തിരുവനന്തപുരം: സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി, ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളായ ടെല്‍കോടെക് സൊല്യൂഷന്‍സ് ഹബ്ബ് പ്രതിനിധികള്‍ ടെക്നോപാര്‍ക്കില്‍ സന്ദര്‍ശനം നടത്തി. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് ടെക്നോപാര്‍ക്കിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഉന്നതതല സംഘത്തിന്‍റെ സന്ദര്‍ശനം.
ടെല്‍കോടെക് സൊല്യൂഷന്‍സ് ഹബ്ബ് ചെയര്‍മാന്‍ വില്‍ഹെം ഫൈഫര്‍, ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരുമായി (റിട്ട) കൂടിക്കാഴ്ച്ച നടത്തി.
ടെക്നോപാര്‍ക്കിന്‍റെ ഊര്‍ജ്ജസ്വലമായ ഐടി ആവാസവ്യവസ്ഥയില്‍ മതിപ്പ് പ്രകടിപ്പിച്ച ഫൈഫര്‍ ആഗോള ഐടി, ഐടിഇഎസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ടെക്നോപാര്‍ക്കിന്‍റെ സൗകര്യങ്ങള്‍ കൂടുതലായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞു.
സര്‍ക്കാരിന്‍റെ പിന്തുണയുള്ള ഐടി ആവാസവ്യവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും മേഖലയുമായി ബന്ധപ്പെട്ട പങ്കാളികള്‍ തലസ്ഥാന നഗരത്തില്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നത് ഗുണം ചെയ്യുന്നതായും ടെക്നോപാര്‍ക്കിന്‍റെ സവിശേഷതകള്‍ സംബന്ധിച്ചുള്ള അവതരണത്തിനിടെ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു.
ലോകോത്തര നിരവാരമുളള അടിസ്ഥാന സൗകര്യങ്ങള്‍, കഴിവുള്ള പ്രൊഫഷണലുകള്‍, മികച്ച ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങള്‍, ഗതാഗത സൗകര്യം തുടങ്ങി നിക്ഷേപകര്‍ക്ക് ആവശ്യമുള്ളതെല്ലാം തലസ്ഥാനത്ത് ലഭ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതിയും സാങ്കേതികവിദ്യയും കൂട്ടിച്ചേര്‍ക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ സ്ഥാപിക്കുന്നതിന് ഇവിടെ മികച്ച സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെക്നോപാര്‍ക്കിലെ കമ്പനികള്‍ സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയുടെ ഏറ്റവും മികച്ച അംബാസഡര്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഎഎ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ജിഎംബിഎച്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാന്ദ്ര ലാസ്നിഗ്, ടെല്‍കോടെക് പ്രതിനിധികളായ മാര്‍ട്ടിന്‍ ലെഗ്ഗെന്‍ഹാഗര്‍, മാര്‍ക്കസ് ബ്രൂപ്ബാച്ചര്‍, എഎഎ സെയില്‍സ് ഡയറക്ടര്‍ തോമസ് മുള്ളര്‍, ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡിജിഎം വസന്ത് വരദ എന്നിവര്‍ പങ്കെടുത്തു.
ടെല്‍കോടെക്കിന്‍റെ മാത്യകമ്പനിയാണ് പ്രമുഖ സോഴ്സിംഗ് അഡ്വൈെസറായ എഎഎ സെയില്‍സ്. സ്വിസ്-ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അംഗവുമാണ്.
സ്വിറ്റ്സര്‍ലന്‍ഡിലെ ബാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെല്‍കോടെക് ഐടി, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നു.