എവിടെ ആ  4245 പേര്‍! അയ്യപ്പ സംഗമത്തിൽ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നാണക്കേടായി പ്രതിനിധികളുടെ കുറവ്.അയ്യപ്പ സംഗമത്തിന് സര്‍ക്കാര്‍ പ്രത്യേക ക്ഷണിതാക്കളെ കൂടാതെ എത്തിയത് 623 പേര്‍ മാത്രം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാലായിരം കടന്നെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞതു വെറും വാക്കോ?

New Update
ayyappa sangamam

കാട്ടയം: ആഗോള അയ്യപ്പ സംഗമത്തില്‍ ജനപങ്കളിത്തം കുറഞ്ഞതു സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നാണക്കേടായി. മൂവായിരം പേര്‍ക്കിരിക്കാവുന്ന വേദിയായിരുന്നു സംഗമത്തിനായി ഒരുക്കിയത്. 4245 പേര്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 3000 പേരെ പ്രത്യേക സ്‌ക്രീനിങ് നടത്തി തെരഞ്ഞെടുക്കുമെന്നാണു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പലയാവര്‍ത്തി പറഞ്ഞത്. എന്നാല്‍, ഇതില്‍ 623 പേര്‍ മാത്രമാണ് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത ശേഷം സംഗമത്തില്‍ എത്തി പരിപാടിയില്‍ പങ്കെടുത്തത്. 

Advertisment

അഞ്ഞൂറോളം പേരെ ദേവസ്വം ബോര്‍ഡ് നേരിട്ടു ക്ഷണിച്ചിരുന്നു. ഇവരെ കൂടി ചേര്‍ത്ത് ആയിരത്ത് ഇരുന്നൂറോളം പേര്‍ ക്ഷണിതാക്കളായി പങ്കെടുത്തുവെന്നാണു വിവരം. മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം കഴിഞ്ഞ ശേഷമുള്ള കണക്കാണ് ഇത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ ഭൂരിഭാഗം പേരും വേദി വിടുകയും ചെയ്തു. ഇതു സര്‍ക്കാരിനു കടുത്ത നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. പങ്കെടുത്തവരുടെ അന്തിമകണക്കുകള്‍ ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടില്ല. എണ്ണത്തിലല്ല പ്രധാനം ഗുണത്തിലാണ്' എന്നായിരുന്ന സി.പി.എം ക്യാപ്‌സൂളുകളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചു തുടങ്ങി.

ആഗോള അയ്യപ്പ സംഗമം കൊണ്ട് എന്താണോ ലക്ഷ്യം വെച്ചത്. അത് അര്‍ത്ഥപൂര്‍ണമാകുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സമാപന സമ്മേളന പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍, രജിസ്റ്റര്‍ ചെയ്തില്‍ പകുതി പേരെ പോലും പങ്കെടുപ്പിക്കാന്‍ സാധിക്കാതെ പോയതു സര്‍ക്കാരിനു വലിയ തിരിച്ചടിയാണ്. 

യുവതീ പ്രവേശനം ഉള്‍പ്പടെയുള്ള വിഷയത്തില്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കിയ ആചാര ലംഘനത്തിനുള്ള മറുപടിയാണിതെന്നാണു പ്രതിപക്ഷ നിലപാട്. സര്‍ക്കാരില്‍ അയ്യപ്പ വിശ്വാസികള്‍ക്കു വിശ്വാസമില്ലെന്നു തെളിഞ്ഞതായും നേതാക്കള്‍ പ്രതികരിക്കുന്നു. എന്നാല്‍, ആളു കുറഞ്ഞിട്ടില്ലെന്നും രണ്ടായിരത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് ദേവസ്വം ബോര്‍ഡ് അവകാശപ്പെടുന്നത്.

Advertisment