗോള വേദികളില്‍ എത്തിക്കുന്നതില്‍ ആരതി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. യുകെയിലെ എസ്.പി. ലോഹ്യ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണും ഇന്ത്യയിലെ അഡ്വൈസറി ബോര്‍ഡ് ഡയറക്ടറുമാണ് അവര്‍.

കല, സംസ്കാരം, ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലെ വിവിധ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന് ജീവകാരുണ്യ സ്ഥാപനമാണ് എസ്.പി. ലോഹ്യ ഫൗണ്ടേഷന്‍. ഒരു കുടുംബം നടത്തുന്നതാണിതെന്ന പ്രത്യേകതയുമുണ്ട്.

ലോകത്തിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളുമായുള്ള ബന്ധത്തിലൂടെ  ഈ മേഖലയില്‍ ആഴത്തിലുള്ള കാഴ്ചപ്പാടും നേതൃപാടവവും ആരതി ലോഹ്യയ്ക്കുണ്ട. കെ.ബി.എഫിന്‍റെ ട്രസ്റ്റി ബോര്‍ഡ്, യു.കെ. ഫോര്‍ യു.എന്‍.എച്ച്.സി.ആറിന്‍റെ അഡ്വൈസറി ബോര്‍ഡ്, ടേറ്റ് മോഡേണിന്‍റെ ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍, സൗത്ത് ഏഷ്യന്‍ അക്വിസിഷന്‍സ് കമ്മിറ്റി, മോമയുടെ ഡേവിഡ് റോക്ക്ഫെല്ലര്‍ കൗണ്‍സില്‍, സെര്‍പെന്‍റൈന്‍, വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയം എന്നിവയുടെ അന്താരാഷ്ട്ര കൗണ്‍സിലുകള്‍  ആരതി പ്രവര്‍ത്തിക്കുന്നു. നാഷണല്‍ ഗാലറിയുടെ മോഡേണ്‍ ആന്‍ഡ് കണ്ടംപററി പ്രോഗ്രാം ഉപദേശക പാനല്‍ അംഗവും സൗത്ത് ലണ്ടന്‍ ഗാലറിയുടെ ട്രസ്റ്റിയുമാണ് അവര്‍.

ലോകമെമ്പാടുമുള്ള മികച്ച 200 ആര്‍ട്ട് കളക്ടര്‍മാരില്‍ ഒരാളായി ആര്‍ട്ട്ന്യൂസ് 2024-ല്‍ ആരതിയെ തിരഞ്ഞെടുത്തിരുന്നു. ദക്ഷിണേഷ്യന്‍ കലയെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കാനും ആരതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്.

Advertisment