/sathyam/media/media_files/2026/02/09/pic-2-2026-02-09-13-29-19.jpeg)
കോഴിക്കോട്: ആഗോള ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ കേരളത്തെ വേറിട്ട് നിറുത്തുന്നത് അതിന്‍റെ ജനകീയ മാതൃകയാണെന്ന് കോഴിക്കോട് സമാപിച്ച ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പ്രതിനിധികളും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും അഭിപ്രായപ്പെട്ടു. ഉത്തരവാദിത്ത ടൂറിസത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് പോലും കേരളത്തിന്‍റെ മാതൃകയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ഉത്തരവാദിത്ത ടൂറിസം മേഖലയിലെ മുന്‍നിര രാജ്യമായിട്ടാണ് ലോകം സിംഗപ്പൂരിനെ കണക്കാക്കുന്നതെന്ന് ആ രാജ്യത്തെ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം ഡയറക്ടര്‍ കെവിന്‍ ഫുന്‍ പറഞ്ഞു. എന്നാല്‍ സിംഗപ്പൂരിന്‍റെ കഥ കൂടുതലായും മാലിന്യസംസ്ക്കരണത്തിലെ സുസ്ഥിര മാതൃകകളുമായി ബന്ധപ്പെട്ടാണ്. അവിടുത്തെ ടൂറിസം വ്യവസായത്തിന്‍റെ പ്രത്യേക സ്വഭാവം നിമിത്തം സമൂഹപങ്കാളിത്തം കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തിലെ ആര്‍ടി ടൂറിസം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ആളുകളുടെ പങ്കാളിത്തം ഇവിടെ ധാരാളമായുണ്ട്. അവരുടെ ജീവിതനിലവാരം ഗണ്യമായി ഉയര്‍ത്തുന്നതില്‍ വിജയിച്ചതിനാല്‍ തന്നെ ഇതൊരു ആഗോളമാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസത്തിന്‍റെ അടിസ്ഥാനം തന്നെ ഗ്രാമീണ ടൂറിസമാണെന്ന് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വികസനത്തെക്കുറിച്ച് അവതരണം നടത്തിയ അസോസിയേഷന്‍ ഫോര്‍ കണ്‍സെര്‍വേഷന്‍ ആന്‍ഡ് ടൂറിസം കോ-ഓര്‍ഡിനേറ്റര്‍ ഓഷാന്‍ ലെപ്ച ചൂണ്ടിക്കാട്ടി. വിദൂര ഗ്രാമങ്ങളിലുള്ളവരെ നാഗരികതയുടെ സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ് ആദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ മാതൃകയില്‍ നിന്നാണ് ഗ്രാമങ്ങളില്‍ നിന്നു തന്നെ വികസനം സാധ്യമാക്കാമെന്ന ആശയം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരള ടൂറിസത്തിന്‍റെ ആര്‍ടി പദ്ധതികളെക്കുറിച്ചുള്ള പത്രവാര്‍ത്തയില്‍ നിന്നാണ് ഹിമാചല്‍ പ്രദേശിലെ ടൂറിസം മേഖലയില്‍ ഉത്തരവാദിത്ത ടൂറിസം ശീലങ്ങള്‍ സ്വായത്തമാക്കുന്ന വിപ്ലവം ആരംഭിച്ചതെന്ന് എച്ടുഒ ഹൗസിന്‍റെ സഹസ്ഥാപക രേണു ശര്‍മ്മ ചൂണ്ടിക്കാട്ടി. സ്വന്തം റിസോര്‍ട്ടില്‍ ആര്‍ടി പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന ആര്‍ടിമിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ് കുമാറിന്‍റെ പൂര്‍ണ സഹകരണമുണ്ടായിരുന്നുവെന്ന് അവര്‍ ഓര്‍ത്തു. കുടുംബശ്രീ മാതൃകയിലുള്ള സമൂഹ അടുക്കളയിലൂടെയാണ് അവിടെ ആര്‍ടി ശീലങ്ങള്‍ ആരംഭിച്ചത്. ഇന്ന് ഹിമാചല്‍ പ്രദേശിലെ എല്ലാ പ്രദേശത്തും മിസ്റ്റിക് വില്ലേജ് എന്ന പദ്ധതി സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഹോംസ്റ്റേ നെറ്റ് വര്‍ക്ക് നേപ്പാളിന്‍റെ പ്രൊഡക്ട് ഡെവലപ്മന്‍റ് മേധാവി പുഷ്പ ഥാപ, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് തുടങ്ങിയവരും അവതരണങ്ങള്‍ നടത്തി.
കേരള ടൂറിസം അഡി. സെക്രട്ടറി ജഗദീഷ് ഡി, കേരള ആര്‍ടി മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ് കുമാര്‍, തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ സംസാരിച്ചു.
പൊതുയിടങ്ങളില്‍ വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് വുമെന്‍ ഫോര്‍വേള്‍ഡ് ടൂര്‍സ് സ്ഥാപക കോമള്‍ ദാരിയ ചൂണ്ടിക്കാട്ടി. ലിംഗസമത്വ- വനിതാ സൗഹൃ ടൂറിസം എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ടൂറിസത്തെയും പൈതൃക-സാംസ്ക്കാരിക പരിപാടികളെയും ബന്ധിപ്പിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുഎന്‍ വിമന്‍റെ കണ്‍ട്രി പ്രോഗ്രാം മാനേജര്‍ വേദ ഭരദ്വാജ ചൂണ്ടിക്കാട്ടി. പല പൈതൃകപരിപാടികളും സ്ത്രീകളെ മാറ്റി നിറുത്തുന്ന രീതി കാണാറുണ്ടെന്നും അവര്‍ പറഞ്ഞു. സാമ്പത്തികമായി ശാക്തീകരിക്കുന്നതാണ് ലിംഗസമത്വത്തിന് ഏറ്റവും പ്രധാനമെന്ന് ജപ്പാനിലെ നാരാ സര്‍വകലാശാലയിലെ അസോ. പ്രൊഫസര്‍ നിര്‍മല രണസിംഗെ ചൂണ്ടിക്കാട്ടി. കേരളത്തിലെ ആര്‍ടി ഉദ്യമങ്ങള്‍ ഈ ദിശയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.
വനിതാ ടൂറിസം സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പിന്തുണ ആവശ്യമാണെന്ന് കമ്മ്യൂണിറ്റി ഹോംസ്റ്റെ നെറ്റ് വര്‍ക്ക് സിഇഒ ആയുഷ പ്രസേന്‍ ചൂണ്ടിക്കാട്ടി. ടൂറിസം മേഖല വനിതാസൗഹൃദമാണെന്ന യാഥാര്‍ഥ്യം സമൂഹത്തില്‍ ഊട്ടിയുറപ്പിക്കാന്‍ സ്വകാര്യമേഖലയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ഇംപെരിയന്‍സ് ഹോട്ടല്‍സ് സ്ഥാപകന്‍ ദിലീപ് കുമാര്‍ പറഞ്ഞു.
വനിതാസൗഹൃദ താമസസ്ഥലങ്ങളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ റേറ്റിംഗുകളില്‍ ജാഗ്രത വേണമെന്ന് എസ്കേപ് നൗ സ്ഥാപക ഇന്ദു കൃഷ്ണ പറഞ്ഞു. സുസ്ഥിരവികസനത്തില്‍ ഇന്‍ക്ലൂസിവ് ടൂറിസം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആതിഥേയ വ്യവസായത്തിലെ ജീവനക്കാരില്‍ വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് പാരിസ് ആസ്ഥാനമായ ഹോംസ്റ്റേ ശൃംഖലയുടെ മേധാവി അനിക് സാന്‍സോനി ചൂണ്ടിക്കാട്ടി. ഹോംസ്റ്റേകളില്‍ വിപ്ലവം സൃഷ്ടിച്ച പാരീസ് മാതൃകയുടെ അടിസ്ഥാനം തന്നെ വനിതകള്‍ നേതൃനിരയിലുണ്ടായിരുന്നു എന്നതാണെന്ന് അവര്‍ പറഞ്ഞു.
വ്യക്തിപരമായി പോലും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ വനിതാസമൂഹത്തിന് നേരെയുള്ളതാണെന്ന് തിരിച്ചറിയണമെന്ന് ലെറ്റ്സ് ഗോ ഫോര്‍ എ ക്യാമ്പ് സ്ഥാപക ഗീതു മോഹന്‍ദാസ് പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ടൂറിസം ശീലങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കാനുള്ള ശുപാര്‍ശകള്‍ പ്രായോഗികമാകണമെന്ന് ഐആര്‍സിടി ഗ്ലോബല്‍ ഡയറക്ടര്‍ മനീഷ പാണ്ഡേ ചൂണ്ടിക്കാട്ടി. സങ്കീര്‍ണമായ സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അവര്‍ പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസത്തിലെ വിജയമാതൃകകളിലെക്കുറിച്ച് കേരള ആര്‍ടി മിഷന്‍ റിസോഴ്സ് പേഴ്സണ്‍ പ്രൊഫ. മിനു എം ഗോപാല്‍, ആര്‍ടി മേഖലയില്‍ ടൂറിസം വ്യവസായത്തിന്‍റെ പങ്കിനെക്കുറിച്ച് കേരള ട്രാവല്‍ മാര്‍ട്ട് സെക്രട്ടറി എസ് സ്വാമിനാഥന്‍, ബേക്കല്‍ ടൂറിസത്തിന്‍റെ വിജയമാതൃകയെക്കുറിച്ച് ബിആര്‍ഡിസി എംഡി ഷിജിന്‍ പറമ്പത്ത്, ബേപ്പൂരിനെക്കുറിച്ച് ആര്‍ടി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകലാ ലക്ഷ്മി, അഗ്രി ടൂറിസത്തെക്കുറിച്ച് വെസ്റ്റേണ്‍ഘാട്ട്സ് ട്രോപ്പിക്കല്‍ സ്ഥാപകന്‍ വില്യംസ് മാത്യൂ, കവ്വായി സ്റ്റോറീസ് സ്ഥാപകന്‍ രാഹുല്‍ നാരായണന്‍ എന്നിവര്‍ അവതരണം നടത്തി.
ഉത്തരവാദിത്ത ടൂറിസത്തില്‍ സുസ്ഥിര മാര്‍ക്കറ്റിംഗ് എന്ന വിഷയത്തില്‍ മനീഷ പാണ്ഡേ, ട്രീന്‍ ട്രാവലര്‍ മീഡിയ ഡയറക്ടര്‍ റിച്മണ്ട് ഹാമണ്ട്, ആസ്ട്രേലിയയിലെ സിഎം കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കാസി മീഡ്, സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് എക്സി. ക്രിയേറ്റീവ് ഡയറക്ടര്‍ ഷെല്‍ട്ടന്‍ പിന്‍ഹിറോ, കെടിഎം അംഗം വാഞ്ചീശ്വരന്‍, വെബ്സിആര്‍എസ് സ്ഥാപകന്‍ നീലകണ്ഠ് പരാരത്ത്, ഡെക്സിയന്‍ ഇന്ത്യ സബ്ജക്ട് മാറ്റര്‍ എക്സപര്‍ട്ട് രാജന്‍ റായി തുടങ്ങിയവര്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us