കൂറ്റന്‍പാറ ഇക്കോടൂറിസം പദ്ധതിക്ക് ഏഴ് കോടി രൂപയുടെ അനുമതി

New Update
riyas
മലപ്പുറം: വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലെ തിരുവാലി നടുവത്ത് കൂറ്റന്‍പാറ ഇക്കോടൂറിസം പദ്ധതിയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏഴ് കോടി രൂപ അനുവദിച്ചു. കേരളത്തിലെ ഇക്കോടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകരുന്നതാണ് നവകേരള സദസ് നിര്‍ദ്ദേശിച്ച ഈ പദ്ധതി.

സംസ്ഥാനത്തെ ഇക്കോടൂറിസത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നതിനും പ്രാദേശിയ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ പ്രയോജനങ്ങള്‍ ലഭിക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.

മലപ്പുറം ജില്ലയില്‍ ഏറെ വിനോദസഞ്ചാര സാധ്യതകളുണ്ടെങ്കിലും അവ പൂര്‍ണമായി പ്രയോജനപ്പെടുത്തിയിട്ടില്ല. ഈ പദ്ധതി നടപ്പാകുന്നതോടെ കൂറ്റന്‍പാറയും പരിസര പ്രദേശങ്ങളും കൂടുതല്‍ ശ്രദ്ധ നേടുകയും പ്രകൃതിയിലും സാഹസികകതയിലും തത്പരരായ ധാരാളം ടൂറിസ്റ്റുകള്‍ ഇവിടേയ്ക്ക് ആകൃഷ്ടരാകുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സൈറ്റ് ഡെലവപ്‌മെന്റ്, ലാന്‍ഡ്‌സ്‌കേപ്പിംഗ്, ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കല്‍, ടോയ്‌ലറ്റ് ബ്ലോക്കുകളുടെ നിര്‍മ്മാണം, ഫുഡ് കോര്‍ട്ട്, സെക്യൂരിറ്റി ക്യാബിന്‍, ജിയോഡെസിക് ടെന്റുകള്‍, സിപ്പ് ലൈന്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍.

ടൂറിസം വകുപ്പിന്റെ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ക്ഷന്‍ കമ്മിറ്റിയാണ് പദ്ധതി നിര്‍ദ്ദേശം വിശദമായി പരിശോധിച്ച് അംഗീകരിച്ചത്.
Advertisment
Advertisment