രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായകമായ കൃത്രിമ മിറര്‍-ഇമേജ് നാനോപോറുകള്‍ വികസിപ്പിച്ച് ആര്‍ജിസിബി ഗവേഷകര്‍

കാന്‍സര്‍ ചികിത്സയ്ക്കും അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളെ മുന്‍കൂട്ടി കണ്ടെത്തുന്നതിന് സഹായകം

New Update
Pic
തിരുവനന്തപുരം: രോഗകാരികളായ ന്‍മാത്രകളെ കണ്ടെത്താനും രോഗ കോശങ്ങളെ നശിപ്പിക്കാനും സഹായകമായ കൃത്രിമ മിറര്‍-ഇമേജ് നാനോപോറുകള്‍ വികസിപ്പിച്ച് ബ്രിക്-ആര്‍ജിസിബി ഗവേഷകര്‍.
Advertisment
 
അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങളെ മുന്‍കൂട്ടി കണ്ടെത്തുന്നതിനും വ്യക്തിഗത രോഗനിര്‍ണയത്തിനും ഇത് സഹായിക്കും. ആന്‍റി-കാന്‍സര്‍ ഡ്രഗ് നിര്‍മ്മിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങളിലൊന്നായി ഇതിനെ കണക്കാക്കാം. അന്താരാഷ്ട്ര പ്രശസ്തമായ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേര്‍ണലിന്‍റെ പുതിയ പതിപ്പില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബ്രിക്-ആര്‍ജിസിബി ഫാക്കല്‍റ്റി ശാസ്ത്രജ്ഞനായ ഡോ. മഹേന്ദ്രന്‍ കെആറിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ഡിപിപോര്‍എ എന്നറിയപ്പെടുന്ന കൃത്രിമ മിറര്‍-ഇമേജ് നാനോപോറുകള്‍ വികസിപ്പിച്ചത്.
 
സിന്തറ്റിക് പെപ്റ്റൈഡുകളില്‍ നിന്നാണ് ശരീര കോശങ്ങളിലെ സ്തരങ്ങളില്‍ കാണപ്പെടുന്ന ചെറിയ സുഷിരങ്ങളായ നാനോപോറുകള്‍ നിര്‍മ്മിച്ചത്. പ്രകൃതിദത്ത പ്രോട്ടീനുകളുടെ ഘടനാപരമായ രൂപത്തിന്‍റെ കണ്ണാടി പ്രതിബിംബമാണ് കൃത്രിമ മിറര്‍-ഇമേജ് നാനോപോറുകള്‍ക്കുള്ളത്.

ഈ സിന്തറ്റിക് പെപ്റ്റൈഡുകള്‍ ജീവനുള്ള കോശങ്ങളുമായി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഗവേഷകര്‍ പഠനവിധേയമാക്കി. കൃത്രിമ മിറര്‍-ഇമേജ് നാനോപോറുകള്‍ കാന്‍സര്‍ കോശങ്ങളെ തിരഞ്ഞെടുത്ത് നശിപ്പിക്കുകയും ആരോഗ്യമുള്ള കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി. ഈ സിന്തറ്റിക് സുഷിരങ്ങളെ കാന്‍സര്‍ ചികിത്സാമാര്‍ഗമായി വികസിപ്പിക്കാന്‍ കഴിയും.

നൂതന കൃത്രിമ മിറര്‍-ഇമേജ് നാനോപോറുകള്‍ ഉപയോഗിച്ച് ശരീരത്തിലെ ചെറിയ ഗ്ലൂക്കോസ് ന്‍മാത്രകള്‍ മുതല്‍ വലിയ പ്രോട്ടീനുകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ജൈവന്‍മാത്രകള്‍ നമുക്ക് കണ്ടെത്താന്‍ കഴിയുമെന്ന് ഡോ. മഹേന്ദ്രന്‍ കെ ആര്‍ പറഞ്ഞു. കാന്‍സര്‍, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗചികിത്സയ്ക്കായി പഠന ഫലങ്ങള്‍ വികസിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്യാധുനിക പഠനമേഖലകളായ സിന്തറ്റിക് നാനോ ടെക്നോളജി, കാന്‍സര്‍ ബയോളജി എന്നിവ സംയോജിപ്പിച്ച് രോഗനിര്‍ണയം സാധ്യമാക്കാന്‍ ഈ കണ്ടെത്തലിലൂടെ സാധിക്കും. നാനോബയോടെക്നോളജി മേഖലയിലെ ഭാവി ഗവേഷണങ്ങള്‍ക്കും ഇത് വലിയ മുതല്‍ക്കൂട്ടാകും.

കൃത്രിമ മിറര്‍-ഇമേജ് നാനോപോറുകള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഇതിനു പിന്നിലെ ടീമിനെ അഭിനന്ദിക്കുന്നതായും ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രോഗങ്ങളുടെ പ്രാരംഭഘട്ട കണ്ടെത്തലിനും വ്യക്തിഗത രോഗനിര്‍ണയത്തിനും കൃത്രിമ മിറര്‍-ഇമേജ് നാനോപോറുകള്‍ സഹായകമാകും.

അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങി നാഡീസംബന്ധമായ രോഗങ്ങളെ മുന്‍കൂട്ടി കണ്ടെത്തുന്നതിനൊപ്പം ആരോഗ്യകരമായ കോശങ്ങള്‍ക്ക് ദോഷം വരുത്താതെ പുതിയ കാന്‍സര്‍ ചികിത്സാമാര്‍ഗമായി വികസിപ്പിക്കാനുള്ള വലിയ സാധ്യത ഈ പഠനത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. ഹര്‍ഷ ബജാജ്സ് ഗ്രൂപ്പ് (സിഎസ്ഐആര്‍, എന്‍ഐഐഎസ്ടി തിരുവനന്തപുരം), ഡോ. ഉള്‍റിച്ച് ക്ലീനിക്കാത്തോഫര്‍സ് ഗ്രൂപ്പ് (കണ്‍സ്ട്രക്ടര്‍ യൂണിവേഴ്സിറ്റി, ജര്‍മ്മനി), ഡോ. രാധിക നായര്‍സ് ഗ്രൂപ്പ് (സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ ജനിറ്റിക്സ്, ബെംഗളൂരു) എന്നിവയുമായി സഹകരിച്ചാണ് പഠനം നടത്തിയത്.

കേന്ദ്ര ബയോടെക്നോളജി വകുപ്പ്, സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ,കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്  എന്നിവയില്‍ നിന്നുള്ള ധനസഹായവും ഗവേഷണ പഠനത്തിന് ലഭിച്ചു.
Advertisment