/sathyam/media/media_files/2025/12/10/ruthik-ghatak-2-2025-12-10-13-41-42.jpg)
തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ ഇതിഹാസ പ്രതിഭ ഋത്വിക് ഘട്ടക്കിന് 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) ആദരം.
ബംഗാൾ വിഭജനത്തിൻ്റെ ആഘാതവും കുടിയൊഴിപ്പിക്കലിൻ്റെ വേദനകളും രാഷ്ട്രീയ സാമൂഹിക യാഥാർത്ഥ്യങ്ങളും ആഴത്തിൽ പകർത്തിയ ഘട്ടക്കിന്റെ നാല് വിഖ്യാത ബംഗാളി ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.
ഘട്ടക്കിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന 'മേഘേ ധാക്ക താരാ' (1960) ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രം. കുടുംബത്തിന് വേണ്ടി സ്വന്തം സ്വപ്‌നങ്ങൾ ബലികഴിക്കുന്ന അഭയാർത്ഥി യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.
രാഷ്ട്രീയപരമായ ആശയ സംഘട്ടനങ്ങളും പ്രണയത്തിൻ്റെ തീവ്രതയും ചർച്ച ചെയ്യുന്ന 'കോമൾ ഗാന്ധാർ' (1961) വിഭജനാനന്തര ബംഗാളിലെ സാംസ്കാരിക പ്രതിസന്ധികളെയും പുരോഗമന നാടകപ്രവർത്തകരുടെ ആദർശങ്ങളെയും വരച്ചുകാട്ടുന്നു.
അഭയാർത്ഥികളായ സഹോദരങ്ങളെ പിന്തുടരുന്ന 'സുബർണ്ണരേഖ' (1965), കൊൽക്കത്തയിലെ ധാർമ്മികച്യുതിയുടെയും അഴിമതിയുടെയും പശ്ചാത്തലത്തിൽ പുതിയ ജീവിതം കെട്ടിപ്പടുക്കാൻ നടത്തുന്ന പോരാട്ടത്തെ ശക്തമായ യാഥാർത്ഥ്യബോധത്തോടെ ചിത്രീകരിക്കുന്നു. ഈ ചിത്രത്തിന് രണ്ടാമത്തെ മികച്ച ഫീച്ചർ ഫിലിമിനുള്ള സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് ലഭിച്ചിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/12/10/ruthik-ghatak-2025-12-10-13-41-53.jpg)
ഘട്ടക് പൂർത്തിയാക്കിയ അവസാനത്തെ ചിത്രം 'തിതാഷ് ഏക്തി നദിർ നാം' (1973) ആണ് ഈ വിഭാഗത്തിലെ മറ്റൊരു മാസ്റ്റർപീസ്.
അദ്വൈത മല്ലബർമ്മൻ്റെ നോവലിനെ ആധാരമാക്കിയുള്ള ഈ കാവ്യാത്മക ചിത്രം, വിഭജനത്തിന് മുൻപുള്ള കിഴക്കൻ ബംഗാളിലെ തിതാഷ് നദിയോരത്തെ മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട സാമൂഹിക സൗഹൃദത്തിൻ്റെ കഥയാണ്.
ചിത്രത്തിലൂടെ ബംഗ്ലാദേശ് സിനി ജേണലിസ്റ്റ് അസോസിയേഷൻ്റെ മികച്ച സംവിധായകനുള്ള പുരസ്കാരം ഘട്ടക്കിന് ലഭിച്ചു.
സ്വന്തം ജനതയുടെ കണ്ണീരും ചരിത്രത്തിൻ്റെ മുറിപ്പാടുകളും ഋത്വിക് ഘട്ടക് തൻ്റെ സിനിമകളിലൂടെ ലോകത്തിനുമുന്നിൽ തുറന്നുകാട്ടി.
വ്യക്തിപരമായ വേദനകളെ സാർവത്രികമായ രാഷ്ട്രീയ കവിതയാക്കി മാറ്റിയ ഋത്വിക് ഘട്ടകിൻ്റെ സിനിമാ പ്രതിഭ ഈ ചിത്രങ്ങളിലൂടെ ഐഎഫ്എഫ്കെ വീണ്ടും അടയാളപ്പെടുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us