മലപ്പുറം: അടച്ചിട്ട വീട്ടില്‍ നിന്ന് 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും ഡയമണ്ടും മോഷണം പോയതായി പരാതി. മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂട്ടിലങ്ങാടി പഞ്ചായത്തില്‍ പടിഞ്ഞാറ്റുമുറി തിരുത്തുപറമ്പില്‍ പൂട്ടിക്കിടന്ന വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും മോഷണം പോയത്.
വര്‍ഷങ്ങളായി വിദേശത്ത് താമസിക്കുന്ന അഹമ്മദ് നസീര്‍ (62) ന്റെ വീട്ടിലാണ് മോഷണം നടന്നത്. മാര്‍ച്ച് 8-ന് വൈകുന്നേരം 5 മണിക്കും മാര്‍ച്ച് 9-ന് രാവിലെ 11 മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് പൊലീസ് വിശദമാക്കുന്നത്.
വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അഹമ്മദ് നസീര്‍ വിദേശത്തായതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ബഷീറാണ് പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.