തിരുവനന്തപുരം: കേരളത്തിൽ ക്ലീനിങ്ങിനായി റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യ വിമാനത്താവളമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഈ നേട്ടം വിമാനത്താവളത്തിന്റെ കരുത്തും മാനേജ്മെന്റ് കഴിവും ഉയർത്തുമെന്ന് വിമാനത്താവള ഡയറക്ടർ പറഞ്ഞു.
ഒരു മണിക്കൂറില്‍ 10,000 ചതുരശ്ര അടി വരെ ശുചീകരിക്കാന്‍ ശേഷിയുള്ള മൂന്ന് റോബോട്ടുകളാണ് ഇനി ടെര്‍മിനലിനുള്ളിലെ ശുചിത്വം ഉറപ്പാക്കുക.
ഓട്ടോമേറ്റഡ് സെന്‍സറുകള്‍ ഉപയോഗിച്ച് 360 ഡിഗ്രിയില്‍ തടസ്സങ്ങള്‍ ഒഴിവാക്കി കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളിലും എത്താനും സ്‌ക്രബിങ്, ഡ്രൈ മോപ്പിങ് എന്നിവ വഴി വൃത്തി ഉറപ്പാക്കാനും എസ്‌ഡി 45 ശ്രേണിയില്‍പ്പെട്ട റോബോട്ടുകള്‍ക്ക് കഴിയും.
45 ലിറ്റര്‍ ശുദ്ധജല ടാങ്കും 55 ലിറ്റര്‍ മലിനജല ടാങ്കും ഉള്ള ഈ റോബോട്ട് ഒറ്റ ചാര്‍ജില്‍ എട്ട് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും.
സാധാരണ ശുചീകരണത്തെ അപേക്ഷിച്ച് വെള്ളത്തിന്റെ ഉപയോഗം കുറയും. ബ്ലൂ ടൂത്ത് അല്ലെങ്കില്‍ വൈഫൈ ഉപയോഗിച്ച് സ്മാര്‍ട്ട് ഫോണുകള്‍ വഴി റോബോട്ടുകളെ നിയന്ത്രിക്കാനാകും.