/sathyam/media/media_files/2025/08/30/arun-reporter-2025-08-30-20-08-32.jpg)
കൊച്ചി:റിപ്പോർട്ടർ ടിവിയെ വീണ്ടും വെട്ടിലാക്കി സ്ഥാപനത്തിനെതിരെ രംഗത്തുവന്ന മുൻ മാധ്യമ പ്രവർത്തക. തനിക്ക് നേരിട്ട ലൈംഗീക അതിക്രമം സ്ഥാപനത്തിലെ സീനിയർ എച്ച് ആറിനോട് പറയാൻ ശ്രമിച്ചപ്പോൾ മുഖത്ത് പോലും നോക്കിയില്ലെന്നും പതിവ് തന്ത്രങ്ങൾ പ്രയോഗിച്ച് ഒഴിവാക്കിയെന്നുമാണ് മാധ്യമ പ്രവർത്തക ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തക തനിക്ക് നേരിട്ട പീഡനത്തെ കുറിച്ച് ഐസിസിക്ക് പരാതി നൽകിയില്ല, എക്സിറ്റ് ഇന്റർവ്യൂവിൽ പറഞ്ഞില്ല എന്നൊക്കെ ചാനൽ മേധാവി അരുൺകുമാർ പറഞ്ഞിരുന്നു.
എന്നാൽ അങ്ങനെ ഒരു എക്സിറ്റ് ഇന്റർവ്യൂ നടന്നിട്ടില്ലെന്നും ഐസിസി ( ഇന്റേണൽ കംപ്ലയിന്റ്സ് കമ്മറ്റി ) ഉണ്ടോ എന്ന് പോലും അറിയില്ലെന്നുമാണ് മാധ്യമ പ്രവർത്തക പറയുന്നത്.
എന്ത് കാര്യവും എച്ച് ആറിനോട് പറയണം എന്നായിരുന്നു ചാനൽ നിർദേശമെന്നും എന്നാൽ അവർ മുഖത്ത് പോലും നോക്കിയില്ലെന്നും മാധ്യമപ്രവർത്തക ആരോപിക്കുന്നു. രാജി വിവരം പറയാൻ പോലും വിളിച്ചിട്ട് എച്ച് ആർ ഫോണെടുത്തില്ല.
മാസങ്ങൾക്ക് ശേഷം നേരിട്ട് ചെന്ന് റിലീവിങ് ഫോർമാലിറ്റി പൂർത്തിയാക്കി മടങ്ങിയപ്പോഴും എച്ച് ആർ പതിവു മറുപടി മാത്രമാണ് നൽകിയതെന്നും അവർ ഫേസ്ബുക്കിൽ ആരോപിക്കുന്നുണ്ട്.
ഇതോടെ ഇക്കാര്യമറിഞ്ഞില്ല എന്ന റിപ്പോർട്ടർ ടിവി മാനേജ്മെന്റിന്റെ വാദം പൊളിയുകയാണ്.
മാധ്യമ പ്രവർത്തക പങ്കുവച്ച പോസ്റ്റ് :
"രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്ന എക്സിറ്റ് അഭിമുഖത്തിലോ, സ്ഥാപനത്തിലെ ICC യ്ക്കു മുന്നിലോ, രാജിക്കത്തിലോ ഇതിനെക്കുറിച്ച് ഒരു സൂചന പോലും ഉണ്ടായിരുന്നില്ല."
ശരിയാണ്, എഡിറ്റോറിയൽ ടീമിലുള്ള ഒരു അംഗത്തിന് പോലും ഈ വിഷയത്തെക്കുറിച്ച് ഞാൻ ഒരു സൂചന പോലും നൽകിയിട്ടില്ല. സ്ഥാപനത്തിൽ ഒരു ICC പ്രവർത്തിക്കുന്നുണ്ട് എന്നറിയുന്നത് ഇപ്പോഴാണ്. എന്തുണ്ടെങ്കിലും HR നോട് പറയണം എന്നാണ് പഠിപ്പിച്ചിട്ടുള്ളത്. അങ്ങനെയാണ് എല്ലാ കാര്യങ്ങളിലും ചെയ്തിട്ടുള്ളത്.
രാജിവെക്കുന്ന വിവരം അറിയിക്കാനായി സീനിയർ HR നെ വിളിച്ചു, മെസ്സേജ് അയച്ചു. രണ്ടിനും മറുപടി ഇല്ലായിരുന്നു. ഒടുവിൽ ജൂൺ 23 ന് രാത്രി 10 മണിയോടെ ഞാൻ രാജി കത്ത് മെയിൽ ചെയ്തു. ജൂൺ 24 ന് രാവിലെ 9.30 യോടെ രാജി സ്വീകരിച്ചതായി മെയിൽ വന്നു. എന്തിനാണ് രാജിവെക്കുന്നത് എന്ന ഒരു ചോദ്യം പോലും ഇല്ലായിരുന്നു. എന്റെ പ്രശ്നങ്ങൾ അവർക്ക് കൃത്യമായി അറിയാമായിരുന്നു.
എക്സിറ്റ് അഭിമുഖം? അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. ആരോഗ്യസ്ഥിതി ഭേദപ്പെട്ടതിന് ശേഷം ഈ മാസം 4 ന് ഞാൻ സ്ഥാപനത്തിൽ പോയി Relieving formalities പൂർത്തിയാക്കി. അന്ന് അവർ എന്റെ മുഖത്ത് പോലും നോക്കിയില്ല. ഇപ്പോൾ ഞാൻ ഉന്നയിച്ച വിഷയം ഇവരെ നേരിൽ കണ്ട് പറയാനായി ഒരുങ്ങിയതാണ് പലവട്ടം. പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ സ്ഥിരം തന്ത്രങ്ങൾ എടുത്തു തുടങ്ങി. പിന്നീട് അത് പൂർത്തീകരിക്കാൻ നിന്നില്ല.
അതുകൊണ്ട് ഗുണമുണ്ടാകുമെന്ന് തോന്നിയില്ല. 'It's ok, it happens, I can understand ' എന്ന readymade വാക്കുകൾക്കപ്പുറം ഒന്നും നടക്കില്ല. ഇപ്പോൾ ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഇനി ഒരു പരാതി അവിടെ നൽകുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. പരാതി ഇല്ലെങ്കിലും അന്വേഷിക്കുമെന്നതാണ് നിലപാട് എന്ന് അറിയുന്നു. അതിൽ സന്തോഷമുണ്ട് ❤️ ഇനിയും ഒരുപാട് പേർക്ക് പ്രശ്നങ്ങൾ പുറത്ത് പറയാനുള്ള അവസരങ്ങൾ ഒരുങ്ങട്ടെ