/sathyam/media/media_files/vcRM4dJtcQeibgwaG7kf.jpg)
കോട്ടയം: ആവര്‍ത്തിക്കുന്ന ഷോക്കേറ്റുള്ള മരണങ്ങള്‍...എരുമപ്പെട്ടി കുണ്ടന്നൂരില്‍ കൃഷിയിടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റു യുവതി മരിച്ചതാണ് ഏറ്റവും ഒടുവില്‍ നാടിനെ നടക്കുകിയത്. യുവതിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ ഭര്‍ത്താവിനും ഷോക്കേറ്റു. കാലാര്‍ഷം ആരംഭിച്ച ശേഷമുള്ള വൈദ്യുതി ലൈന്‍ പൊട്ടി വീണുള്ള ഒന്‍പതാമത്തെ സംഭവമാണ് ഉണ്ടായത്.
കൊല്ലത്തെ സ്‌കൂള്‍ കുട്ടി, തിരുവനന്തപുരം നെടുമങ്ങാട്ടെ പത്തൊന്‍പതുകാന്‍, കാസര്‍കോട്ടേ ക്ഷീരകര്‍ഷകനും ഉള്‍പ്പെടുന്നു. ഈ വര്‍ഷം വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ടു ചെയ്തതു മലപ്പുറത്താണ്. അപകടരഹിത വൈദ്യുതി മേഖല സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമാണെന്നും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അതീവ പ്രാധാന്യം നല്‍കുമെന്നു പറയുമ്പോഴും മരണങ്ങള്‍ ആവര്‍ത്തിക്കുന്നതു കെ.എസ്.ഇ.ബിക്കു തിരിച്ചടിയാണ്.
സാമ്പത്തിക മാന്ദ്യവും ഫീല്‍ഡ് ജീവനക്കാരുടെ കുറവുമാണ് എ.ബി.സി പദ്ധതി പോലും കെ.എസ്.ഇ.ബിക്കു നടപ്പാക്കാന്‍ കഴിയാത്തതത്.. വര്‍ക്കര്‍, ലൈന്‍മാന്‍, ഓവര്‍സിയര്‍ തുടങ്ങിയ ഫീല്‍ഡ് തസ്തികകളില്‍ 5,194 ജീവനക്കാരുടെ കുറവുണ്ടെന്നാണു കഴിഞ്ഞ വര്‍ഷത്തെ ബോര്‍ഡ് തലത്തില്‍ നടന്ന കണക്കെടുപ്പില്‍ കണ്ടെത്തിയത്. ലൈന്‍മാന്മാരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതല്‍ കുറവ്. 9,635 പേര്‍ വേണ്ടിടത്ത് 7,647 പേരാണുള്ളത്. വര്‍ക്കര്‍ വിഭാഗത്തില്‍ 5,311 പേര്‍ വേണ്ടിടത്ത് 3,409 പേര്‍. 1,902 പേരുടെ കുറവുണ്ട്. കരാര്‍ നിയമനങ്ങളും പുറംകരാര്‍ ജോലികളും നല്‍കിയാണു ഫീല്‍ഡ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നത്.
ലൈനുകള്‍ പൊട്ടിവീഴുന്നത് ഉള്‍പ്പെടെ വൈദ്യുതി അനുബന്ധ അപകടങ്ങള്‍ ഒഴിവാക്കേണ്ടത് വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യം ഹൈക്കോടതി സര്‍ക്കാരിനെയും കെ.എസ്.ഇ.ബിയെയും ഓര്‍മിപ്പിച്ചതും അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയതുമാണ്. 2006 ജൂണ്‍ രണ്ടിനാണ് അന്നത്തെ ചീഫ് ജസ്റ്റിസ് വി.കെ ബാലി അധ്യക്ഷനായ ഹൈക്കോടതി ബഞ്ച്, വൈദ്യുതി മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടം സംഭവിക്കുന്ന സ്ഥിതിവിശേഷമുണ്ടാകരുതെന്നും ഇക്കാര്യത്തില്‍ മതിയായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടത്.
ആറു മാസത്തിനകം 1956ലെ കേന്ദ്ര വൈദ്യുതി നിയമം അനുശാസിക്കുന്ന മുഴുവന്‍ സുരക്ഷാ നടപടികളും സ്വീകരിക്കുമെന്ന് അന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. ലൈനുകള്‍ പൊട്ടിവീണുള്ള അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇന്‍സുലേറ്റു ചെയ്യാത്ത കമ്പി കാറ്റു മൂലമോ മറ്റോ പൊട്ടിവീഴാന്‍ ഇടയായാല്‍, തത്സമയം തന്നെ വൈദ്യുതി ബന്ധം വിഛേദിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും കേന്ദ്ര നിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയമം വന്നു വര്‍ഷങ്ങള്‍ കടന്നു പോയിട്ടും പൊട്ടിവീണ ലൈനുകളില്‍ തട്ടിയുള്ള മരണം ഇപ്പോഴും സംസ്ഥാനത്ത് തുടരുകയാണ്.