/sathyam/media/media_files/2025/08/21/rini_george210825-2025-08-21-15-22-14.jpg)
തിരുവനന്തപുരം:യുവനേതാവിനെതിരായ ആരോപണങ്ങൾക്കിടെ വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ച് യുവനടി റിനി ആൻ ജോർജ്. തൻ്റെ പോരാട്ടം ഒരാളോടല്ല, എല്ലാ സ്ത്രീകൾക്കും വേണ്ടിയാണെന്ന് വ്യക്തമാക്കി. നേതാവിൻ്റെ പേര് ഇപ്പോഴും വെളിപ്പെടുത്താനില്ലെന്നും അവൾ കൂട്ടിച്ചേർത്തു.
ഒരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ പേരെടുത്ത് പറയാനല്ല താൻ ശ്രമിക്കുന്നതെന്ന് റിനി വ്യക്തമാക്കി. തന്റെ യുദ്ധം സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെയാണെന്നും രാഷ്ട്രീയ നേതാക്കൾ എങ്ങനെയായിരിക്കണമെന്നതാണ് തന്റെ വിഷയം എന്നും അവർ പറഞ്ഞു.
യുവനേതാവിന്റെ ഭാഗത്തു നിന്ന് അശ്ലീല സന്ദേശങ്ങൾ നിരന്തരം ലഭിച്ചതായി റിനി ആരോപിച്ചു. മൂന്നു വർഷം മുമ്പാണ് ആദ്യ അനുഭവം ഉണ്ടായത്. നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും, പുറത്തുപറയാമെന്ന ഭീഷണിക്ക് നേതാവ് "ഹു കേയേഴ്‌സ്" എന്ന മറുപടിയാണ് നൽകിയത് എന്നും റിനി വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെയാണ് പരിചയം ഉണ്ടായത്. തുടക്കം മുതൽ തന്നെ മോശം പെരുമാറ്റം ഉണ്ടായിരുന്നുവെന്നും പിന്നീട് കുറച്ചു കാലം പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്നും റിനി പറഞ്ഞു.
ഈ നേതാവിൽ നിന്ന് പീഡനം നേരിട്ട മറ്റു പെൺകുട്ടികളും ഉണ്ടെന്നും, പലർക്കും തുറന്ന് പറയാൻ മടിയാണെന്നും, അവർ മുന്നോട്ട് വരണമെന്നും അവൾ അഭ്യർത്ഥിച്ചു. നേതാവിൻ്റെ പേര് പറയാത്തത്, ആ പ്രസ്ഥാനത്തോടുള്ള ബന്ധം കൊണ്ടാണെന്നും പാർട്ടി തന്നെ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും റിനി കൂട്ടിച്ചേർത്തു.