ചേര്‍ത്തല: യുവതിയില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച് ഒളിവില്‍ പോയ ദമ്പതികള്‍ 12 വര്‍ഷത്തിനുശേഷം പിടിയില്‍. കുത്തിയതോട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കരോട്ടു പറമ്പില്‍ സതീശന്‍ (48), ഭാര്യ തൃശൂര്‍ മേലൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡില്‍ അയ്യന്‍ പറമ്പില്‍ വീട്ടില്‍ പ്രസീത( 44 ) എന്നിവരെയാണ് ചേര്‍ത്തല പൊലീസ് പിടികൂടിയത്. തൃപ്പൂണിതുറയില്‍ വെച്ചായിരുന്നു അറസ്റ്റ്.
ചേര്‍ത്തല കളവംകോടം സ്വദേശിനിയായ യുവതിയില്‍ നിന്നുമാണ് ഇവര്‍ പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചത്. പെട്ടെന്ന് ജോലി കിട്ടുന്നതിനായി 32,500 രൂപ അടുക്കളയില്‍ സൂക്ഷിക്കണമെന്നും 35,000 രൂപ കട്ടിലിന്റെ കാലില്‍ കെട്ടി വയ്ക്കണമെന്നും, 15,000 രൂപ വില വരുന്ന സ്വര്‍ണത്താലിയും ലോക്കറ്റും അലമാരയ്ക്കുള്ളില്‍ സൂക്ഷിക്കണമെന്നും പറഞ്ഞു പറ്റിച്ചാണ് കളവ് നടത്തിയത്.
പ്രതികള്‍ പറഞ്ഞതനുസരിച്ച് യുവതി അവര്‍ കൊടുത്ത ചുവന്ന പട്ടുതുണികളില്‍ പണവും സ്വര്‍ണാഭരണങ്ങളും പൊതിഞ്ഞ് വീട്ടിലെ പല ഭാഗങ്ങളിലായി സൂക്ഷിച്ചു.
തുടര്‍ന്ന് രണ്ടുതവണകളായി ആറ് ദിവസത്തോളം പരാതിക്കാരിയുടെ വീട്ടില്‍ താമസിച്ച ശേഷം മോഷ്ടാക്കള്‍ തന്ത്രപൂര്‍വ്വം സ്വര്‍ണവും പണവും മോഷ്ടിച്ചെടുക്കുകയായിരുന്നു. തട്ടിപ്പ് മനസിലാക്കിയ യുവതി ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒന്നാം പ്രത്രിയായ സതീശനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാളുടെ ഭാര്യ ഒളിവില്‍ പോയിരുന്നു.