/sathyam/media/media_files/2025/02/04/3b12upC5P6IMx0cAjPRK.jpg)
സമൂഹത്തില്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഒറ്റയ്ക്ക് ചെയ്യേണ്ടതല്ലെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം മിനി സുകുമാര്‍ പറഞ്ഞു. ഇത് ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് മാത്രം ചെയ്യേണ്ടതോ നിലവിലുള്ളതിനോട് കൂട്ടിച്ചേര്‍ക്കേണ്ടതോ അല്ല. മറിച്ച് എല്ലാ മേഖലകളിലുമുള്ള സമഗ്രമായ സമീപനമാണ് വേണ്ടത്. പരസ്പരബന്ധിതമായ ഈ കാര്യങ്ങള്‍ മികച്ച രീതിയില്‍ സംയോജിപ്പിക്കാന്‍ ടൂറിസം മേഖലയ്ക്ക് സാധിക്കും. ഇതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും കൂട്ടായ ആലോചനയും നടപ്പാക്കുന്നതിലെ ഐക്യവും ആവശ്യമാണ്.
കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനം നടക്കുന്ന മേഖലകളിലൊന്നാണ് ടൂറിസമെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം അത് അംഗീകരിച്ചിട്ടുണ്ടെന്നും മിനി സുകുമാര്‍ ചൂണ്ടിക്കാട്ടി. ഏറ്റവുമധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതും ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നതും ഏറ്റവും കുറച്ച് മാലിന്യമുണ്ടാക്കുന്നതുമായ മേഖലയായി വളരുന്ന മേഖലയായി ടൂറിസത്തെ അംഗീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും തൊഴിലിടങ്ങളും പൊതുവിടങ്ങളും ഉറപ്പാക്കുകയെന്നത് പ്രധാനമാണ്. ഇതിലൂടെ സ്ത്രീകള്‍ക്ക് കൂടുതലായി സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കൈവരും. ജെന്‍ഡര്‍ ഇന്‍ക്ലുസിവ് ടൂറിസം എന്ന ആശയം സംസ്ഥാനത്ത് അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. കൂടുതല്‍ സ്ത്രീകള്‍ ധൈര്യപൂര്‍വ്വം ടൂറിസം മേഖലയിലേക്ക് വരികയും മേഖലയെ പ്രത്യാശാപൂര്‍വ്വം കാണുകയും ചെയ്യുന്നു. ഇത് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കണമെന്നും അവര്‍ വ്യക്തമാക്കി.
ടൂറിസം മേഖലയിലേക്ക് സംരംഭകരായും യാത്രികരായും ഒട്ടേറെ സ്ത്രീകള്‍ കടന്നുവരുന്നവരുണ്ടെന്നും. അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഉള്‍പ്പെടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ടെന്നും സെമിനാറില്‍ മോഡറേറ്ററായിരുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. അപ്പോള്‍ ടൂറിസം മേഖലയിലെ സ്ത്രീപങ്കാളിത്തം കൂടുതല്‍ വര്‍ധിക്കും. അത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ആകെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതു രാജ്യത്തായാലും വനിതാ യാത്രികര്‍ക്കു ഭയമില്ലാതെ യാത്ര ചെയ്യാനാകുന്ന സാഹചര്യം സൃഷ്ടിക്കുന്നത് പ്രധാനമാണെന്ന് ട്രാവല്‍ ബ്ലോഗര്‍ രമ്യ എസ് ആനന്ദ് പറഞ്ഞു. കേരളം നടപ്പാക്കുന്ന ജെന്‍ഡര്‍ ടൂറിസം ആശയം ഇതിന് അനുകൂലമാണ്. വിദേശത്തുനിന്ന് വരുന്നവര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികളോടുള്ള പെരുമാറ്റം, യാത്രാസൗകര്യങ്ങള്‍, ശുചിത്വം എന്നിവ പ്രധാനമാണ്. അതിനെക്കുറിച്ചുള്ള അവബോധം പൊതുസമൂഹത്തില്‍ സൃഷ്ടിക്കേണ്ടത് ടൂറിസം വികസനത്തില്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം വളര്‍ച്ച പ്രാപിച്ച മേഖലയാണ് ടൂറിസമെന്ന് ഡോക്യുമെന്‍ററി ഫിലിം മേക്കറും ട്രാവലറുമായ ബിന്ദു സാജന്‍ പറഞ്ഞു. ടൂറിസം മേഖലയിലേക്ക് സ്ത്രീകള്‍ സംരംഭകരായും യാത്രികരായും കടന്നുവരുന്നതില്‍ പൊതുസമൂഹത്തിന്‍റെ സമീപനം പ്രധാനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തുടനീളമുള്ള ഉത്തരവാദിത്ത ടൂറിസം (ആര്‍ടി) യൂണിറ്റുകള്‍, ആര്‍ടി സംരംഭകര്‍, പ്രവര്‍ത്തകര്‍, വ്യവസായ പങ്കാളികള്‍ തുടങ്ങിയവര്‍ മേളയുടെ ഭാഗമാണ്. ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകള്‍ ഒരുക്കിയ ഉല്‍പ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും 120 പ്രദര്‍ശന വിപണന സ്റ്റാളുകള്‍ ഫെസ്റ്റിലുണ്ട്. അഞ്ചു ദിവസത്തെ മേള ഇന്ന് (ഫെബ്രുവരി 15) കനകക്കുന്നില്‍ സമാപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us