/sathyam/media/media_files/2025/06/19/e37616b6-294a-4394-877c-03a8367abbed-2025-06-19-23-15-56.jpg)
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാരന് വിവരങ്ങൾ തൽക്ഷണം ലഭ്യമാക്കി സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ എ ഹക്കീം.
അമ്പലപ്പുഴ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിംഗിലാണ് കായംകുളം ഫയർ സ്റ്റേഷൻ അധികൃതരിൽ നിന്ന് വിവരങ്ങളടങ്ങിയ ഫയലിൻറെ കോപ്പികളും രേഖാപകർപ്പുകളും തൽക്ഷണം ലഭ്യമാക്കിയത്.
2023 നവംബർ ആറാം തീയതി തടവുകാരൻ തിരുവനന്തപുരത്ത് കമ്മീഷൻ ആസ്ഥാനത്തേക്ക് പരാതി സമർപ്പത്. വിവരാവകാശ അപേക്ഷ ജയിൽ അധികാരികൾ മുഖാന്തിരമാണ് കമ്മിഷന് ഹരജി ലഭിച്ചത്.
ഹിയറിങ് നോട്ടീസ് കക്ഷിക്ക് അയച്ചത് ജയിൽ അധികൃതർ കൈപ്പറ്റുകയും മൂന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ തടവുപുള്ളിയെ ആലപ്പുഴയിൽ എത്തിച്ച് കമ്മിഷന് മുൻപാകെ ഹാജരാക്കുകയുമായിരുന്നു.
വിവരാവകാശ അപേക്ഷകൻ എന്ന നിലയിൽ ഹർജിക്കാരന് പറയുവാനുള്ള എല്ലാ വിവരങ്ങളും വിശദമായി കേൾക്കാൻ കമ്മീഷൻ സമയം അനുവദിച്ചു.
എതിർകക്ഷിയായ കായംകുളം ഫയർസ്റ്റേഷനിലെ വിവരാധികാരി സമർപ്പിച്ച ഫയലുകളിൽ നിന്ന് കമ്മീഷൻ തെളിവെടുപ്പ് നടത്തുകയും രേഖകൾ തൽക്ഷണം നല്കാൻ നിർദ്ദേശിക്കുകയും ആയിരുന്നു.
തുടർന്ന് "രേഖകൾ എനിക്ക് ലഭ്യമായിട്ടുള്ളതാണ് എന്ന് സത്യമായി ബോധിപ്പിച്ചു കൊള്ളുന്നു "എന്ന് തടവുപുള്ളി എഴുതി നൽകുകയും ചെയ്തു.
കായംകുളം നഗരത്തിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയിൽ നടന്നുവരുന്ന കേസിന് ആസ്പദമായ തെളിവുകൾക്ക് വേണ്ടിയാണ് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.
കായംകുളം നഗരസഭയിൽ പാർപ്പിട നിർമ്മാണത്തിന് പെർമിഷൻ എടുത്ത ശേഷം വ്യാപാരമന്ദിരം പണിയുന്ന മേടമുക്കിലെ വ്യാപാരിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണം നിർത്താത്തത് സംബന്ധിച്ച് നിയമപരമായി കർശന നടപടി സ്വീകരിച്ചതിന്റെ രേഖകൾ ഹർജി കക്ഷിയായ അബ്ദുൾ റഷീദിന് ഒരാഴ്ചക്കകം ലഭ്യമാക്കുമെന്ന് നഗരസഭ അധികൃതർ കമ്മിഷൻ മുൻപാകെ അറിയിച്ചു.
കായംകുളം പൊലീസ് സ്റ്റേഷനിൽ ഒരു ദിവസത്തെ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട ഹർജിയിൽ ഉത്തരവാകാതെ വിശദ പരിശോധനയ്ക്കായി മാറ്റി. സ്ത്രീ പീഡന ആരോപണ പരാതിയിൽ ഉൾപ്പെട്ട ഹർജി കക്ഷിക്ക് ആവശ്യമെങ്കിൽ താൻ ഉൾപ്പെട്ട വീഡിയോ ഭാഗം മാത്രം നേരിൽ കാണാമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
ഒരു എയ്ഡഡ് സ്കൂളിലെ മാനേജർ വിവരാധികാരിയാണെന്ന് എ ഇ ഒ അവകാശപ്പെടുകയും അല്ല എന്ന് എതിർഭാഗം അഭിഭാഷക വാദിക്കുകയും ചെയ്ത കേസ് വീണ്ടും വാദം കേൾക്കാൻ ജൂലൈ അഞ്ചാം തീയതിയിലേക്ക് മാറ്റി.
ചേർത്തല നഗരസഭയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് ചട്ടപ്രകാരം ലഭിക്കേണ്ട കടമുറികളുടെ എണ്ണവും അനുമതിയും സംബന്ധിച്ച തർക്കത്തിൽ വിവരാവകാശ കമ്മിഷൻ വിവരങ്ങൾ നൽകാൻ നിർദ്ദേശിച്ചിട്ടും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല എന്ന പി സി ധനഞ്ജയന്റെ പരാതിയിൽ കമ്മീഷൻ വീണ്ടും വാദം കേട്ടു.
ധനഞ്ജയന് ആവശ്യമുള്ള മുഴുവൻ രേഖകളും ഓഫീസിൽ എത്തിയാൽ ഉടൻ നൽകുമെന്ന് എതിർകക്ഷികൾ കമ്മീഷനെ ബോധിപ്പിച്ചു.
നാഷണൽ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട് മൂന്നു മതിലുകൾ എടുത്തുകൊണ്ട് പോയ കേസും കമ്മീഷന് മുൻപാകെ എത്തി. രേഖയിൽ രണ്ടു മതിലുകൾ മാത്രമാണ് കാണിക്കുന്നത്.
ബാക്കി ഒരു മതിലിന്റെ കാര്യത്തിൽ പഞ്ചായത്ത് വിവരാധികാരിക്ക് മറുപടി നൽകാൻ കഴിയാതെ വന്നപ്പോൾ അവർ പിഡബ്ല്യുഡി, റവന്യൂ വകുപ്പുകളുടെ സഹായം തേടി. ഇരു വിഭാഗങ്ങളും സമർപ്പിച്ച രേഖകളിൽ രണ്ട് മതിൽ ഉണ്ട്.
തന്റെ മതിൽ പൊളിച്ച ശേഷമാണ് സ്കെച്ച് തയ്യാറാക്കിയത് എന്നാണ് എതിർകക്ഷിയുടെ വാദം. രേഖകൾ പരിശോധിച്ച് വ്യക്തമായ മറുപടി 14 ദിവസത്തിനകം നൽകാൻ കമ്മീഷൻ ഉത്തരവായി.
ആലപ്പുഴ നഗരസഭയിൽ ഒരേ നമ്പറിൽ ഉള്ള രണ്ട് കടമുറികളുടെ രജിസ്ട്രേഷൻ സംബന്ധിച്ച പരാതിയിൽ ഹിയറിങ്ങിന് ഹാജരാകാതിരുന്ന നഗരസഭ സെക്രട്ടറിയെ കമ്മീഷൻ വിളിച്ചുവരുത്തി. വിവരങ്ങൾ 10 ദിവസത്തിനുള്ളിൽ ലഭ്യമാക്കാമെന്ന് സെക്രട്ടറി കമ്മീഷനു മുൻപാകെ എഴുതി നൽകി.
ഹിയറിങ്ങിൽ ആകെ പരിഗണിച്ച 15 പരാതികളിൽ 14 എണ്ണവും തീർപ്പാക്കി. ഒരെണ്ണം ജൂലൈ അഞ്ചിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us